ന്യൂഡല്‍ഹി: അഭയ കൊലക്കേസില്‍ പ്രതിപട്ടികയിലുള്ള സിസ്റ്റര്‍ സെഫി, ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും വിചാരണ നേരിടുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ഇരുവരും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടയതോടെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ തങ്ങൾക്കെതിരെ തെളിവില്ലെന്ന് ഇരുവരും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. അഭയ കേസിൽ മൂന്നാം പ്രതിയാണ് സിസ്റ്റർ സെഫി. പത്താം പ്രതിയാണ് തോമസ് കോട്ടൂർ.

അഭയ കേസിലെ പ്രതിപട്ടികയിലുള്ള ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ വിചാരണ നേരിടണമെന്നാണ് നേരത്തെ ഹെെക്കോടതി ഉത്തരവിട്ടത്. ഹെെക്കോടതി ഉത്തരവ് ഇന്ന് സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. വിചാരണ നേരിടണമെന്ന തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിനെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി.

തങ്ങള്‍ക്കെതിരെ തെളിവില്ലെന്നും വിടുതല്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീല്‍ വിചാരണ കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ, രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ജോമോന്‍ പുത്തൻപുരയ്ക്കല്‍ നൽകിയ ഹർജിയും ഹൈക്കോടതി തള്ളിയിരുന്നു.

കൂടാതെ അഭയ കേസില്‍ തെളിവു നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് എസ്‌പി കെ.ടി.മൈക്കിളിനെ നാലാം പ്രതി ആക്കിയ സിബിഐ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മൈക്കിളിനെ പ്രതിസ്ഥാനത്തു നിന്നും ഒഴിവാക്കി.

സിസ്​റ്റർ അഭയയെ 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പുതൃക്കയിൽ, സിസ്​റ്റർ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നൽകിയിരുന്നു. എന്നാൽ, വിചാരണ നടപടികളില്ലാതെ തന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്​തനാക്കി.

ജോസ് പുതൃക്കയിലിനെ ഒഴിവാക്കിയത് ശരി വെച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ അറിയിച്ചിരുന്നു. പുതൃക്കയിലിന്റെ കാര്യത്തിൽ സിബിഐയുടെ നിലപാട് ഇരട്ടത്താപ്പാണന്ന് ജോമോൻ ആരോപിച്ചു. ഹൈക്കോടതിയിൽ കേസിൽ വാദം നടന്നപ്പോൾ പുതൃക്കയിലിനെ എതിർക്കാതിരുന്ന സിബിഐ, കേസ് വിധി പറയാൻ മാറ്റിയ ശേഷമാണ് വിചാരണക്കോടതി വിധിക്കെതിരെ ഹർജി നൽകിയതെന്ന് ജോമോൻ കുറ്റപ്പെടുത്തി.