കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പൊലീസില്‍ കീഴടങ്ങി. ആകാശ്, റിജിന്‍ രാജ് എന്നിവരാണ് ഇന്ന് രാവിലെ പൊലീസില്‍ കീഴടങ്ങിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന് പൊലീസ് സംശയിക്കുന്ന രണ്ടു പേരാണ് ആകാശ്, റിജിന്‍ രാജ് എന്നിവര്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിരുന്നു.

സിപിഎം പ്രദേശിക നേതാക്കള്‍ക്കൊപ്പമാണ് പ്രതികള്‍ പൊലീസില്‍ കീഴടങ്ങാനെത്തിയത്. ഇതോടെ ശുഹൈബിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം വാദം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. പിടിയിലായ ആകാശിന് സിപിഎം അംഗത്വം ഇല്ലെങ്കിലും ഇയാളുടെ കുടുംബം സജീവ സിപിഎം പ്രവര്‍ത്തകരാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആകാശിനായുള്ള തെരെച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിരുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ഒളിവില്‍ കഴിയുന്നയാളാണ് ആകാശ്. കൊലപാതകം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാതിരുന്ന പൊലീസ് അതീവ സമ്മര്‍ദ്ദത്തില്‍ തുടരുന്ന സാഹചര്യത്തിലാണ് പ്രതികളുടെ കീഴടങ്ങല്‍. കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം പ്രഖ്യാപിച്ചിരിന്നു.