ജിമ്മി ജോസഫ്

മെയ് 24ന് വൈകുന്നേരം 4:30 മുതല്‍ ഗ്ലാസ്‌ഗോയിലെ ഈസ്റ്റ്കില്‍ ബ്രൈഡ് ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് പള്ളി ഹാളില്‍ വച്ച് പ്രഥമ സ്‌കോട്ടിഷ് മലയാളി സ്റ്റാര്‍ സിംഗര്‍ സീനിയര്‍, ജൂണിയര്‍, സബ് ജൂണിയര്‍ മത്സരങ്ങള്‍ നടത്തപ്പെടുന്നു. 18 വയസ്സുവരെയുള്ളവര്‍ക്കു വേണ്ടിയുള്ള മത്സരം മാത്രം നടത്താനാണുദ്ദേശിച്ചിരുന്നതെങ്കിലും പൊതുജനാഭിപ്രായം കണക്കിലെടുത്ത് 18 വയസ്സിനു മുകളിലുള്ളവരെയും മത്സരിപ്പിക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരായിയിരിക്കുകയാണ്. സ്‌കോട്‌ലാന്‍ഡില്‍ താമസിക്കുന്ന ഏതൊരു മലയാളിക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. 3 കാറ്റഗറിയിലാണ് മത്സരങ്ങള്‍ നടത്തുക.12 വയസ്സില്‍ താഴെയുള്ളവരുടെ ഗ്രൂപ്പും 12 മുതല്‍ 18 വരെയുള്ളവരുടെ ഗ്രൂപ്പും 18 വയസ്സിനു മുകളിലേക്കുള്ള മുതിര്‍ന്നവരുടെ ഗ്രൂപ്പും.ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മെയ് 20ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ശ്രീ. വേണുഗോപാലും സംഘവും വിധി നിര്‍ണ്ണയം നടത്തുന്ന ഈ മത്സരത്തിലെ വിജയികളെ മെയ് 25 ന് നടക്കുന്ന വേണുഗീതം 2018ല്‍ ആദരിക്കും.

മെയ് 25 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ ഗ്ലാസ്‌ഗോയിലെ മദര്‍വെല്‍ കണ്‍സേര്‍ട്ട് ഹാളില്‍ വച്ചാണ് വേണുനാദ സംഗീത സപര്യയുടെ 35ാ-ാമത് വാര്‍ഷികത്തിന്റെ ആഘോഷാരവങ്ങള്‍ക്ക് തുടക്കം കുറിക്കുക. പ്രശസ്ത പിന്നണി ഗായകരായ ജി. വേണുഗോപാല്‍, വൈഷ്ണവ് ഗിരീഷ്, മൃദുല വാര്യര്‍, ഡോ. വാണീ ജയറാം, ഫാ.വില്‍സണ്‍ മേച്ചേരില്‍, പ്രശസ്ത മെന്റലിസ്റ്റും മൈന്‍ഡ് മജിഷ്യനുമായ രാജമൂര്‍ത്തി, മിനി സ്‌ക്രീന്‍ അവതാരകന്‍ കോമഡി ആര്‍ട്ടിസ്റ്റ് സാബു തിരുവല്ല, കീബോര്‍ഡിസ്റ്റ് രാജ് മോഹന്‍, കൂടാതെ സ്‌കോട്‌ലാന്‍ഡ് മലയാളികള്‍ക്ക് ഇന്നേവരെ പരിചിതമല്ലാത്ത എല്‍ ഇ ഡി സ്റ്റേജ് സംവിധാനങ്ങളും, മികച്ച അവതരണ ശൈലിയും കലാഭവന്‍ നൈസ് അണിയിച്ചൊരുക്കുന്ന ന്യത്തനൃത്യങ്ങളും കൂടിച്ചേരുമ്പോള്‍ വേണുഗീതം 2018 അനുവാചകരെ ദൃശ്യശ്രവണ മായിക മാസ്മരികതയുടെ കാണാപ്പുറ തലങ്ങളിലെത്തിക്കും എന്നു തീര്‍ച്ച.

സ്‌കോട്ടിഷ് മലയാളി സ്റ്റാര്‍ സിംഗറിനെക്കുറിച്ച് വിശദ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ സ്റ്റാര്‍ സിംഗര്‍ കോര്‍ഡിനേറ്റര്‍ സോജോ ആന്റണി ഗ്ലാസ്‌ഗോയെ 07535 974024 എന്ന നമ്പറിലും യുസ്മ സെക്രട്ടറി അനില്‍ കിര്‍ക്കാള്‍ഡിയെ 07862 230620 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.