സ്റ്റോക്ക് ഓൺ ട്രെന്റ്: ഓണം എന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്. അതുകൊണ്ട് തന്നെ മറുനാട്ടില്‍ ഓണം ആഘോഷിക്കേണ്ടി വരുമ്പോഴും മലയാളിത്തത്തോടെ ആഘോഷിക്കാന്‍ ഓരോ മലയാളിയും ബദ്ധശ്രദ്ധ കാണിക്കുന്നു. മലയാളി തനിമ തൊട്ടുണർത്തി… സ്റ്റോക്ക് മലയാളികളുടെ ഹൃദയങ്ങളിൽ സന്തോഷത്തിന്റെ പൂക്കളം തീർത്ത..  സ്റ്റോക്ക് മലയാളി വീട്ടമ്മമാരുടെ ഒരുമയിൽ ഒരു കയ്യൊപ്പ് പതിഞ്ഞപ്പോൾ നാവില് രുചിയേറുന്ന ഓണസദ്യയുമായി എസ് എം എ സ്റ്റോക്ക് ഓൺ ട്രെന്റ് ഒരുക്കിയത് അവർണ്ണനീയമായ ആഘോഷപരിപാടികൾ.. പകിട്ടാർന്ന പൂക്കളവും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും… ഓർമ്മയിൽ ഓടിയെത്തുന്ന ചിങ്ങപ്പുലരികൾ സമ്മാനിക്കുന്നത് ഓർമ്മകളുടെ പൂക്കാലമാണ് എന്ന് പ്രവാസികളായ മലയാളികൾക്ക് പറഞ്ഞുകൊടുക്കേണ്ടതില്ല എന്നത് ഒരു സത്യം..

മലയാളിയുടെ മനസ്സില്‍ സ്‌നേഹത്തിന്റെ പച്ചപ്പും, സാഹോദര്യത്തിന്റെ നറുമണവും നിറയ്ക്കുന്ന തിരുവോണനാളുകൾ ഓർമ്മയിൽ നിന്നും പൊടിതട്ടിയെടുത്തപ്പോൾ ഇന്നലെ സ്റ്റോക്ക് ഓൺ റെന്റിലെ ബ്രാഡ്‌വെൽ കമ്മ്യൂണിറ്റി ഹാളിലേക്ക് സ്റ്റോക്ക് മലയാളികൾ ഒഴുകിയെത്തി… രാവിലെ പതിനൊന്ന് മണിയോടുകൂടി മത്സരങ്ങൾക്ക് തുടക്കം… എല്ലാവര്ക്കും പങ്കെടുക്കാൻ ഉതകും വിധം പലതരം മത്സരങ്ങൾ.. മത്സരങ്ങളുടെ ആവേശം ആളിക്കത്തിയപ്പോൾ കളികളിൽ പങ്കുചേരാൻ താത്പര്യമുള്ളവരുടെ നീണ്ട നിരകൾ കാണുമാറായി.. ഓണത്തിന് കൊഴുപ്പ് പകരുന്ന വടംവലികൂടി അരങ്ങേറിയപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റ് ബ്രാഡ്‌വെൽ കമ്മ്യൂണിറ്റി സെന്റർ ഒരു കൊച്ചു കേരളമായി മാറുകയായിരുന്നു… വടംവലി അവസാനിച്ചതോടെ മത്സരങ്ങൾക്ക് വിടനൽകി ഓണസദ്യയിലേക്ക്.. മറ്റൊരു ഹാളിൽ രുചിയേറും ഓണസദ്യ.. അസോസിയേഷനിലെ അംഗങ്ങളുടെ ഭവനങ്ങളിൽ സ്റ്റോക്ക് അമ്മമാർ ഒരുക്കിയത് രുചിയേറും ഓണസദ്യ…  കഴിച്ചത് നൂറുകണക്കിന് മലയാളികൾ … മെയിൻ ഹാളിൽ നിന്ന് മാറിയെങ്കിലും ഇമ്പമാർന്ന പാട്ടുകളുമായി ഓണസദ്യ മുന്നോട്ടുപോയി…

ഓണപ്പരിപാടികളുടെ ഓർമ്മകളുണർത്തി അതിമനോഹരമായ തിരുവാതിര… തുടർന്ന് എസ് എം എ പ്രസിഡണ്ട് വിനു ഹോർമിസ് അധ്യക്ഷനായി സാംസ്ക്കാരിക സമ്മേളനം…. ഏവർക്കും സ്വാഗതമോതി എസ് എം എ യുടെ സെക്രട്ടറി ജോബി ജോസ്.. വേദിയിൽ ട്രെഷറർ വിൻസെന്റ് കുര്യക്കോസ്, ജോയിന്റ് സെക്രട്ടറി ടോമി ജോസഫ്, യുക്മ പ്രസിഡന്റ് മാമൻ ഫിലിപ്പ്, കൺവീനർമാരായ ക്രിസ്റ്റി സെബാസ്റ്റ്യൻ, ജോസ് മാത്യു, ജിജി ജസ്റ്റിൻ, മുൻ പ്രസിഡണ്ട് റിജോ ജോൺ, മുൻ  സെക്രട്ടറി അബിൻ ബേബി തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.  തിരുവോണദിനത്തില്‍ മഹാബലി തമ്പുരാന്‍ തന്റെ പ്രജകളെ കാണാന്‍ വന്നെത്തും എന്ന വിശ്വാസം തെറ്റിക്കാതെ താളമേളങ്ങളുടെയും മുത്തുക്കുടകളും പുലികളിയും ഒത്തുചേർന്ന് മാവേലിയുടെ ആഗമനം… പിന്നീട് ഔദ്യോഗികമായ ഉത്ഘാടനം..  ആശംസകളുമായി ഓണാഘോഷപരിപാടിയുടെ കൺവീനർമാരിൽ നിന്ന് ക്രിസ്റ്റി സെബാസ്റ്റ്യൻ, യുക്മ നാഷണൽ പ്രസിഡണ്ട് മാമൻ ഫിലിപ്പ്.. സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികളുടെ മനോവികാരങ്ങൾ മനസിരുത്തി പഠിച്ചശേഷം മലയാളഭാഷയെ അതിന്റെ എല്ലാ ചാരുതയോടും കൂടി അതിമനോഹരമായി  ഉപയോഗിച്ച ഷാജിച്ചേട്ടൻ (എബ്രഹാം റ്റി എബ്രഹാം)  നൽകിയ ഓണസന്ദേശം… പുതിയ ലോകം അല്ലെങ്കിൽ ന്യൂജെൻ സംസ്ക്കാരം സുഗന്ധമില്ലാത്ത പൂക്കളാണ് എന്ന് പറയുവാൻ അദ്ദേഹം മടികാണിച്ചില്ല… ഓണത്തിന്റെ അന്തസത്ത മനസിലാക്കി, മാവേലിയെ നാമാരും കണ്ടിട്ടില്ലെങ്കിലും എല്ലാവരും മാവേലി എന്ന ഒരു വിശ്വാസം കാത്തുസൂക്ഷിക്കുന്നു… കാരണം മാവേലിയുടെ നന്മകൾ മൂലമാണ് എന്നതുപോലെ മലയാളികളായ നമ്മുടെ ജീവിതവും അതനുസരിച്ചു  ക്രമപ്പെടുത്തുമ്പോൾ നമ്മുടെ ജീവിതവും സുഗന്ധം പരത്തുന്ന പുഷ്പ്പങ്ങളാവും എന്ന് ഓർമ്മിപ്പിച്ചാണ് സന്ദേശം അവസാനിപ്പിച്ചത്. തുടർന്ന് യുക്മ നാഷണൽ സ്പോർട്സ് മീറ്റിൽ കഴിവുതെളിയിച്ചവർക്കായി സമ്മാനദാനം.. എസ് എം എ യുടെ വൈസ് പ്രസിഡണ്ട് സിജി സോണിയുടെ നന്ദിപ്രകാശനത്തോടെ സാംസ്ക്കാരിക സമ്മേളനത്തിന് തിരശീല വീണു..

പാട്ടുകളും സിനിമാറ്റിക് ഡാൻസുകളും കൊണ്ട് കളം നിറഞ്ഞപ്പോൾ താളമേളങ്ങളുടെ പെരുമ്പറ മുഴക്കിയത് പ്രെസ്റ്റൺ ചെണ്ടമേളക്കാരാണ്.. പത്തുപേരുടെ ടീമുമായി ഇറങ്ങിയ അവർ അതിമനോഹരമായ ഒരു കലാവിരുന്ന് തന്നെയാണ് സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾക്കായി കാഴ്ചവെച്ചത്. ക്ലാസിക്കൽ ഡാൻസുകളും മോഹിനിയാട്ടവും എന്ന് തുടങ്ങി ആഘോഷം ഇടമുറിയാതെ മുന്നേറിയപ്പോൾ സമയം കടന്നുപോയത് പലരും അറിയാതെപോയി.. ഓണസദ്യകൊണ്ട് തീർന്നു എന്ന് കരുതിയവരുടെ പ്രതീക്ഷകളെ മാറ്റിമറിച്ചു ഏഴുമണിയോട് കൂടി ദോശയും ചമ്മന്തിയും സാമ്പാറും നൽകിയപ്പോൾ, ഇങ്ങനെയൊക്കെ എങ്കിൽ മാവേലിക്ക് തിരിച്ചുപോകാൻ പോലും ഒരു വൈമനസ്യം ഉണ്ടാകും എന്നാണ് സ്റ്റോക്ക് മലയാളികളുടെ അടക്കം പറച്ചിൽ…

[ot-video][/ot-video]

ഓരോ മലയാളിയ്ക്കും ഓണനാളുകള്‍, പ്രത്യേകിച്ചും തിരുവോണദിനം കാത്തിരിപ്പുകളുടെ സാഫല്യത്തിന്റെ ദിനമാണ്. ഏറെ നാളായി ദൂരദേശങ്ങളില്‍ വസിക്കുന്ന ബന്ധു മിത്രാദികള്‍ നാട്ടിലേക്ക് ഓടിയെത്തി, പഴയ ഓര്‍മ്മകളും, സ്‌നേഹബന്ധങ്ങളും പുതുക്കുന്ന സുന്ദര ദിനം. പലദേശങ്ങളില്‍ ജോലി ചെയ്യുന്ന മക്കള്‍, വേര്‍പാടിന്റെയും ഒറ്റപെടലിന്റെയും വേദന പേറി ജീവിക്കുന്ന അച്ഛനമ്മമാരെ സന്ദര്‍ശിച്ച് അവര്‍ക്കൊപ്പമിരുന്ന് പൂക്കളം തീര്‍ത്തും, സദ്യയുണ്ടും അടുത്ത ഓണനാളുകള്‍ വരുന്നത് വരെ ഓര്‍ത്തു വെക്കാനുള്ള നനുത്ത ദിനങ്ങള്‍ തീര്‍ക്കുന്ന ദിനങ്ങളാണ് ഓണക്കാലം. യൂറോപ്പിലെ പ്രവാസികളെ സംബന്ധിച്ചു പല പ്രായോഗിക ബുദ്ധിമുട്ടുകളും ഓണദിനങ്ങളിലുള്ള ഇത്തരം ഒത്തുചേരലിന് തടസം സൃഷ്ടിക്കുമെങ്കിലും തന്റെ ഓർമ്മകളെ മക്കൾക്ക് പകർന്നുനൽകാൻ കിട്ടുന്ന അവസരം മലയാളികൾ നഷ്ടപ്പെടുത്താറില്ല എന്നത് ഒരു നല്ല കാര്യമാകട്ടെ എന്ന് പ്രത്യാശിക്കാം..

ഫെയ്‌സ്ബുക്ക്, വാട്സ് ആപ്പ് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ നിറഞ്ഞൊഴുകുന്ന ഓണാശംസകള്‍ മാറ്റിവച്ച്, തിരക്കിന്റെ ഈ ആധുനികകാലത്ത് മനുഷ്യ സ്‌നേഹം ഊട്ടിയുറപ്പിക്കാന്‍ ഇത്തരം കൂട്ടായ്മകൾ പര്യാപ്തമാവും എന്ന് പ്രത്യാശിക്കുന്നതോടൊപ്പം മറ്റൊരു ഓണപ്പുലരിക്കായി കാത്തിരിക്കാം…

[ot-video][/ot-video]

 

 

കൂടുതൽ ഫോട്ടോസ് കാണാം..

[ot-video][/ot-video]