തിരുവനന്തപുരം ആറ്റിങ്ങലിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യക്ക് പിന്നില്‍ അധ്യാപികയുടെയും സഹപാഠികളുടെയും മാനസിക പീഡനമെന്ന് ആരോപണം. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിച്ചതിനാല്‍ ജീവനൊടുക്കുന്നൂവെന്ന് എഴുതിയ ആത്മഹത്യാ കുറുപ്പ് പൊലീസ് കണ്ടെടുത്തു. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വര്‍ക്കല എസ്. എന്‍ നഴ്സിങ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയും ആറ്റിങ്ങല്‍ കാട്ടുചന്തവിഷ്ണു ഭവനില്‍ പരേതനായ മുരളീധരന്‍റെയും അഘിലകുമാരിയുടെയും മകളുമായ ശിവപ്രിയയെയാണ് അടുക്കളയില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിവപ്രിയയുടേതെന്ന് കരുതുന്ന ആത്മഹത്യാകുറിപ്പില്‍ ജീവനൊടുക്കാന്‍ കാരണമായി പറയുന്നത് അധ്യാപികയുടെയും ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെയും മാനസിക പീഡനമാണ്. വാലന്റൈന്‍സ് ദിനത്തില്‍ ശിവപ്രിയയും കൂട്ടുകാരികളും ചേര്‍ന്ന് റാഗ് ചെയ്തെന്ന് ആരോപിച്ച് ഏതാനും വിദ്യാര്‍ഥികള്‍ കോളജില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ അധ്യാപകര്‍ മെമ്മോ നല്‍കുകയും ചെയ്തു. ചെയ്യാത്തകുറ്റത്തിന് മനപ്പൂര്‍വം ശിക്ഷിച്ചതിനാല്‍ ആത്മഹത്യ ചെയ്യുന്നൂവെന്നാണ് കത്തില്‍ പറയുന്നത്.

ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുത്ത ശേഷം അമ്മയും സഹോദരനും തിരികെയെത്തിയപ്പോളാണ് ശിവപ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാനസിക പീഡനമെന്ന ആരോപണം സ്ഥിരീകരിക്കാനായി അധ്യാപകരടക്കം കൂടുതല്‍പേരുടെ മൊഴിയെടുക്കാന്‍ ആറ്റിങ്ങല്‍ പൊലീസ് തീരുമാനിച്ചു.