ശ്രീനഗര്‍ : സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് കാണാതായ പത്തു സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തി. ലാന്‍സ് നായിക്ഹനുമന്തപ്പെയെയാണ് ആരു ദിവസത്തിനു ശേഷം കണ്ടെത്തിയത്. മഞ്ഞു പാളികള്‍ക്കടിയില്‍ 25 അടി താഴ്ചയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മഞ്ഞില്‍ പുതഞ്ഞു കിടന്നതിനാല്‍ ഗുരുതരാവസ്ഥയിലായ ഹനുമന്തപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനികവൃത്തങ്ങള്‍ പറഞ്ഞു. കര്‍ണാടക സ്വദേശിയാണ്. അത്ഭുതകരമായ കണ്ടെടുക്കലാണിതെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
കാണാതായ സൈനികരില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ നേരത്തേ കണ്ടെത്തിയിരുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. മറ്റുളളവര്‍ക്കായി ഇനിയും തിരച്ചില്‍ തുടരുകയാണ്. പ്രത്യേകതരം യന്ത്രങ്ങളുടെ സഹായത്തോടെ, ദിശാനിര്‍ണയം നടത്തി മഞ്ഞുപുതഞ്ഞ സ്ഥലങ്ങളില്‍ പലയിടങ്ങളിലും മുപ്പതടി വരെ ആഴത്തില്‍ കുഴിച്ചാണ് പരിശോധന തുടരുന്നത്. കൊല്ലം മണ്‍റോതുരുത്ത് സ്വദേശിയായ സുധീഷും കാണാതായ സൈനികരിലുണ്ട്. 600 അടി ഉയരവും ഒരു കിലോമീറ്ററിലേറെ നീളവുമുള്ള മഞ്ഞുമല ഇടിഞ്ഞാണ് കഴിഞ്ഞ ദിവസം പത്തു സൈനികരെ കാണാതായത്. ഒരു ദിവസത്തെ തിച്ചിലിലനു ശേഷം ഇവര്‍ മരിച്ചതായി സൈനിക കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

സിയാച്ചിന്‍ മേഖലയില്‍ ശൈത്യകാലത്ത് ഹിമപാതവും മണ്ണിടിച്ചിലും സര്‍വസാധാരണമാണ്. കഴിഞ്ഞ ജനുവരിയില്‍ ഉണ്ടായ മഞ്ഞുവീഴ്ചയില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഹിമപാതത്തില്‍ സൈനികരുടെ വാഹനം മഞ്ഞിനടിയിലാവുകയും നാലുപേര്‍ കൊല്ലപ്പെടുകയും ചെയ്തു. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സൈനിക ക്യാംപും യുദ്ധമേഖലയുമാണ് സിയാച്ചിന്‍ മഞ്ഞുപാളി.