സ്റ്റോക്ക് ഓണ്‍ ട്രെന്റ്: സ്‌റ്റഫോർഡ്ഷയർ മലയാളി അസ്സോസിയേഷന്റെ (എസ് എം എ) ഓണാഘോഷപരിപാടിയ്ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സ്റ്റോക്കിലെ മലയാളി സമൂഹത്തിന്റെ അഭിരുചിക്കനുസരിച്ചുള്ള പരിപാടികളാണ് ഇക്കുറിയും രൂപം നല്‍കിയിരിക്കുന്നത്.

കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പങ്കെടുക്കുന്ന എസ് എം എയുടെ കലാകാരന്മാര്‍ ഒരുക്കുന്ന പുലികളി, ചെണ്ടമേളം, തിരുവാതിര, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ വിവിധയിനം പരിപാടികളുടെ പരിശീലനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. താളമേളക്കൊഴുപ്പകളുടെ അകമ്പടിയോടെ വര്‍ണ്ണാഭമായ പൂക്കളത്തിന് ചുറ്റും ചാടിമറിയുന്ന പുലികളോടൊപ്പം മാവേലിയും എത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. യുക്മ ദേശീയ പ്രസിഡന്റ് ശ്രീ മനോജ്കുമാര്‍ പിള്ള ‘ഓണനിലാവ് 2019’ ഉത്ഘാടനം ചെയ്യും.

ഓണനിലാവിന്റെ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുവാന്‍ പ്രമുഖ മലയാള ടെലിവിഷന്‍ കോമഡി ഷോകളായ കോമഡി സര്‍ക്കസ്, കോമഡി ഉത്സവം എന്നീ വേദികളിലൂടെ പ്രശസ്തരായ കലാകാരന്മാരെ കോര്‍ത്തിണക്കിക്കൊണ്ട് അനൂപ് പാലായുടെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിക്കുന്ന സ്റ്റേജ് പ്രോഗ്രാമാണ് ഓണനിലവിന്റെ മാറ്റ് കൂട്ടുന്നതെന്ന് നിസ്സംശയം പറയാം.

കൃത്യസമത്ത് തന്നെ പരിപാടികള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇന്നലെ കൂടിയ വിവിധ ആഘോഷ കമ്മിറ്റികളുടെ കണ്‍വീനര്മാരുടെയും ഭാരവാഹികളുടെയും യോഗം വിലയിരുത്തി. സെപ്റ്റംബര്‍ 22 ഞായറാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് തന്നെ ഓണനിലാവ് അരങ്ങേറുന്ന ബ്രാഡ്വെല്‍ കമ്മ്യുണിറ്റി എഡ്യൂക്കേഷന്‍ സെന്ററില്‍ മുഴുവന്‍ മലയാളി കുടുംബങ്ങളും എത്തിച്ചേരണമെന്ന് സംഘാടക സമിതി അഭ്യര്‍ത്ഥിച്ചു.