മലയാളികളുടെ ജീവിതശൈലി ചര്‍മത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നുവെന്ന് ഗവേഷകര്‍. കഴുകാത്ത ജീന്‍സ് ദിവസങ്ങളോളം ഉപയോഗിക്കുന്നതു മുതല്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വരെ ചര്‍മരോഗങ്ങള്‍ക്ക് കാരണമാകുന്നു.

കേരളത്തില്‍ നിന്ന് തുടച്ച് നീക്കിയെന്ന് പറയപ്പെടുന്ന കുഷ്ഠരോഗം തിരിച്ചു വരുന്നതിന്റെ ലക്ഷണങ്ങളും പ്രകടമാണെന്ന് വിദ്ഗ്ധര്‍ അഭിപ്രായപ്പെടുന്നു. മുന്‍പ് നാലു ശതമാനം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചിരങ്ങ്, വട്ടച്ചൊറി പോലുള്ള രോഗങ്ങള്‍ 25 മുതല്‍ 30 ശതമാനം പേരില്‍ കാണപ്പെടുന്നുവെന്ന് ചര്‍മരോഗത്തിന് ചികിത്സ നല്‍കുന്ന ഡോക്ടര്‍മാര്‍ പറയുന്നു.

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത വസ്ത്രമാണ് ജീന്‍സ്. അത് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കുമ്പോള്‍ വിയര്‍പ്പ് തങ്ങിയിരുന്നു കൂടുതല്‍ ചര്‍മരോഗങ്ങള്‍ക്ക് കാരണമാകുന്നു. അതുപോലെ മുഖസൗന്ദര്യം വര്‍ധിപ്പിക്കാനും വെളുപ്പിക്കാനും ഉപയോഗിക്കുന്ന സൗന്ദര്യവര്‍ധക വസ്തുക്കളും ചര്‍മത്തിന് ദോഷകരമാണ്.

വൃത്തിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന മലയാളികള്‍ വ്യക്തിശുചിത്വത്തില്‍ പിന്നോക്കം പോയതാണ് ചര്‍മരോഗങ്ങള്‍ കൂടാന്‍ കാരണം. ചര്‍മരോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ മെഡിക്കല്‍ സ്‌റ്റോറില്‍ നിന്ന് കിട്ടുന്ന ലേപനങ്ങള്‍ പുരട്ടി സ്വയം ചികിത്സ നടത്താതെ ഡോക്ടറുടെ ഉപദേശം വാങ്ങുകയാണ് ഉത്തമം.