ആശ്വാസ തീരത്ത് പെരിയാർ . ഇടുക്കി അണക്കെട്ടിൽ നിന്നുള്ള ജലപ്രവാഹത്തെ തുടർന്ന് പെരിയാറിലെ ജലനിരപ്പ് നേരിയ തോതിൽ ഉയർന്നെങ്കിലും കടലിലേക്കുള്ള ഒഴുക്ക് കൂടിയത് ആശങ്കളെ അസ്ഥാനത്താക്കി. ഇനി പെരിയാർ തീരത്ത് ജലനിരപ്പുയരാൻ സാധ്യതയില്ലെന്ന വിലയിരുത്തലിലാണ് ജില്ലാ ഭരണകൂടം.

ഇടുക്കിയിൽ നിന്നുള്ള വെള്ളം കുത്തിയൊലിച്ചെത്തിയെങ്കിലും ആശങ്കപ്പെട്ട പോലെ കര കവിഞ്ഞൊഴുകിയില്ല പെരിയാർ 

അണക്കെട്ടിൽ നിന്ന് അതിതീവ്ര ജലപ്രവാഹമുണ്ടായെങ്കിലും വേലിയിറക്കം ശക്തമായിരുന്നത് പെരിയാർ തീരത്തിന് ആശ്വാസമായി. കഷ്ടിച്ച് ഒരടി വെള്ളം മാത്രമാണ് ഉയർന്നത്.

നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലായി. വിമാനത്താവളത്തില്‍ ഒഴുകി എത്തിയ വെള്ളം പൂര്‍ണമായും പമ്പ് ചെയ്തു കളയാന്‍ ഇനിയും മണിക്കൂറുകള്‍ എടുക്കും. നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്തേയ്ക്കു നീട്ടിവച്ച കൂറ്റന്‍ പൈപ്പുകളിലൂടെ വെള്ളം സമീപത്തെ കാനയിലേക്ക് തുറന്നുവിട്ടു.

കൂറ്റന്‍ മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ചാണ് തുടര്‍ച്ചയായി വെള്ളം പുറത്തുവിട്ടത്. റണ്‍വേയുടെ പരിസരത്ത് നിന്ന് വെള്ളം ഒഴുകിപോകാന്‍ സംവിധാനമുണ്ടായിരുന്നു. ഇങ്ങനെ, ഒഴുകി പോകുന്ന വെള്ളം പുറത്തേയ്ക്കു വിടാന്‍ സംവിധാനമുണ്ടെങ്കിലും അത് മതിയാകില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് കൂറ്റന്‍ മോട്ടോറുകള്‍ ഉപയോഗിച്ച് രാത്രിതന്നെ പമ്പിങ് തുടങ്ങിയത്.

മഴമാറി നിന്നതോടെ പെയ്ത്തു വെള്ളവും റണ്‍വേയില്‍ നിന്ന് നീങ്ങി. ഇതോടെ, വിമാന സര്‍വീസുകള്‍ വീണ്ടും സുഗമമായി നടത്താന്‍ കഴിഞ്ഞു. വെളുപ്പിന് അഞ്ചരയോടെ സിയാല്‍ അധികൃതര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഹജ് യാത്ര ഉള്‍പ്പെടെ നിരവധി സര്‍വീസുകളുള്ള സമയമായതിനാല്‍ നിരവധി യാത്രക്കാര്‍ നെടുമ്പാശേരിയിലെ അവസ്ഥ അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.