തലപ്പാവ് അഴിക്കാന്‍ വിസമ്മതിച്ച സിഖ് യുവാവിനെ നൈറ്റ് ക്ലബില്‍ നിന്നും ബലമായി പുറത്താക്കി. മാന്‍സ്ഫീല്‍ഡിലെ റഷ് എന്നറിയപ്പെടുന്ന നൈറ്റ് ക്ലബ് അധികൃതരാണ് തലപ്പാവ് കാരണം യുവാവിനെ ഇറക്കി വിട്ടത്. ഇന്നലെ രാത്രിയാണ് അമ്രിഖ് സിങ് എന്ന 22 കാരനെ വംശീയമായി അധിക്ഷേപിച്ച പ്രവര്‍ത്തി ഉണ്ടായിരിക്കുന്നത്. സംഭവത്തെക്കുറിച്ച് വിദ്യാര്‍ത്ഥിയായ അമ്രിഖ് തന്റെ ഫേസ്ബുക്കില്‍ കുറിപ്പ് എഴിതിയതോടെയാണ് വിഷയം പുറം ലോകമറിയുന്നത്. സംഭവത്തെ തുടര്‍ന്ന് ഒരു ബാര്‍ ജീവനക്കാരനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ബാറിലെത്തിയ അമ്രിഖ് തനിക്ക് ആവശ്യമുള്ള ഡ്രിങ്ക് ഓര്‍ഡര്‍ ചെയ്തതിനു ശേഷം ചങ്ങാതിമാരോട് സംസാരിച്ചു നില്‍്ക്കുന്നതിനിടയില്‍ ബാര്‍ ജീവനക്കാരനായ ഒരാള്‍ സമീപിച്ച് തലപ്പാവ് അഴിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടു. തലപ്പാവ് തന്റെ മതപരമായ വിശ്വാസത്തിന്റെ ഭാഗമാണെന്നും അഴിച്ചുമാറ്റുന്നത് വിശ്വാസത്തിനെതിരാണെന്നും അമ്രിഖ് ജീവനക്കാരനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ അമ്രിഖിന്റെ വിശദീകരണത്തില്‍ തൃപ്തനാവാതെ ബാറില്‍ നിന്ന് പുറത്തു പോവാന്‍ ആവശ്യപ്പെട്ട് ഇയാള്‍ യുവാവിനെ ബലമായി ഇറക്കി വിടുകയായിരുന്നു.

ബാര്‍ ജീവനക്കാരനോട് സംസാരിക്കുന്ന ശബ്ദരേഖ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചേര്‍ത്താണ് അമ്രിഖ് ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. തലപ്പാവിനെ പാദരക്ഷകളുമായി താരതമ്യപ്പെടുത്തി അപമാനിക്കുന്ന രീതിയില്‍ സംസാരിക്കുന്ന ജീവനക്കാരന്റെ ശബ്ദം അമ്രിഖ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പില്‍ വ്യക്തമായി കേള്‍ക്കാം. തലപ്പാവ് അഴിക്കാന്‍ വിസമ്മതിച്ചതിനാണ് ഞാന്‍ പുറത്താക്കപ്പെടുന്നത്. ക്ലബിന്റെ നിയമങ്ങള്‍ അനുസരിച്ച് തലപ്പാവ് ധരിക്കാന്‍ പാടില്ലെന്നാണ് അവര്‍ പറഞ്ഞത്. ആദ്യഘട്ടത്തില്‍ ഏതാണ്ട് 30 മിനിറ്റോളം എനിക്ക് ക്ലബില്‍ തുടരാന്‍ കഴിഞ്ഞിരുന്നു അതിനു ശേഷമാണ് ജീവനക്കാരന്‍ വന്ന പുറത്താക്കിയത്. തലപ്പാവ് സ്റ്റൈലിനായി ഉപയോഗിക്കുന്നതല്ലെന്നും മതപരമായ ആചാരത്തിന്റെ ഭാഗമാണെന്നും പൊതു ഇടങ്ങളില്‍ തലപ്പാവ് ധരിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദമുണ്ട് എന്നടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു പക്ഷേ അംഗീകരിക്കപ്പെട്ടില്ല. സുഹൃത്തുക്കള്‍ക്കിടയില്‍ നിന്ന് ബലമായിട്ടാണ് എന്നെ പുറത്താക്കിയത് അമ്രിഖ് ഫേസ്ബുക്കില്‍ കുറിച്ചു.

എന്റെ പൂര്‍വ്വികര്‍ ബ്രിട്ടിഷ് സൈന്യത്തിന് വേണ്ടി പടപൊരുതിയിട്ടുള്ളവരാണ്. ഞാനും എന്റെ മാതാപിതാക്കളും ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്നവരാണ്. രാജ്യത്തിന്റെ എല്ലാ മുല്ല്യങ്ങളെയും ബഹുമാനിച്ചാണ് ഞങ്ങള്‍ ജീവിക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ പൊതുയിടത്തില്‍ നിന്ന് പുറത്താക്കപ്പെട്ടത് എന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും അമ്രിഖ് പറയുന്നു. ബാറിലേക്ക് വീണ്ടും സമീപിച്ചെങ്കിലും തലപ്പാവ് കാരണം ഭാവിയില്‍ പ്രവേശനം അനുവദിക്കില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അമ്രിഖ് കൂട്ടിച്ചേര്‍ത്തു. നോട്ടിംഗ്ഹാമിലെ ട്രെന്റ് യൂണിവേഴ്‌സിറ്റിയില്‍ അവസാന വര്‍ഷ നിയമ വിദ്യാര്‍ത്ഥിയാണ് അമ്രിഖ് സിങ്. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും തലപ്പാവ് അഴിപ്പിക്കുന്നത് തങ്ങളുടെ സ്ഥാപനത്തിന്റെ പ്രൈവസിയുടെ ഭാഗമല്ലെന്നും അമ്രിഖിനെ ഇറക്കി വിട്ട ജീവനക്കാരനെ സസ്‌പെന്റ് ചെയ്തതായും റഷ് ബാര്‍ ലേബര്‍ കൗണ്‍സിലര്‍ സോണ്യാ വാര്‍ഡ് ട്വീറ്റ് ചെയ്തു.