ഹൃദയസ്തംഭനം മൂലം മരണത്തിനു കീഴടങ്ങിയ ക്രോയിഡോണ്‍ മലയാളി സിജി ടി അലക്‌സിന്റെ പൊതുദര്‍ശനവും സംസ്‌കാരവും ഈ മാസം 23ന് തിങ്കളാഴ്ച നടക്കും. കൊറോണാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടു കൂടിയാണ് സംസ്‌കാര ചടങ്ങുകളും പൊതുദര്‍ശന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ക്രോയിഡോണില്‍ തന്നെയാണ് സംസ്‌കാരവും നടക്കുക. ബ്രോക്ക്‌ലി സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലാണ് സംസ്‌കാരത്തോടനുബന്ധിച്ചുള്ള കുര്‍ബ്ബാന നടക്കുക. രാവിലെ ഒന്‍പതു മണി മുതല്‍ 10.30 വരെയാണ് ശുശ്രൂഷ. ഈ സമയത്തു തന്നെ പൊതുദര്‍ശന സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

തുടര്‍ന്ന് ക്രോയിഡോണ്‍ ക്രിമറ്റോറിയം വെസ്റ്റ് ചാപ്പലിലാണ് മൃതദേഹം സംസ്‌കരിക്കുക. 11.15 മുതല്‍ 12.15 വരെ ഒരു മണിക്കൂര്‍ ഇവിടെയും പൊതുദര്‍ശന സൗകര്യം ഉണ്ടായിരിക്കും. 12.30നാണ് സംസ്‌കാരം നടക്കുക. തുടര്‍ന്ന് തോണ്ടന്‍ഹീത്ത് സെന്റ്. ജൂഡ് ചര്‍ച്ച് ഹാളില്‍ റീഫ്രഷ്‌മെന്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നു മുതല്‍ 3.30 വരെയാണ് ഇതിനുള്ള സൗകര്യം.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് പള്ളിയിലും ക്രിമറ്റോറിയത്തിലും പൊതുദര്‍ശന സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആളുകള്‍ കൂടുമ്പോഴുണ്ടാകുന്ന തിരക്ക് ഒഴിവാക്കുവാന്‍ ഇതു സഹായിക്കുമെന്നാണ് ബന്ധുക്കള്‍ പ്രതീക്ഷിക്കുന്നത്.

ഈ കഴിഞ്ഞ 11ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിജിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ മുതല്‍ ചെറിയ തോതില്‍ കാല് വേദന തോന്നിയെങ്കിലും സിജി കാര്യമാക്കിയിരുന്നില്ല. എന്നാല്‍ വൈകുന്നേരം ആയപ്പോഴേക്കും വേദന കൈകള്‍ക്കും തോന്നിയപ്പോഴാണ് വീട്ടില്‍ ഉണ്ടായിരുന്ന ഭാര്യയെ കൂട്ടി ആംബുലന്‍സ് വിളിച്ചു ക്രോയ്‌ഡോണ്‍ സെന്റ് ജോര്‍ജ് ഹോസ്പിറ്റലില്‍ എ ആന്റ് ഇ സേവനം തേടിയത്.

അവിടെ ഡോക്ടറെ കാത്തിരിക്കുന്നതിനിടയിലാണ് സിജിയ്ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. ഇടയ്ക്കു രണ്ടു വട്ടം ടോയ്‌ലെറ്റില്‍ തനിയെ പോയി വന്ന സിജി ഡോക്ടറെ കാത്തിരിക്കുമ്പോള്‍ കുഴഞ്ഞു വീഴുക ആയിരുന്നു. തുടര്‍ന്ന് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കിയെങ്കിലും ഇതിനിടയില്‍ ആന്തരിക അവയവ പ്രവര്‍ത്തനങ്ങളും താളം തെറ്റുക ആയിരുന്നു.

ഈ സമയം മൂന്നു വട്ടം തുടര്‍ച്ചയായി ഹൃദയാഘാതം ഉണ്ടായതായാണ് ബന്ധുക്കള്‍ പങ്കു വയ്ക്കുന്ന വിവരം. തുടര്‍ന്ന് അബോധാവസ്ഥയിലേക്കു പോയ അദ്ദേഹത്തെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുക ആയിരുന്നു. എന്നാല്‍ നേരം വെളുത്തപ്പോള്‍ തിരിച്ചു പിടിക്കാന്‍ കഴിയാത്ത വിധം ആരോഗ്യ നില വഷളായി മരണം സംഭവിക്കുക ആയിരുന്നു.

ക്രോയിഡോണില്‍ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു. ബിന്‍സി സിജി ആണ് ഭാര്യ. പത്താം ക്ലാസ് വിദ്യാര്‍ത്ഥി സിബിന്‍, പ്രൈമറി വിദ്യാര്‍ത്ഥി അലന്‍, നാലുവയസുകാരി ദിയ എന്നിവരാണ് മക്കള്‍.  പ്രവാസി കേരളാ കോണ്‍ഗ്രസ് ഭാരവാഹിയും ഓര്‍ത്തഡോക്‌സ് സഭാ യൂറോപ്പ് ഭദ്രാസന കൗണ്‍സില്‍ അംഗമായ സോജി ടി മാത്യു സഹോദരനാണ്. നാട്ടില്‍ തിരുവല്ല പുതുശ്ശേരി സ്വദേശിയാണ്. തെക്കേപടിക്കല്‍ ചെറിയാന്‍ ലീലാമ്മ ദമ്പതികളുടെ മകനാണ്.