സി. ഗ്രേസ്മേരി

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ ”അഭിഷേകാഗ്‌നി” കാര്‍ഡിഫിലെ കോര്‍പ്പസ് ക്രിസ്റ്റി സ്‌കൂള്‍ ഹാളില്‍ വച്ച് ഒക്ടോബര്‍ 28ന് നടക്കും. ദൈവവചനം ശ്രവിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും പരിശുദ്ധാത്മ ശക്തിയാല്‍ നവജീവിതം രൂപപ്പെടുത്തുവാന്‍ ലക്ഷ്യമാക്കിയുള്ള ഈ കണ്‍വെന്‍ഷന്‍ നയിക്കുന്നത് പ്രമുഖ വചന പ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ആണ്.

അഭിഷേകത്തിന്റെ അഗ്‌നിജ്വാലകള്‍ ഈ റീജിയനിലെ ഓരോ കുടുംബത്തിലും ഈ ദേശം മുഴുവനിലും ആഞ്ഞുവീശി ദൈവകൃപയുടെ അവര്‍ണ്ണനീയമായ അനുഗ്രഹമഴ ചൊരിയുന്ന പുണ്യദിനമാണ് ഈ കണ്‍വെന്‍ഷന്‍. അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെയും ഫാ. സോജി ഓലിക്കലിന്റെയും ഫാ. സൈജു നടുവത്താനിയുടെയും ബ്രദര്‍ റെജി കൊട്ടാരത്തിന്റെയും മറ്റു വൈദിക ശ്രേഷ്ഠരുടെയും സാന്നിധ്യം ഈ കണ്‍വെന്‍ഷന്റെ പ്രത്യേകതയാണ്. കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ശുശ്രൂഷകള്‍ നയിക്കുന്നത് സെഹിയോന്‍ ”കിഡ്സ് ഫോര്‍ കിംഗ്ഡം ” ടീം ആയിരിക്കും.

കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ഒരുക്ക ധ്യാനം ഒക്ടോബര്‍ 15ന് കാര്‍ഡിഫില്‍ വച്ച് നടത്തപ്പെട്ടു. അഖണ്ഡജപമാലയും കണ്‍വെന്‍ഷന്‍ വിജയത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥനയും എല്ലാ കുര്‍ബാന സെന്ററുകളിലും വളരെ തീക്ഷ്ണതയോടെ നടക്കുന്നു. രാവിലെ പത്ത് മണിയ്ക്ക് ജപമാലയോടെ ആരംഭിച്ച് വചന പ്രഘോഷണം, കുമ്പസാരം, കുര്‍ബാന, ദിവ്യകാരുണ്യാരാധന എന്നീ ശുശ്രൂഷകളോടെ വൈകിട്ട് ആറുമണിക്ക് അവസാനിക്കുന്നു. ഉച്ചഭക്ഷണം ആവശ്യമുള്ളവര്‍ ലഞ്ച് ബോക്സ് കരുതേണ്ടതാണ്. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ പല സെന്ററുകളില്‍ നിന്നുമായി ഒന്‍പതോളം കോച്ചുകള്‍ അറേഞ്ച് ചെയ്തിട്ടുള്ളതായി സംഘാടകര്‍ അറിയിക്കുന്നു.

ഫ്രീ പാര്‍ക്കിംഗ് എല്ലാവര്‍ക്കും ലഭ്യമാണ്. ബ്രിസ്റ്റോള്‍, കാര്‍ഡിഫ് റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഫാ. പോള്‍ വെട്ടിക്കാട്ട്, ഫിലിപ്പ് കണ്ടോത്ത്, റോയി സെബാസ്റ്റിയന്‍, ജോസി മാത്യു, ജോണ്‍സണ്‍ പഴംമ്പള്ളി, റോജന്‍ ആന്റണി, ലിജോ സെബാസ്റ്റിയന്‍, സജി തോമസ്, എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഒരുക്കങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ഈ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനില്‍ സംബന്ധിച്ച് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയനിലുള്ള എല്ലാവരേയും സസ്നേഹം ക്ഷണിക്കുന്നതായി ഫാ. പോള്‍ വെട്ടിക്കാട്ട് അറിയിച്ചു