‘ഇട്ടിമാണി,​ മെയ്ഡ് ഇൻ ചൈന’ എന്ന മോഹൻലാൽ സിനിമ അന്നമനട എടയാറ്റൂരിൽ മട്ടയ്ക്കൽ ജോസ് കണ്ടിട്ടില്ല. പക്ഷേ,​ ഡോക്ടർമാരായ ആറ് പെൺമക്കൾക്കായി ഒരു ആശുപത്രി പണിയണമെന്ന ജോസേട്ടന്റെ സ്വപ്നം സഫലമായാൽ,​ ബോർഡിൽ ‘മെയ്ഡ് ഇൻ ചൈന’ എന്നെഴുതാമെന്നാണ് സ്നേഹത്തോടെ നാട്ടുകാരുടെ പക്ഷം. കാരണം,​ ജോസേട്ടന്റെ മൂന്ന് പെൺമക്കൾ എം.ബി.ബി.എസ് ബിരുദമെടുത്തതും,​ മൂന്നു പേർ പഠനം തുടരുന്നതും ചൈനയിലാണ്! മക്കളെ പഠിപ്പിച്ച വകയിൽ ഒരു കോടിയോളം രൂപ കടമായെങ്കിലും,​ ഫർണിച്ചർ ബിസിനസുകാരനായ ജോസിനും ഭാര്യ ബേബിക്കും നിറഞ്ഞ ചാരിതാർത്ഥ്യം- മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനായല്ലോ.

ആറു സഹോദരിമാരിൽ മൂത്തയാളായ എസ്തർ ആണ് എം.ബി.ബി.എസ് പഠനത്തിന് ചൈനയിലെ ചോംചിംഗ് സർവകലാശാലയിലേക്ക് ആദ്യം പോയത്. രണ്ടാമത്തെ മകൾ യൂദിത്തും അനുജത്തി റൂത്തും ചോംചിംഗിൽ നിന്നു തന്നെ എം.ബി.ബി.എസ് ബിരുദമെടുത്തു. ഇവർക്കു താഴെ റാഹേലും റബേക്കയും സാറയും അവിടെത്തന്നെ പഠനം തുടരുന്നു. മക്കളിലെ ഏക ആൺതരിയായ ജെനു ആന്റണി ദുബായിൽ മർച്ചന്റ് നേവിയിൽ സെക്കൻഡ് ഓഫീസർ.വീട്ടിലേക്ക് ആദ്യം ചൈനീസ് ബിരുദം കൊണ്ടുവന്ന ഡോ. എസ്തറിന് ഇപ്പോൾ 30 വയസ്സ്. ഡോ. യൂദിത്ത് ഡൽഹി എയിംസിലും ഡോ. റൂത്ത് നിലമ്പൂരിലെ സ്വകാര്യ ക്ളിനിക്കിലും ജോലി ചെയ്യുന്നു.

മറ്റ് മൂന്നു പേർ കൂടി പഠനം പൂർത്തിയാക്കി വരുമ്പോൾ എല്ലാവരെയും ചേർത്ത് ആശുപത്രി തുടങ്ങണം- അതാണ് പത്താം ക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള ജോസിന്റെയും എൽ.ഐ.സി ഏജന്റ് ആയ ബേബിയുടെയും ആഗ്രഹം.32 വർഷം മുമ്പ് വിവാഹിതനാകുമ്പോൾ ഫർണിച്ചർ പണിക്കാരനായിരുന്നു ജോസ്. പിന്നീട് സ്വന്തം ഫർണിച്ചർ ബിസിനസ് ആയി. വിദ്യാഭ്യാസ വായ്പ ഉൾപ്പെടെ ഒരു കോടിയുടെ കടമുണ്ടെങ്കിലും ആറു മക്കളെ ഡോക്ടറാക്കാനും മകനെ വിദേശത്ത് ജോലിക്കാരനാക്കാനും കഴിഞ്ഞതിന്റെ അഭിമാനമുണ്ട്,​ ജോസിനും ബേബിക്കും. ഇനി,​ മക്കളുടെ സ്വന്തം ആശുപത്രി!