എസ്.എന്‍.ഡി.പി. ക്ഷേത്രങ്ങളില്‍ ഇനി ഷര്‍ട്ടിട്ട് കയറാം; പ്രഖ്യാപനം നടപ്പാക്കി വെള്ളാപ്പള്ളി

എസ്.എന്‍.ഡി.പി. ക്ഷേത്രങ്ങളില്‍ ഇനി ഷര്‍ട്ടിട്ട് കയറാം; പ്രഖ്യാപനം നടപ്പാക്കി വെള്ളാപ്പള്ളി
May 06 05:07 2018 Print This Article

മൂവാറ്റുപുഴ: പുരുഷന്മാര്‍ ഷര്‍ട്ടും മറ്റ് മേല്‍വസ്ത്രങ്ങളും ഊരിയേ അമ്പലത്തില്‍ കയറാവൂ എന്ന ക്ഷേത്രാചാരം തിരുത്തി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൂവാറ്റുപുഴ എസ്.എന്‍.ഡി.പി. യൂണിയന്റെ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലാണ് വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപനം നടത്തി ഉടന്‍ നടപ്പാക്കിയത്.

ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടത്തിയ ഗുരുമണ്ഡപവും പുനഃപ്രതിഷ്ഠ നടത്തിയ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും ഭക്തര്‍ക്ക് സമര്‍പ്പിച്ച ശേഷം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി.

മന്ത്രവും തന്ത്രവും പറഞ്ഞ് ഭക്തരെ ചൂഷണം ചെയ്യുന്നവരെ തിരിച്ചറിഞ്ഞ് തിരസ്‌കരിക്കണം എന്നു പ്രഖ്യാപിച്ച് വെള്ളാപ്പള്ളി നടേശന്‍ പ്രസംഗം ഇടയ്ക്ക് അവസാനിപ്പിച്ച് ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു. ‘ഷര്‍ട്ട്, ബനിയന്‍ തുടങ്ങിയവ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കരുത്’ എന്ന് ഗോപുരനടയില്‍ വെച്ചിരുന്ന ബോര്‍ഡ് അദ്ദേഹം എടുത്തുമാറ്റി. ഉടുപ്പൂരാതെ തന്നെ ക്ഷേത്രത്തില്‍ പ്രവേശിക്കുകയും ചെയ്തു.

ഇതോടെ സദസ്സിലുണ്ടായിരുന്ന നൂറുകണക്കിന് വിശ്വാസികള്‍ വെള്ളാപ്പള്ളിക്കൊപ്പം ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു. പുരുഷന്‍മാര്‍ ഷര്‍ട്ടും ബനിയനും ഊരി മാത്രം ദര്‍ശനം നടത്തി വന്ന ക്ഷേത്രമാണിത്. എസ്.എന്‍.ഡി.പി. യോഗത്തിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇനി മുതല്‍ പുരുഷന്‍മാര്‍ക്ക് ഷര്‍ട്ടൂരാതെ ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന തീരുമാനവും അദ്ദേഹം പ്രഖ്യാപിച്ചു.

താന്‍ പ്രസിഡന്റായ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ഭക്തന്മാര്‍ ദര്‍ശനം നടത്തുന്നത് ഷര്‍ട്ട് ഊരാതെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്ത്രിമാരില്‍ ഒരു വിഭാഗം ഭക്തരെ ചൂഷണം ചെയ്യാനായി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതേപടി നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. സവര്‍ണ മേധാവിത്വത്തിന്റെ ബാക്കിപത്രങ്ങളായ അനാചാരങ്ങള്‍ ഇപ്പോഴും കൊണ്ടുനടന്ന് ജനങ്ങളെയും വിശ്വാസികളെയും പിഴിയുകയാണ്. ഇവയെ ചെറുക്കുകയും ഇല്ലാതാക്കുകയും വേണം – അദ്ദേഹം പറഞ്ഞു. .

ഏത് ശാസ്ത്രത്തിന്റെ പിന്‍ബലത്തിലാണ് ഷര്‍ട്ട് ഊരി വച്ചു മാത്രമേ ക്ഷേത്രപ്രവേശനം നടത്താന്‍ പാടുള്ളുവെന്ന് തന്ത്രിമാര്‍ പറയുന്നത്. കേരളത്തിലല്ലാതെ മറ്റെവിടെയാണ് ഈ രീതി നിലനില്‍ക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. ശ്രീനാരായണ ഗുരു സ്ഥാപിച്ച മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തില്‍ ഇനി മുതല്‍ ഷര്‍ട്ട് അണിഞ്ഞ് ദര്‍ശനം നടത്താമെന്ന് ക്ഷേത്രാധികാരികള്‍ അറിയിച്ചു. മറ്റു ക്ഷേത്രങ്ങളും ഈ മാതൃക തുടരേണ്ടതാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles