സ്‌കൂളില്‍ വെച്ച് നിരോധിത ലഹരി മരുന്ന് ഉപയോഗിച്ച ആറ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേംബ്രിഡ്ജ്‌ഷെയറിലെ തോമസ് ക്ലാര്‍ക്ക്‌സണ്‍ അക്കാദമിയിലാണ് സംഭവം നടന്നിരിക്കുന്നത്. ലഹരി മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഛര്‍ദ്ദിക്കുകയും ചോര തുപ്പുകയും ചെയ്തതോടെയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. സ്‌പൈസ് എന്നറിയപ്പെടുന്ന സോംബീ ഡ്രഗ്ഗാണ് ഇവര്‍ ഉപയോഗിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം ലഹരി ഉപയോഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇവരെ സ്‌കൂളില്‍ നിന്ന് പുറത്താക്കാനാണ് സാധ്യത.

ലഹരി മരുന്ന് ഉപയോഗിച്ച് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവം ആശങ്കയുണ്ടാക്കുന്നതാണെന്ന് രക്ഷിതാക്കള്‍ പ്രതികരിച്ചു. തങ്ങളുടെ കുട്ടിയും ഇത്തരം അപകടങ്ങളില്‍ ഉള്‍പ്പെടുമോയെന്ന് ഭയപ്പെടുന്നതായി ചിലര്‍ ആശങ്ക രേഖപ്പെടുത്തി. കുട്ടികള്‍ പുകവലിച്ചതിന് ശേഷം അസ്വസ്ഥതകള്‍ ഉണ്ടായ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അറിഞ്ഞുവെന്ന് മറ്റൊരു രക്ഷിതാവ് പറഞ്ഞു. വിഷയം പുറത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്. കുട്ടികള്‍ക്ക് ലഹരിമരുന്ന് എവിടെ നിന്ന് ലഭിച്ചു എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. കേസ് ചിലപ്പോള്‍ പോലീസ് ഏറ്റെടുത്തേക്കുമെന്നും സൂചനകളുണ്ട്. വ്യാജ കഞ്ചാവ് എന്ന പേരിലും കുട്ടികള്‍ ഉപയോഗിച്ച ലഹരി മരുന്ന് അറിയിപ്പെടും.

യുകെയിലെ വിദ്യാര്‍ത്ഥികളില്‍ അത്ര പ്രചാരം നേടിയിട്ടില്ലെങ്കിലും പല സ്ഥലങ്ങളിലും സോംബീ ഡ്രഗ് ലഭ്യമാണ്. കഞ്ചാവിന് സമാനമായ ലഹരിയാണ് ഇത് നല്‍കുക. സ്‌പൈസ് ഉപയോഗിച്ചതിന് ശേഷം ചുറ്റുമുള്ള കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ നില്‍ക്കുന്ന കൗമാരക്കാരുടെ വീഡിയോ വൈറലായതിന് ശേഷമാണ് സ്‌പൈസിന് സോംബീ ഡ്രഗ് എന്ന് പേര് വന്നത്. ഗുരുതര പ്രശ്‌നങ്ങളില്ലാതെ തന്നെ വിഷയം കൈകാര്യം ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കില്ലെന്നും സംഭവത്തില്‍ പങ്കാളികളായ കുട്ടികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സ്‌കൂള്‍ അറിയിച്ചു. സ്‌കൂളിലെ കുട്ടികള്‍ക്ക് മുഴുവന്‍ ബോധവല്‍ക്കരണം നടത്താനുള്ള പദ്ധതിയും ആലോചിക്കുന്നതായി സ്‌കൂള്‍ അറിയിച്ചു. കേംബ്രിഡ്ജ്‌ഷെയറിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് തോമസ് ക്ലാര്‍ക്ക്‌സണ്‍ അക്കാദമി. ഏതാണ്ട് 1300 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.