നടന വിസ്മയമായി ശ്രുതി ശ്രീകുമാറിന്‍റെ അരങ്ങേറ്റം; അനിതരസാധാരണമായ മെയ് വഴക്കത്തോടെ ശ്രുതി സ്റ്റേജില്‍ ആടി തകര്‍ത്തത് രണ്ടര മണിക്കൂറിലേറെ

നടന വിസ്മയമായി ശ്രുതി ശ്രീകുമാറിന്‍റെ അരങ്ങേറ്റം; അനിതരസാധാരണമായ മെയ് വഴക്കത്തോടെ ശ്രുതി സ്റ്റേജില്‍ ആടി തകര്‍ത്തത് രണ്ടര മണിക്കൂറിലേറെ
March 01 08:03 2018 Print This Article

അരങ്ങേറ്റത്തില്‍ തന്നെ സദസ്സിനെ അമ്പരപ്പിക്കുന്ന പ്രകടനവുമായി ശ്രുതി ശ്രീകുമാര്‍. ഫെബ്രുവരി 17ന് ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ ആയിരുന്നു വിസ്മയിപ്പിക്കുന്ന നടന വൈഭവവുമായി ശ്രുതി ശ്രീകുമാര്‍ അരങ്ങേറ്റം നടത്തിയത്. നാലാം വയസ്സ് മുതല്‍ നൃത്താഭ്യസനം തുടങ്ങിയ ശ്രുതിക്ക് നൃത്തം ജീവിതത്തിന്‍റെ ഭാഗമാണ്. യുകെയിലെ മലയാളി കലാകാരന്മാര്‍ക്കും കലാകരികള്‍ക്കും ഏറെ പ്രോത്സാഹനം നല്‍കുന്ന  ഏഷ്യനെറ്റ് യുകെ ഡയറക്ടറും, ആനന്ദ് ടിവിയുടെ സിഇഒയുമായ  അച്ഛന്‍ സദാനന്ദന്‍ ശ്രീകുമാറിന്റെയും  അമ്മ ജീതി ശ്രീകുമാറിന്റെയും അകമഴിഞ്ഞ പ്രോത്സാഹനം കൂടി ആയപ്പോള്‍ ശ്രുതിയുടെ നൃത്ത സപര്യ ഏറ്റവും മികച്ചതായി മാറി.

ശ്രുതിയുടെ അരങ്ങേറ്റം ശനിയാഴ്ച ലണ്ടനിലെ എസെക്‌സ് വുഡ് ഫോര്‍ഡ് ഗ്രീനില്‍ സര്‍ ജെയിംസ് ഹോക്കി ഹാളില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുമ്പില്‍ നടന്നപ്പോള്‍ അത് അവിസ്മരണീയമായ ഒരു കലാനുഭവം ആയി മാറുകയായിരുന്നു. വൈകുന്നേരംഅഞ്ചുമണിയോടെ വുഡ് ഫോര്‍ഡ് ഗ്രീന്‍ പാര്‍ലമെന്റ് അംഗം ഇയാന്‍ സ്മിത്ത് ഉദ്ഘാടനം ചെയ്തതോടെയാണ്  അരങ്ങേറ്റത്തിന് തുടക്കമായത്. കുട്ടിക്കാലം മുതല്‍ക്കേ നൃത്തം അഭ്യസിച്ചു തുടങ്ങിയ ശ്രുതി കാണികളെ അമ്പരിപ്പിക്കുന്ന പ്രകടനാണ് അരങ്ങില്‍ കാഴ്ച്ചവച്ചത്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന പരിശീലനത്തിനു ശേഷമാണ് അത്യുജ്ജ്വല പ്രകടനത്തോടെ നൃത്ത രംഗത്തെ ജൈത്രയാത്ര തുടങ്ങിയിരിക്കുന്നത്. പ്രശസ്ത നര്‍ത്തകിയും ഗുരുവുമായ ഭാഗ്യലക്ഷ്മി ത്യാഗരാജന്റെ ശിക്ഷണത്തിലാണ് ശ്രുതി ശ്രീകുമാര്‍ പരിശീലനം നടത്തി വരുന്നത്.

ശ്രുതിയുടെ അരങ്ങേറ്റം ഗംഭീരമാക്കാന്‍ പിന്നണിയില്‍ ഉണ്ടായിരുന്നവര്‍ ഈ രംഗത്തെ ഏറ്റവും മികച്ചവര്‍ തന്നെയായിരുന്നു. ഇതിനായി കേരളത്തില്‍ നിന്ന് എത്തിയായിരുന്നു ഇവര്‍ പിന്തുണ നല്‍കിയത്.  വോക്കല്‍ – അപര്‍ണ ശര്‍മ്മ, മൃദംഗം ഭവാനി ശങ്കര്‍, വയലിന്‍ – ഡോക്ടര്‍ ജ്യോത്സന ശ്രീകാന്ത്, ഫ്‌ലൂട്ട് – മധുസൂദനന്‍, സ്‌പെഷ്യല്‍ പെര്‍ട്ട്ക്യൂഷന്‍ – കാണ്ഡ്യാ സീതാംബരനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ലൈവ് ഓര്‍ക്കസ്ട്രയുടെ സഹായത്താല്‍ ശ്രുതി നടത്തിയ മിന്നുന്ന പ്രകടനം കാണികളുടെ കയ്യടി നേടിയെടുക്കുന്നതായിരുന്നു.

