സമൂഹമാധ്യമങ്ങളില്‍ സ്വകാര്യ വീഡിയോകള്‍ പ്രചരിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. സ്വകാര്യതയുള്ള സ്വന്തം മുറിക്കുള്ളില്‍ നിന്നോ അല്ലെങ്കില്‍ അതുപോലെ മറ്റെവിടെ നിന്നെങ്കിലുമോ പകര്‍ത്തുന്ന ചിത്രങ്ങളും വീഡിയോകളും എങ്ങനെയാണ് സമൂഹ മാധ്യമങ്ങളിലേക്കെത്തുന്നത്? ഇവിടെ വില്ലന്‍ സാങ്കേതിക വിദ്യ തന്നെയാണ്. അത് നിങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ ആവാം അല്ലെങ്കില്‍ ക്യാമറയാവാം കംപ്യൂട്ടറാവാം. സ്വന്തം ക്യാമറയിലോ, സ്മാര്‍ട്‌ഫോണിലോ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ പൊതുമധ്യത്തില്‍ പ്രചരിക്കാന്‍ നിരവധി വഴികളുണ്ട്. ചിത്രങ്ങള്‍ പകര്‍ത്തിയ ആളുകള്‍ തന്നെ അത് പുറത്ത് വിടുന്നതാണ് ആദ്യത്തേത്. മറ്റൊന്ന് ഉടമസ്ഥര്‍ അറിയാതെ ഉപകരണങ്ങളില്‍ നിന്നും മറ്റാരെങ്കിലും മറ്റെങ്ങിനെയെങ്കിലും ചോര്‍ത്തുന്നതാവാം.
എങ്ങിനെയെല്ലാം ഈ ചോര്‍ച്ച സംഭവിക്കാം?

ഉപകരണങ്ങളില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ നീക്കം ചെയ്താല്‍ അത് അവിടെ തീര്‍ന്നു എന്ന് കരുതിയെങ്കില്‍ തെറ്റി. ഒരിക്കല്‍ നീക്കം ചെയ്ത ദൃശ്യങ്ങള്‍ എല്ലാം തന്നെ വീണ്ടും തിരിച്ചെടുക്കാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഇന്ന് ആര്‍ക്കും ലഭിക്കാവുന്നതേയുള്ളൂ. ഉപകരണങ്ങള്‍ നന്നാക്കുന്ന സ്ഥലങ്ങളില്‍ നിന്ന്, മോഷ്ടിക്കപ്പെടുന്ന ഫോണുകളില്‍ നിന്ന്, ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളില്‍ നിന്നെല്ലാം നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നു പോവാനുള്ള സാധ്യതയുണ്ട്.
വില്ലനായ റിക്കവറി സോഫ്റ്റ്‌വെയറുകള്‍ സ്മാര്‍ട്‌ഫോണുകള്‍, മെമ്മറി കാര്‍ഡുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, പെന്‍ഡ്രൈവുകള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം നിങ്ങള്‍ ഒരിക്കല്‍ നീക്കം ചെയ്‌തെടുത്ത ചിത്രങ്ങളോ, വീഡിയോകളോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും വിവരങ്ങളോ തിരിച്ചെടുക്കാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയറുകളാണ് റിക്കവറി സോഫ്റ്റ് വെയറുകള്‍.

മോഷണം പോകുന്നതോ, വില്‍ക്കുന്നതോ ആയ ഇത്തരം ഉപകരണങ്ങള്‍ തീര്‍ച്ചയായും മറ്റൊരാളുടെ കയ്യിലെത്തിയേക്കാം ഒരു പക്ഷെ അത് നിങ്ങള്‍ മറ്റാര്‍ക്കെങ്കിലും വിശ്വസിച്ച് നല്‍കിയതും ആവാം, ചിലപ്പോള്‍ ആര്‍ക്കെങ്കിലും കേടുപാടുകള്‍ തീര്‍ക്കാന്‍ നല്‍കിയതാവാം. എന്തായാലും അവിടെയൊന്നും നിങ്ങളുടെ വിവരങ്ങള്‍ക്ക് യാതൊരു സുരക്ഷിതത്വവുമില്ല എന്നോര്‍ക്കുക. കുബുദ്ധികളായ ആരുടെയെങ്കിലും പക്കലാണ് അവയെത്തുന്നതെങ്കില്‍ കാര്യം കൈവിട്ട കളിയാവും.
മൊബൈല്‍ ആപ്പുകള്‍ പണി തരുമ്പോള്‍ സ്വകാര്യത എന്നത് ഇന്റര്‍നെറ്റ് യുഗത്തില്‍ ഒരു സങ്കല്‍പം മാത്രമാണ്. ഒരു പക്ഷെ സ്വകാര്യത എന്നതിന് മറ്റൊരര്‍ത്ഥം തന്നെ നല്‍കേണ്ടതായി വരും. അതുകൊണ്ടുതന്നെ സ്വകാര്യതയില്‍ ആശങ്കയുള്ളവര്‍ സ്മാര്‍ട്‌ഫോണുകളെ ഭയക്കേണ്ടിയിരിക്കുന്നു. സ്മാര്‍ട്‌ഫോണുകളില്‍ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തുന്നവര്‍ പ്രത്യേകിച്ചും. സ്മാര്‍ട്‌ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്ലിക്കേഷനുകളാണ് മറ്റൊരു വില്ലന്‍. നിങ്ങളറിയാതെ നിങ്ങളുടെ വിവരങ്ങള്‍ ദൂരെയൊരിടത്തിരുന്ന മറ്റൊരാള്‍ക്ക് ചോര്‍ത്തിയെടുക്കാനുള്ള എല്ലാ സാധ്യതകളും ആപ്ലിക്കേഷനുകള്‍ ഒരുക്കുന്നുണ്ട്.

ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് അടക്കമുള്ള പല പ്രമുഖ ആപ്ലിക്കേഷനുകളും ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ചില അനുവാദങ്ങള്‍ ചോദിക്കാറുണ്ട്. നിങ്ങളുടെ ക്യാമറ ഉപയോഗിക്കാന്‍, നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റ് പരിശോധിക്കാന്‍, ഗാലറിയും സ്‌റ്റോറേജിലേക്കും പ്രവേശിക്കാന്‍ എല്ലാമുള്ള അനുവാദം ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ആപ്ലിക്കേഷനുകള്‍ ആവശ്യപ്പെടാറുണ്ട്. ഫോണുകളില്‍ ആവശ്യമായ അനുവാദങ്ങളില്ലാതെ ആപ്ലിക്കേഷനുകള്‍ക്ക് പ്രവര്‍ത്തികാനാവില്ല.

പലപ്പോഴും ആപ്പുകള്‍ മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങളും നിബന്ധനകളും ആരും തന്നെ വായിച്ച് നോക്കാറില്ല. നമ്മുടെ വിവരങ്ങള്‍ എന്തിനെല്ലാം ഉപയോഗിക്കുമെന്ന വിവരങ്ങളെല്ലാം അതില്‍ ഉണ്ടാവും.
അനുവാദങ്ങളെല്ലാം നല്‍കി കഴിഞ്ഞാല്‍ ആപ്ലിക്കേഷനുകള്‍ക്ക് നിങ്ങളറിയാതെ നിങ്ങളുടെ ഫോണില്‍ എവിടേയ്ക്കും കടന്നു കയറാനാവും. ഒരോ തവണ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെടുമ്പോഴും നിങ്ങളുടെ പല വിവരങ്ങളും ആപ്ലിക്കേഷനുകള്‍ ശേഖരിക്കുന്നുമുണ്ട്. എന്ത് വിവരമാണ് ശേഖരിക്കുന്നതെന്ന് നമ്മള്‍ അറിയുകയുമില്ല.

കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാത്ത നിരവധി ആപ്ലിക്കേഷനുകള്‍ ആപ്പ് സ്റ്റോറുകളില്‍ ലഭ്യമാണ്. ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ ശേഷിയുള്ള കെണികള്‍ അത്തരം ആപ്ലിക്കേഷനുകളില്‍ ഉണ്ടാവാന്‍ സാധ്യയേറെയാണ്.

എന്ത് ചെയ്യണം?

സ്വകാര്യ നിമിഷങ്ങള്‍ ഓര്‍മിക്കാനെങ്കിലും നിങ്ങള്‍ നിങ്ങളുടെ തലച്ചോര്‍ ഉപയോഗിക്കുക എന്നതാണ് ഇന്റര്‍നെറ്റ് യുഗത്തില്‍ സ്വകാര്യത സംരക്ഷിക്കാനുള്ള ഏക മാര്‍ഗം.
സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സ്മാര്‍ട്‌ഫോണുകളില്‍ പകര്‍ത്തരുത്. സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കരുത്. കംപ്യൂട്ടര്‍, സ്മാര്‍ട്‌ഫോണ്‍, മെമ്മറി കാര്‍ഡ്, ഹാര്‍ഡ് ഡിസ്‌ക് എന്നിവയിലൊന്നും സൂക്ഷിക്കരുത്. ഇതിനൊന്നും സാധിക്കില്ലെങ്കില്‍ സ്വകാര്യത ഒരു പ്രശ്‌നമല്ലെന്ന മനോഭാവം ഉള്ളവരായി മാറുക എന്നല്ലാതെ വേറൊരു വഴിയില്ല.