ടോമി ജോര്‍ജ്ജ് 

സ്വാന്‍സി: സ്വാന്‍സി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍, വിഷു ആഘോഷവും, അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന വാര്‍ഷിക ട്രിപ്പും പെംബ്രോക്ക് ഷയറിലുള്ള സ്റ്റാക്‌പോള്‍ ആക്റ്റിവിറ്റി സെന്ററില്‍ വച്ച് ഏപ്രില്‍ 21 മുതല്‍ 23 വരെയുള്ള തീയതികളില്‍ പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ഏപ്രില്‍ 21ന് വൈകുന്നേരം ആറുമണിയോടെ സ്റ്റാക്ക്‌പോള്‍ കമ്മ്യൂണിറ്റി സെന്ററില്‍ ആരംഭിച്ച സമ്മേളനത്തിന് സ്വാന്‍സി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബിജു മാത്യു അദ്ധ്യക്ഷത വഹിക്കുകയും സെക്രട്ടറി ലിസ്സി റെജി സ്വാഗതം ആശംസിക്കുകയും ചെയ്തു. തുടര്‍ന്നു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ച നിരവധി കലാപരിപാടികള്‍ രാവേറെ നീണ്ട് നിന്നു.

സ്വാന്‍സി മലയാളി അസോസിയേഷന്റെ കുരുന്നുകള്‍ അവതരിപ്പിച്ച ഡാന്‍സുകളും പാട്ടുകളും വൈവിധ്യമാര്‍ന്ന നിരവധി സ്‌കിറ്റുകളും ഏറെ രസകരമായിരുന്നു. ആട്ടവും പാട്ടുമായി കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും കൂടിയതോടെ ആഘോഷപരിപാടികള്‍ അതിഗംഭീരമായി. മുതിര്‍ന്നവര്‍ക്കായി നടത്തിയ കപ്പിള്‍ ഡാന്‍സ്, പുരുഷന്മാര്‍ക്കായി നടത്തിയ സാരിയുടുക്കല്‍ മത്സരങ്ങള്‍ അതീവ രസകരമായിരുന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരമായ കഴിവുകള്‍ കണ്ടെത്തി എല്ലാവരെയും ഒത്തൊരുമിപ്പിച്ചു കലാപരിപാടികള്‍ ഭംഗിയായി നടത്തുനതിന് അസോസിയേഷന്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി പ്രീമ ജോണ്‍ നേതൃത്വം നല്‍കി.

മനോജ് ലിസി ദമ്പതികളുടെ മകളായ സാനിയമോളുടെ പത്താമത് ജന്മദിനം ചടങ്ങില്‍ വച്ച് ആഘോഷിക്കുകയും അന്‍പതാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ബിനു മഞ്ജു ദമ്പതികളുടെ മാതാപിതാക്കളെ ചടങ്ങില്‍ വച്ച് ആദരിക്കുകയും ചെയ്തു.

ഏപ്രില്‍ 22ന് ശനിയാഴ്ച രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം വെയില്‍സിലെ പ്രധാനപ്പെട്ട ബീച്ചുകളില്‍ ഒന്നായ Barafundle Bayയിലേക്ക് പോകുകയും അവിടെ വച്ചു കുട്ടികളുടെയും മുതിര്‍ന്നവരുടെയുമായി നിരവധി നാടന്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വൈകുന്നേരം കൂടുതല്‍ കലാമത്സരങ്ങളൂം വൈവിദ്ധ്യമാര്‍ന്ന നിരവധി വിഭവങ്ങള്‍ കൊണ്ട് സമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു.

അസ്സോസിയേഷനു വേണ്ടി രുചിയേറിയ വിഭവങ്ങളുമായി കേറ്ററിങ് നടത്തിയ പോപ്പച്ചന്‍ പ്രത്യേകം അഭിനന്ദനം ഏറ്റുവാങ്ങി. തിളക്കമാര്‍ന്ന പരിപാടികളും നല്ല കാലാവസ്ഥയും കൂടിയായപ്പോള്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു പ്രോഗ്രാം അവിസ്മരണീയമായ അനുഭവമായിമാറി. തുടര്‍ന്ന് പരിപാടികളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജിജി എം ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു.

ഈസ്റ്റര്‍ – വിഷു പ്രോഗ്രാമിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക