എംടിയുടെ ‘രണ്ടാമൂഴ’ത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തിന് ‘മഹാഭാരതം’ എന്ന് പേരിട്ടതിനെതിരേ ഉയര്‍ന്ന സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങാനില്ലെന്ന് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ 1000 കോടി ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് മലയാളത്തില്‍ എംടിയുടെ നോവലിന്റെ പേരായ ‘രണ്ടാമൂഴം’ എന്നുതന്നെയും ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ‘മഹാഭാരതം’ എന്നുമായിരുന്നു പ്രോജക്ട് പ്രഖ്യാപനവേളയില്‍ പേരിട്ടിരുന്നത്. എന്നാല്‍ ‘രണ്ടാമൂഴ’ത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തിന് ‘മഹാഭാരതം’ എന്ന് പേരിട്ടതിനെതിരേ സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. എന്നാല്‍ മലയാളം ഒഴികെയുള്ള ഭാഷകള്‍ക്കായി നിശ്ചയിച്ചിരിക്കുന്ന ‘മഹാഭാരതം’ എന്ന പേര് മാറ്റാനില്ലെന്ന് ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി. നിര്‍മ്മാതാവ് ബി.ആര്‍.ഷെട്ടിക്കൊപ്പം അബുദബിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സംവിധായകന്‍ ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. ‘മഹാഭാരതം’ എന്ന പേരിനെക്കുറിച്ച് ചില കോണുകളില്‍നിന്ന് പ്രതിഷേധം ഉയരുന്നല്ലോ എന്ന ചോദ്യത്തിനുള്ള ശ്രീകുമാറിന്റെ മറുപടി ഇങ്ങനെ..
പേര് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. ആദ്യമായി ഞങ്ങള്‍ പ്രോജക്ടിന്റെ പേരാണ് അനൗണ്‍സ് ചെയ്തത്. ‘രണ്ടാമൂഴം’ എന്നത് തമിഴിലും കന്നഡയിലും ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെ പരിഭാഷപ്പെടുത്തുമ്പോള്‍ പലതാവും. ഒരു സിനിമയ്ക്ക് പല ഭാഷകളില്‍ പല പേര് പറ്റില്ല. രണ്ടാമൂഴം മഹാഭാരതം തന്നെയാണ്. ഭീമന്റെ കാഴ്ചപ്പാടിലൂടെയുള്ള മഹാഭാരതം. അതിനാല്‍ സിനിമയ്ക്ക് ‘മഹാഭാരതം’ എന്ന് പേരിട്ടതില്‍ ഞങ്ങള്‍ക്ക് ഒരു സംശയവുമില്ല. മലയാളികള്‍ക്ക് അറിയാം മഹാഭാരതത്തെ ആസ്പദമാക്കിയുള്ളതാണ് രണ്ടാമൂഴമെന്ന്.
വി.എ.ശ്രീകുമാര്‍ മേനോന്‍

1000 കോടി എന്ന ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ബജറ്റില്‍ സിനിമയൊരുക്കുമ്പോള്‍ അതിന്റെ അന്‍പത് ശതമാനവും വിഎഫ്എക്‌സിനുവേണ്ടിയാണ് ചെലവഴിക്കുന്നതെന്നും എഫക്ട്‌സിന് അത്രയധികം പ്രാധാന്യമുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. മോഹന്‍ലാലിനെക്കൂടാതെ എട്ട് പ്രമുഖ താരങ്ങളെ വിവിധ വേഷങ്ങളിലേക്ക് പരിഗണിച്ചിട്ടുണ്ടെന്നും പക്ഷേ അതാരൊക്കെയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും മറുപടി. കൂടാതെ പ്രോജക്ട് സംബന്ധിച്ച കൗതുകകരമായ പല സംശയങ്ങള്‍ക്കും ശ്രീകുമാര്‍ മേനോന്‍ മറുപടി പറഞ്ഞു.
“ഇംഗ്ലീഷ് പതിപ്പിനുവേണ്ടിയുള്ള പ്രാഥമികമായ പരിഭാഷ എംടിയാണ് ചെയ്തത്. പക്ഷേ ഇംഗ്ലീഷിലേക്ക് അഡാപ്റ്റ് ചെയ്യുന്നത് മറ്റൊരാളായിരിക്കും. ഒരു പ്രശസ്ത തിരക്കഥാകൃത്തായിരിക്കും അത്. അഞ്ച് പതിപ്പുകളില്‍ മൂന്നെണ്ണമെങ്കിലും പരിഭാഷകളല്ലാത്ത ഒറിജിനല്‍ മാസ്റ്റര്‍ വെര്‍ഷനുകളായിരിക്കും. മലയാളവും ഹിന്ദിയും ഇംഗ്ലീഷും. ആകെ ആറ് മണിക്കൂര്‍ ഉണ്ടാവും ചിത്രം. അത് രണ്ട് ഭാഗങ്ങളായി പുറത്തെത്തും. ആദ്യഭാഗം പുറത്തെത്തി 100 ദിവസത്തിനുള്ളില്‍ രണ്ടാംഭാഗം റിലീസ് ചെയ്യും. ബാഹുബലിയിലെ ചില സാങ്കേതികവിദഗ്ധര്‍ രണ്ടാമൂഴത്തിലുമുണ്ടാവാന്‍ സാധ്യതയുണ്ട്. സാബു സിറിളിനെപ്പോലുള്ളവര്‍. അക്കാര്യത്തിലും അന്തിമതീരുമാനം എടുത്തിട്ടില്ല..”