ലണ്ടന്‍: ഒരേ പ്രായക്കാരായ സഹപാഠികളേക്കാള്‍ ഒന്നോ രണ്ടോ ഇഞ്ച് ഉയരക്കുറവുള്ള കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ പക്ഷാഘാതമുണ്ടാകാനുള്ള സാധ്യതയേറെയാണെന്ന് പഠനം. സ്ത്രീകളിലും പുരുഷന്‍മാരിലും മസ്തിഷ്‌കത്തിലെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ചുണ്ടാകുന്ന ഇസ്‌കീമിക് പക്ഷാഘാതവും പുരുഷന്‍മാരില്‍ രക്തക്കുഴലുകള്‍ പൊട്ടിയുണ്ടാകുന്ന ഹെമറാജിക് പക്ഷാഘാതത്തിനും സാധാരണയേക്കാള്‍ ഉയരം കുറഞ്ഞവര്‍ക്ക് സാധ്യതയേറെയാണെന്നാണ് വ്യക്തമാക്കപ്പെടുന്നത്. ഏഴ് വയസ് വരം പ്രായത്തില്‍ സാധാരണയിലും പൊക്കം കുറഞ്ഞ പെണ്‍കുട്ടികള്‍ക്ക് പ്രാപൂര്‍ത്തിയായാല്‍ പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത 11 ശതമാനം ഏറെയാണെന്നാണ് പഠനം പറയുന്നത്.

ഏഴ് വയസില്‍ ഉയരം കുറവായിരുന്ന പുരുഷന്‍മാര്‍ക്ക് ഇസ്‌കീമിക് പക്ഷാഘാതത്തിന് 10 ശതമാനം അധിക സാധ്യതയും ഹെമറാജിക് പക്ഷാഘാതത്തിന് 11 ശതമാനം സാധ്യതയുമാണ് ഉള്ളത്. ഏവ് വയസിനും 13 വയസിനുമിടയിലുള്ള വളര്‍ച്ച ഈ രോഗത്തിനുള്ള സാധ്യതയെ ബാധിക്കുന്നില്ലെന്നും ഡാനിഷ് സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. 1930നും 1989നും ഇടിയിലുള്ള കാലയളവില്‍ മൂന്ന് ലക്ഷം കുട്ടികളിലാണ് പഠനം നടത്തിയത്.

ഇവരില്‍ പകുതിയോളം പേരെ 31 വയസ് വരെ നിരീക്ഷണത്തിന് വിധേയരാക്കിയിരുന്നു. സാധാരണയിലും ഉയരക്കുറവ് ചെറുപ്പത്തില്‍ കാണപ്പെടുന്നവര്‍ കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്നു എന്നാണ് ഈ പഠനം വ്യക്തമാക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. പ്രായപൂര്‍ത്തിയാകുമ്പോളുണ്ടാകുന്ന ഉയരം ജനിതകമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഗര്‍ഭകാലത്ത് അമ്മ കഴിച്ച ഭക്ഷണം, കുട്ടിക്കാലത്തെ ഭക്ഷണം, മാനസിക സമ്മര്‍ദ്ദങ്ങള്‍, അണുബാധകള്‍ എന്നിവ ഇതിനെ ബാധിക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.