ആയിരത്തിലധികം വേദികളില്‍ പടര്‍ന്ന ആ മധുര ശബ്ദം അസ്തമിച്ചു. മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 75 വയസ്സായിരുന്നു. കണ്ണൂരിലെ വീട്ടില്‍ വെച്ചാണ് അന്ത്യം.

നാട്ടിലും വിദേശത്തുമായി ആയിരത്തിലധികം വേദികളില്‍ പാടിയ ഗായകനാണ് എരഞ്ഞോളി മൂസ. ഒരു മാസത്തോളമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു. സംസാരിക്കാന്‍ പറ്റാത്ത വിധം അവശതയിലായിരുന്നു. കല്യാണവീടുകളില്‍ പെട്രോമാക്‌സിന്റെ ഇരുണ്ട വെളിച്ചത്തില്‍ പാടിത്തുടങ്ങിയ എരഞ്ഞോളി മൂസ ഗള്‍ഫ് നാടുകളില്‍ ഏറ്റവും കൂടുതല്‍ സ്റ്റേജ് ഷോ അവതരിപ്പിച്ച മാപ്പിളപ്പാട്ട് ഗായകനാണ്. അദ്ദേഹം ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാനുമായിരുന്നു.

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിക്കടുത്ത് എരിഞ്ഞോളിയിലാണ് ജനനം. പ്രമുഖ സംഗീതജ്ഞന്‍ ശരത്ചന്ദ്ര മറാഠെയുടെ കീഴില്‍ രണ്ടുവര്‍ഷം സംഗീതം പഠിച്ച അദ്ദേഹം നൂറുകണക്കിന് മാപ്പിളപാട്ടുകള്‍ ആലപിക്കുകയും രചിക്കുകയും ചെയ്തിട്ടുണ്ട്.