ഗണേശ സ്തുതിയോടു കൂടി ആരംഭിച്ച ശ്രുതിയുടെ പ്രകടനം ശ്ലോകം, ആലാരിപ്പ് , ജതിസ്വരം, വര്‍ണം, ദേവി, ഭജന്‍, തില്ലാന എന്നീ ഭരതനാട്യത്തിന് വ്യത്യസ്തരൂപങ്ങളോടെയാണ് സമാപിച്ചത്. ഏതാണ്ട് രണ്ടര മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

നാലാം വയസില്‍ നൃത്ത പഠനം ആരംഭിച്ച ശ്രുതി അഞ്ചാം വയസിലാണ് ആദ്യമായി വേദിയില്‍ കയറിയത്. ഷിജു മേനോന്‍ എന്ന അധ്യാപകനായിരുന്നു ശ്രുതിയുടെ ആദ്യ ഗുരു. 2010 മുതലാണ് ഭാഗ്യലക്ഷ്മി ത്യാഗരാജനു കീഴില്‍ ശ്രുതി നൃത്ത പഠനം ആരംഭിക്കുന്നത്. ഐഎസ്ടിഡി പരീക്ഷ ഗ്രേഡ് സിക്‌സ് ഡിസ്റ്റിംഗ്ഷനോടെ ശ്രുതി പാസാകുകയും ചെയ്തിട്ടുണ്ട്.

നൃത്ത രംഗത്തേക്ക് തന്നെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനാണ് ശ്രുതിയുടെ തീരുമാനം. ആല്‍ച്ചേരി ഫെസ്റ്റിവല്‍, ആനന്ദ് ടിവി ഫിലിം അവാര്‍ഡ്‌സ്, ട്രിവാന്‍ഡ്രം മെഡിക്കല്‍ ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ എന്നീ വേദികളിലും ശ്രുതി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. നൃത്തത്തിനൊപ്പം, ഒന്‍പതാം വയസു മുതല്‍ വെസ്റ്റേണ്‍ ക്ലാസിക്കല്‍ വയലിന്‍ പഠിക്കുന്ന ഈ കലാകാരി യുസിഎല്ലിലും സ്ട്രാറ്റ്‌ഫോര്‍ഡ്, ഈസ്റ്റ് ലണ്ടന്‍ മ്യൂസിക് ഫെസ്റ്റിവലിലും പങ്കെടുത്തിട്ടുണ്ട്.

നൃത്തരംഗത്ത് ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഭാഗ്യലക്ഷ്മി ത്യാഗരാജനു കീഴില്‍ നൃത്തം അഭ്യസിക്കാന്‍ അവസരം ലഭിച്ചത് തന്റെ ഭാഗ്യമായി കരുതുന്നുവെന്ന് ശ്രുതി പറയുന്നു. കലാക്ഷേത്രയില്‍ നിന്നും ഡിഗ്രി നേടിയ ഭാഗ്യലക്ഷ്മിയുടെ ആദ്യ ഗുരു പിതാവ് ആര്‍ വി ത്യാഗരാജന്‍ തന്നെയാണ്. തുടര്‍ന്ന് ഗുരു ബാലഗോപാലന്റെ കീഴില്‍ അഭിനയ പഠിച്ച ഭാഗ്യലക്ഷ്മി കര്‍ണാടിക് മ്യൂസികിലും പരിശീലനം നേടിയിട്ടുണ്ട്.

ഓള്‍ ഇന്ത്യാ ലെവലില്‍ ഭരതനാട്യം ഡിഗ്രിയില്‍ സെക്കന്റ് റാങ്ക് നേടിയ ഭാഗ്യലക്ഷ്മിക്ക് അലഹബാദ് പ്രയാഗ് സംഗീത് സമിതിയുടെ യുവ പ്രതിഭാ പുരസ്‌ക്കാരവും ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭരതനാട്യം സ്‌കോളര്‍ഷിപ്പ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഭാഗ്യലക്ഷ്മി2010ല്‍ യുകെയിലെത്തിയതോടെയാണ് ശ്രുതിക്ക് നൃത്തം അഭ്യസിക്കാന്‍ അവസരം ലഭിച്ചത്. ഭരതനാട്യം ചിട്ടയോടെയും കൃത്യമായ രീതിയിലും പഠിപ്പിക്കുന്ന ഭാഗ്യലക്ഷ്മിയുടെ സ്ഥാപനം വഴി നിരവധി കുട്ടികള്‍ക്കാണ് പരീക്ഷകള്‍ എഴുതി പാസാകുവാനും ഡിഗ്രികള്‍ എടുക്കുവാനും സാധിച്ചിട്ടുള്ളത. ബ്രിട്ടീഷ് രാജ്ഞി പങ്കെടുത്ത ബക്കിംഗ്ഹാം പാലസിലെ ചടങ്ങിലും ഭാഗ്യലക്ഷ്മി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles