മലയാളം യുകെ ന്യൂസ് ബ്യുറോ

ട്രംപ് ഭരണകൂടത്തെ കഴിവില്ലാത്തതും സുരക്ഷിതമല്ലാത്തതുമായി വിശേഷിപ്പിച്ച യുകെ അംബാസഡർ കിം ഡാരോച്ച് രാജിവെച്ചു. വാഷിംഗ്ടണിലെ യുകെ അംബാസഡർ സർ കിം ഡാരോച്ചിൽ നിന്ന് ചോർന്ന ഇമെയിലുകളിൽ നിന്നുയർന്ന വൻ വിവാദങ്ങൾ അദ്ദേഹത്തിന്റെ രാജിയിലാണ് കലാശിച്ചത്. വൈറ്റ് ഹൗസ് ഭിന്നിച്ചതാണെന്നും പ്രവർത്തനരഹിതമാണന്നും വിവരിച്ച് കിം അയച്ച മെയിലുകൾ ചോർന്നത് യുകെയിലും യുഎസിലും വിവാദങ്ങൾ സൃഷ്ടിക്കുകയുണ്ടായി. ട്രംപിനെ വിമർശിച്ച യുകെ അംബാസഡറിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് തെരേസ മേ അറിയിച്ചപ്പോൾ കിം ഒരു വിഡ്ഢി ആണെന്നും അദ്ദേഹം വേണ്ടുംപോലെ യുകെയെ സേവിച്ചിട്ടില്ലെന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടത്. കിം ഡാരോച്ചിന്റെ രാജി ഒരു രാഷ്ട്രീയ അശാന്തിയിലേക്കാണ് ബ്രിട്ടനെ നയിക്കുന്നത്.

താൻ പ്രധാനമന്ത്രിയായാൽ കിമ്മിന് അംബാസഡർ ആയി തുടരാൻ കഴിയുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ബോറിസ് ജോൺസൺ ചൊവ്വാഴ്ച നടന്ന ടിവി ചർച്ചയിൽ പറയുകയുണ്ടായി. ബോറിസിന്റെയും പിന്തുണ നഷ്ടമായതോടെ രാജി തന്നെയാണ് ഏറ്റവും നല്ല മാർഗ്ഗം എന്ന് കിം അറിയിച്ചു. മുന്നോട്ട് അംബാസഡർ ആയി തുടരാൻ അസാധ്യമാണെന്നും അതിനാൽ രാജിവെക്കുകയാണെന്നും കിം തന്റെ രാജിക്കത്തിൽ പറയുന്നു.ട്വിറ്ററിലൂടെ ട്രംപ് തന്റെ രോക്ഷം പ്രകടിപ്പിച്ചു. കുറച്ചു ദിവസമായി നീണ്ടുനിന്ന ഒരു പ്രതിസന്ധിക്ക് വിരാമമായെങ്കിലും കുറ്റവാളിയെ കണ്ടെത്തുക എന്ന പ്രശ്നം മുന്നിൽ നിൽക്കുന്നു. കിം രാജിവെച്ചെങ്കിലും ചോർന്ന ഇമെയിലുകൾ സൃഷ്‌ടിച്ച ഭീതി ഇപ്പോഴും നിലനിൽക്കുന്നു.ഇനിയും കൂടുതൽ മെയിലുകൾ ചോർന്നേക്കാം എന്ന് വിദേശകാര്യാലയത്തിലെ സർ സൈമൺ മക്‌ഡൊണാൾഡ് അറിയിച്ചു. സ്റ്റാഫ് മീറ്റിംഗിൽ സൈമൺ ഇപ്രകാരം പറഞ്ഞു ” ജനങ്ങൾ പരിഭ്രാന്തരായി ഇരിക്കുകയാണ്. ഞങ്ങളുടെ ഔദ്യോഗിക ജീവിതവും ഇതിലൂടെ പരീക്ഷിക്കപ്പെടുകയാണ്. കുറ്റവാളിയെ എത്രയുംവേഗം കണ്ടുപിടിക്കുവാൻ നമ്മുടെ കഴിവിന്റെ പരമാവധി നമ്മൾ ശ്രമിക്കേണ്ടിയിരിക്കുന്നു.” തെരേസ മേയും ജെറമി ഹണ്ടും ഒക്കെ കിമ്മിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഒപ്പം കിം രാജ്യത്തിനുവേണ്ടി ചെയ്ത എല്ലാ സേവനങ്ങൾക്കും സൈമൺ നന്ദി രേഖപ്പെടുത്തുകയുണ്ടായി.

ബോറിസ് ജോൺസന്റെ അഭിപ്രായത്തെ വിമർശിച്ചുകൊണ്ട് വിദേശകാര്യ മന്ത്രി അലൻ ഡങ്കൻ പറഞ്ഞു “ഒരു തരത്തിൽ ബോറിസ് കിമ്മിനെ ചതിക്കുകയായിരുന്നു.” അതേസമയം കിമ്മിന് തന്റെ സ്ഥാനത്തുതന്നെ തുടരാമെന്ന് ചൊവ്വാഴ്ച നടന്ന ടിവി ചർച്ചയിൽ ഹണ്ട് പറയുകയുണ്ടായി. യുഎസുമായി നല്ല ബന്ധം പുലർത്തണമെന്ന് ജോൺസണും അതിൽ അഭിപ്രായപ്പെട്ടിരുന്നു. അലൻ ഡങ്കൻ ബിബിസിയോട് ഇപ്രകാരം പറഞ്ഞു. ” കോമൺസിലെ പലർക്കും ബോറിസ് ചെയ്തതിനോട് എതിർപ്പും വെറുപ്പുമുണ്ട്. കിമ്മിനെ ബോറിസ് പിന്തുണയ്ക്കാത്തത് രാജ്യത്തോടുള്ള അദേഹത്തിന്റെ താല്പര്യത്തെ വ്യകതമായി കാട്ടിത്തരുന്നു.” കിമ്മിന്റെ രാജിയിൽ തെരേസ മേയും ജെറമി ഹണ്ടും ഖേദം പ്രകടിപ്പിച്ചു. “കിം രാജ്യത്തിനുവേണ്ടി ഒരുപാട് സേവനം ചെയ്തു. വളരെയധികം നന്ദിയുണ്ട്.”മേ അറിയിച്ചു.”എപ്പോഴൊക്കെ ഞാൻ വാഷിംഗ്‌ടണ്ണിൽ പോയിട്ടുണ്ടോ, അപ്പോഴെല്ലാം കിം തന്റെ പ്രവർത്തന ശൈലി കൊണ്ട് എന്നെ കൗതുകപ്പെടുത്തിയിട്ടുണ്ട്.”ജെറമി ഹണ്ട് പറയുകയുണ്ടായി. കിമ്മിനെ പിന്തുണയ്ക്കാത്ത ബോറിസിന്റെ നിലപാടിനെ മുൻ വിദേശകാര്യ സെക്രട്ടറി ഡേവിഡ് മിലിബാൻഡും കുറ്റപ്പെടുത്തി. ഇതുപോലൊരു സംഭവം ഇതുവരെ നടന്നിട്ടില്ലെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും യുഎസും യുകെയും തമ്മിലുള്ള ശക്തമായ ബന്ധം ഒരു വ്യക്തിക്ക് മേലെയാണെന്നും സൈമൺ മക്‌ഡൊണാൾഡ് അഭിപ്രായപ്പെട്ടു. ഈ പ്രശ്നത്തിലൂടെ യുഎസ് – യുകെ ബന്ധം എന്താകുമെന്നും കിമ്മിന്റെ രാജി ബ്രിട്ടനിൽ രാഷ്ട്രീയ അശാന്തിക്ക് വഴിയൊരുക്കുമോ എന്നും കാണേണ്ടിയിരിക്കുന്നു.