മ​ഹാ​രാ​ഷ്‌ട്രക്കാ​രി​ക്കു മ​ല​യാ​ളി ’കൈ​ കൊ​ടു​ത്തു’ അപകടത്തിൽ കൈകൾ മുറിഞ്ഞ പെൺകുട്ടിക്കു മരിച്ച മലയാളി യുവാവിന്റെ കൈകൾ ബസ്സ് അപകടത്തെ തുടർന്നു കൈകൾ മുറിച്ചുമാറ്റപ്പെട്ട പുണെ സ്വദേശി ശ്രേയ സിദ്ധനാഗൗഡർക്ക് (19) പുതിയ കൈകൾ. വാഹനാപകടത്തിൽ മരിച്ച രാജഗിരി കോളജിലെ വിദ്യാർഥി സച്ചിന്റെ കൈകളാണു ശ്രേയയ്ക്ക് അമൃത ആശുപത്രിയിൽ തുന്നിച്ചേർത്തു നൽകിയ കൈ മുട്ടിന് മുകളിൽനിന്നു കൈപ്പത്തിവരെയുള്ള ഭാഗം പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി വിഭാഗം മേധാവി ഡോ.സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിൽ മാറ്റിവച്ചു.

ഏഷ്യയിലെ ആദ്യത്തെ ‘അപ്പർ ആം ഡബിൾ ട്രാൻസ്പ്ലാന്റേഷൻ’ ശസ്ത്രക്രിയയാണിതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മുൻപ് ഇത്തരം ശസ്ത്രക്രിയ നടന്നിട്ടുള്ളത് അമേരിക്കയിലും ജർമനിയിലും പോളണ്ടിലും മെക്സിക്കോയിലും മാത്രമാണ്. എന്നാൽ, പുരുഷന്റെ കൈകൾ സ്ത്രീക്കു വച്ചുപിടിപ്പിക്കുന്ന ലോകത്തിലെ ആദ്യ ശസ്ത്രക്രിയയാണ് ഇതെന്നും ഡോക്ടർമാർ അറിയിച്ചു. ഫക്കിർഗൗഡ സിദ്ധനാഗൗഡരുടെയും സുമ നാഗിഹള്ളിയുടെയും മകളായ ശ്രേയ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ കെമിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ്.

വീട്ടിൽനിന്നു കോളജിലേക്കുള്ള യാത്രയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഞെരിഞ്ഞമർന്ന ശ്രേയയുടെ കൈകൾ മുട്ടിനു തൊട്ടു താഴെവച്ചു മുറിച്ചുമാറ്റിയിരുന്നു. അമൃതയിൽ 20 സർജൻമാരും 16 അംഗ അനസ്തീസിയ സംഘവും 14 മണിക്കൂറെടുത്താണ് കൈകൾ മാറ്റിവച്ച ശസ്ത്രക്രിയ പൂർത്തീകരിച്ചത്. ആശുപത്രി വിട്ടെങ്കിലും ഫിസിയോ തെറപ്പി ചെയ്യുന്നതിനായി ശ്രേയയും കുടുംബവും ഇപ്പോൾ കൊച്ചിയിലാണു താമസം. കൈകൾക്കു ചലനശേഷി ലഭിച്ചു തുടങ്ങി.

ആഴ്ചകൾക്കുള്ളിൽ കൈമുട്ടുകൾ ചലിപ്പിക്കാനാകും. നാഡികൾ വളരുമ്പോൾ ഒന്നര വർഷത്തിനുള്ളിൽ കൈകൾക്കു സ്പർശനശേഷി ലഭിക്കും. പുരുഷന്റെ കൈകളായതിനാൽ അൽപം വണ്ണക്കൂടുതലും നിറവ്യത്യാസവുമുണ്ട്. പക്ഷേ, ഭാവിയിൽ ഇതെല്ലാം പരിഹരിച്ചു ശ്രേയയുടെ കരങ്ങളായിത്തന്നെ ഇൗ കൈകൾ മാറും.