വിഗ്ട്വിക്ക്: കാറില്‍ ബോംബ് വെച്ച് മാതാപിതാക്കളെ കൊല്ലാന്‍ ശ്രമിച്ച സിഖ് യുവാവിന് എട്ട് വര്‍ഷം തടവ് ശിക്ഷ. ഡാര്‍ക്ക് വെബ്ബില്‍ നിന്ന് ഓണ്‍ലൈനില്‍ വാങ്ങിയ ബോംബ് ഉപയോഗിച്ച് മാതാപിതാക്കളെ കൊല്ലാനായിരുന്നു ഗുര്‍തേജ് രണ്‍ധാവ എന്ന 19 കാരന്‍ ശ്രമിച്ചത്. വെള്ളക്കാരിയായ തന്റെ കാമുകിയെ അംഗീകരിക്കാന്‍ കുടുംബം തയ്യാറാകാത്തതായിരുന്നു പ്രകോപനം. മാതാപിതാക്കളെ ഇല്ലാതാക്കിയാല്‍ കാമുകിക്കൊപ്പം താമസിക്കാന്‍ കഴിയുമെന്ന ധാരണയിലാണ് ഇയാള്‍ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയത്.

അതേസമയം ഇയാള്‍ ബോംബിനേക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയതു മുതല്‍ നാഷണല്‍ ക്രൈം ഏജന്‍സിയുടെ ആംഡ് ഓപ്പറേഷന്‍സ് യൂണിറ്റ് നിരീക്ഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ റിമോട്ടില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ബോംബ് ഓണ്‍ലൈനില്‍ വാങ്ങിയതോടെയാണ് പോലീസ് ഇയാളെ കെണിയിലാക്കിയത്. ഇന്റര്‍നെറ്റില്‍ ഇതിന് ഓര്‍ഡര്‍ നല്‍കിയത് മനസിലാക്കിയ പോലീസ് ബോംബിന് പകരം ഒരു ഡമ്മി ഉപകരണം രണ്‍ധാവ നല്‍കിയ മേല്‍വിലാസത്തില്‍ എത്തിച്ചു നല്‍കുകയായിരുന്നു.

വൂള്‍വര്‍ഹാംപ്ടണിലെ വിഗ്ട്വിക്കില്‍ താമസക്കാരനായ രണ്‍ധാവ കാര്‍ ബോംബ് വാങ്ങിയതില്‍ കുറ്റക്കാരനാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന വിധത്തില്‍ സ്‌ഫോടക വസ്തു കൈകാര്യം ചെയ്തതിന് ഇയാള്‍ക്കെതിരെ നവംബറില്‍ കുറ്റം ചുമത്തിയിരുന്നു. ഇയാള്‍ ഓര്‍ഡര്‍ ചെയ്ത ബോംബ് ഉപയോഗിച്ചിരുന്നെങ്കില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് പോലീസ് കോടതിയെ അറിയിച്ചു.

തീവ്രവാദി ഗ്രൂപ്പുകളിലോ ക്രിമിനല്‍ സംഘങ്ങളിലോ അംഗമല്ലെങ്കിലും രണ്‍ധാവയുടെ നടപടി സമൂഹത്തിന് വന്‍ വിപത്തായി മാറുമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. തിരിച്ചറിയപ്പെടാതിരിക്കാന്‍ ഡാര്‍ക്ക് വെബ്ബാണ് രണ്‍ധാവ ഉപയോഗിച്ചത്. കേസില്‍ എട്ട് വര്‍ഷത്തെ തടവാണ് ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതി രണ്‍ധാവയ്ക്ക് നല്‍കിയത്.