ന്യൂസ് ഡെസ്ക്

ഫുട്ബോളും കാണാം രണ്ടു ബിയറുമടിക്കാം എന്നു പ്ളാൻ ചെയ്തവരൊക്കെ നിരാശയിൽ. ഇഷ്ടപ്പെട്ട ബ്രാൻഡ് ബിയറിന് പകരം എന്തെങ്കിലുമൊക്കെ കുടിക്കേണ്ട സ്ഥിതിയാണ് ബ്രിട്ടനിലിപ്പോൾ. ബിയർ ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ബ്രിട്ടണിൽ വില്പനയിൽ റേഷനിംഗ് ഏർപ്പെടുത്തി. രാജ്യത്തെ പബ്ബുകളിൽ ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട ബ്രാൻഡുകൾ വേണ്ടത്ര കിട്ടാത്ത സ്ഥിതിയാണ്. ലോകകപ്പ് ഫുട്ബോൾ ജ്വരത്തിലമർന്നിരിക്കുന്ന ബ്രിട്ടീഷുകാർക്ക് ഇഷ്ട പാനീയമായ ബിയർ ആവശ്യത്തിന് ലഭ്യമാകുന്നില്ല. ജോൺ സ്മിത്ത്, സ്ട്രോങ്ങ്ബോ സൈഡർ ബിയറുകൾ പല പബ്ബിലും തീർന്നു കഴിഞ്ഞു. ഹെയ്നക്കിൻ ബിയറിനെയും ക്ഷാമം ബാധിച്ചു. വെതർ സ്പൂണിന്റെ മിക്കവാറും പബ്ബുകളിൽ ബിയർ ക്ഷാമം രൂക്ഷമാണ്.

ബിയർ നിർമ്മാണത്തിലുപയോഗിക്കുന്ന കാർബൺ ഡൈഓക്സൈഡിന്റെ ഉത്പാദനത്തിൽ വന്ന കുറവാണ് ബിയർ വ്യവസായത്തെ ബാധിച്ചത്. യുകെയിലെയും യൂറോപ്യൻ മെയിൻ ലാൻഡിലെയും പല ഫാക്ടറികൾ ഉത്പാദനം നിർത്തിയതാണ് കാർബൺ ഡൈഓക്സൈഡ് ഗ്യാസിന്റെ ക്ഷാമത്തിന് കാരണം. ബിയറിനെ കൂടാതെ ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രിയെയും കാർബൺ ഡൈഓക്സൈഡിന്റെ ഉത്പാദനകുറവ് ബാധിച്ചിട്ടുണ്ട്. പായ്ക്കഡ് ഫുഡ് കേടുകൂടാതെ സൂക്ഷിക്കുന്നതിനും സ്ളോട്ടർ ഹൗസുകളിൽ മയക്കു ഗ്യാസായും കാർബൺ ഡൈഓക്സൈഡ് വൻതോതിൽ ഉപയോഗിക്കാറുണ്ട്. കൊക്കകോള കമ്പനിയിൽ നിരവധി പ്രൊഡക്ഷൻ ലൈനുകൾ കാർബൺ ഡൈഓക്സൈഡിന്റെ ക്ഷാമം മൂലം നിർത്തി വച്ചു. മോറിസൺ അടക്കമുള്ള സൂപ്പർ മാർക്കറ്റുകളും ഫ്രോസൺ ഫുഡ് ഷോർട്ടേജ് ഭീക്ഷണിയിലാണ്.