കുത്തേറ്റ് മരിച്ച സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തും. വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള ഘട്ടമാണിത്. ഇതുമായി ബന്ധപ്പെട്ട രേഖകളുടെ പഠനവും വോട്ടിംഗും വത്തിക്കാനില്‍ പൂര്‍ത്തിയായിട്ടുണ്ട്. കര്‍ദിനാള്‍മാരാണ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി സമര്‍പ്പിച്ചത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇത് ഒപ്പ് വയ്ക്കുന്നതോടെ സിസ്റ്റര്‍ റാണി മറിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ തീയ്യതി വ്യക്തമാകും.പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ പരേതനായ പൈലിയുടേയും ഏലീശ്വയുടേയും മകളായിരുന്നു സിസ്റ്റര്‍ റാണി. 1995 ഫെബ്രുവരി 25ന്  ഇന്റോറില്‍ വച്ചാണ് സിസ്റ്റര്‍ കൊല്ലപ്പെട്ടത്.എഫ് സിസി സന്യാസ സഭാംഗമായ മധ്യപ്രദേശില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തിവരികയായിരുന്നു സിസ്റ്റര്‍.  വാടക കൊലയാളിയായ സമന്ദര്‍ സിങ്ങാണ് സിസ്റ്ററിനെ കൊന്നത്. നാല്‍പത്തിയൊന്നാം വയസ്സിലാണ് സിസ്റ്റര്‍ കൊല്ലപ്പെട്ടത്.കൊലയാളി ജയിലില്‍ കിടന്ന് മാനസാന്തരപ്പെടുകയും സിസ്റ്ററിന്റെ വീട്ടിലെത്തി മാപ്പ് ചോദിക്കുകയും ചെയ്തു. അവര്‍ ഇയാളെ മകനായി സ്വീകരിച്ചതും വലിയ വാര്‍ത്തയായിരുന്നു.

ബസ് യാത്രയ്ക്കിടെ മറ്റ് യാത്രക്കാരുടെ മുന്നിലിട്ട് അമ്പത്തിനാല് കുത്താണ് സമന്ദര്‍ സിംഗ് സിസ്റ്ററെ കുത്തിയത്. കൊലപാതകം ചെയ്യുമ്പോള്‍ 22വയസ്സാണ് ഇയാള്‍ക്ക്. കോടതി ആദ്യം വധശിക്ഷയ്ക്ക് വിധിച്ചിരുന്നെങ്കിലും പിന്നീട് ജീവപര്യന്തമാക്കി കുറച്ചു. സിസ്റ്റര്‍ റാണി മരിയയുടെ സഹോദരിയും കന്യാസ്ത്രീയുമായ സെല്‍മി ജയില്‍വാസത്തിനിടെ സമുന്ദര്‍ സിംഗിന്റെ കൈയില്‍ എല്ലാ വര്‍ഷവും രാഖി കെട്ടിയിരുന്നു.ഇപ്പോള്‍ ദൈവദാസി എന്ന ഗണത്തിലാണ് സിസ്റ്റര്‍. രക്തസാക്ഷിത്വം വഹിച്ച വ്യക്തി എന്ന നിലയില്‍ നാമകരണ നടപടികള്‍ വേഗത്തിലാക്കും. ഇന്റോര്‍ ഉദയനഗറിലെ ശാന്തി നഗര്‍ പള്ളിയിലെ കബറിടത്തില്‍ നിന്ന് സിസ്റ്ററിന്റെ ഭൗതികാവശിഷ്ടങ്ങള്‍ കഴിഞ്ഞ നവംബറില്‍ പള്ളിയിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു.