മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. ശുഹൈബ് കൊല്ലപ്പെട്ട മട്ടന്നൂര്‍ തെരൂരില്‍ നിന്ന് രണ്ടു കിലോ മീറ്റര്‍ അകലെയുള്ള വെള്ളിയാംപ്പറമ്പില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വെള്ളിയാംപ്പറമ്പില്‍ കാടു വൃത്തിയാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്ന് വാളുകള്‍ കണ്ടെത്തിയത്.

ശുഹൈബിന്റെ കൊലപാതകം അന്വേഷണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പോലീസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ആയുധങ്ങള്‍ കണ്ടെടുത്തോയെന്ന് ഹൈക്കോടതി പോലീസിനോട് ചോദിച്ചിരുന്നു. അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് അറിയിച്ച് ശുഹൈബിന്റെ മാതാപിതാക്കള്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഗൂഢാലോചന നടത്തിയവര്‍ ഉള്‍പ്പെടെ എല്ലാവരെയും പിടികൂടണമെന്ന് ശുഹൈബിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

മട്ടന്നൂര്‍ തെരൂരില്‍ ചായക്കടയില്‍ സുഹൃത്തുക്കളോടപ്പം നില്‍ക്കുമ്പോഴാണ് സിപിഎം അനുഭാവികളായ ഒരുപറ്റം അക്രമികള്‍ ശുഹൈബിനെ ക്രൂരമായി വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് പ്രദേശത്ത് ഭീതി പരത്തിയതിന് ശേഷം വടിവാള് ഉപയോഗിച്ച് ശുഹൈബിന്റെ കാലിനും നെഞ്ചിലും വെട്ടി പരിക്കേല്‍പ്പിച്ച അക്രമകാരികള്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ശുഹൈബിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും ഇവര്‍ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ആശുപത്രിയില്‍ കൊണ്ടു പോകുന്ന വഴിക്ക് ചോരവാര്‍ന്നാണ് ശുഹൈബ് മരണപ്പെട്ടത്.