ലണ്ടന്‍: സോഷ്യല്‍ ഹൗസിംഗ് മേഖലയില്‍ ഈ പതിറ്റാണ്ട് അവസാനിക്കുമ്പോഴേക്കും 88,000 വീടുകള്‍ നഷ്ടമാകുമെന്ന് ടൗണ്‍ ഹാള്‍ നേതാക്കള്‍. തത്ഫലമായി ആയിരക്കണക്കിന് ജനങ്ങള്‍ വാടകയ്ക്ക് വീടുകള്‍ നല്‍കുന്നവരുടെ ചൂഷണത്തിനിരയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. സര്‍ക്കാരിന്റെ വാങ്ങല്‍ അവകാശ നിയമപ്രകാരം 66,000 കൗണ്‍സില്‍ ഭവനങ്ങള്‍ പ്രാദേശിക സര്‍ക്കാരുകള്‍ സ്വകാര്യ മുതലാളിമാര്‍ക്ക് വില്‍ക്കാന്‍ ധാരണയായിട്ടുണ്ട്. റൈറ്റ് ടു ബൈ പര്‍ച്ചേയ്‌സിലൂടെ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് വെറും മൂന്നിലൊന്ന് വില മാത്രമേ ലഭിക്കൂ. സാമൂഹ്യ ഭവന പദ്ധതി പ്രകാരം പകരം നല്‍കാന്‍ ഇവരുടെ പക്കല്‍ മതിയായ പണമില്ലെന്നും പ്രാദേശിക സര്‍ക്കാരുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക സ്ഥിതി ഇത്രയേറെ ഭീകരമായതിനാല്‍ 22,000 കൗണ്‍സില്‍ വീടുകള്‍ കൂടി ഇവര്‍ വിറ്റഴിക്കാന്‍ പദ്ധതിയിടുകയാണ്.
കൗണ്‍സില്‍ ഭവനങ്ങളുടെ എണ്ണത്തില്‍ വന്‍ കുറവ് ഇപ്പോള്‍ തന്നെയുണ്ട്. 1981ല്‍ അന്‍പത് ലക്ഷം കൗണ്‍സില്‍ ഭവനങ്ങള്‍ ഉണ്ടായിരുന്നത് 2014ല്‍ വെറും പതിനേഴ് ലക്ഷമായി ചുരുങ്ങി. വീടുകള്‍ ആവശ്യമുള്ളവര്‍ സ്വകാര്യ മേഖലയിലെ വാടക വീടുകളിലേക്ക് ചേക്കേറുകയാണ്. സര്‍ക്കാരിന്റെ ഭവനപദ്ധതികള്‍ ഏറെ കടുത്തതാണെന്ന് ലേബര്‍ പാര്‍ട്ടി കുറ്റപ്പെടുത്തുന്നു. വാങ്ങല്‍ അവകാശ നിയമമാണ് സോഷ്യല്‍ ഹൗസിംഗിന്റെ നാശത്തിന് കാരണമാകുന്നതെന്ന് ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് ടിം ഫാരന്‍ ആരോപിക്കുന്നു.

എന്നാല്‍ ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേന്റെ കണക്കുകള്‍ വെറും ഊഹാപോഹമാണെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. കഴിഞ്ഞ പതിമൂന്ന് കൊല്ലത്തേക്കാള്‍ കൂടുതല്‍ വീടുകള്‍ 2010ന് ശേഷം നിര്‍മിച്ചെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. പുതിയ ഭവനആസൂത്രണ ബില്ലില്‍ ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൗസിംഗും ആശങ്ക അറിയിച്ചിട്ടുണ്ട്. ബില്‍ ഇപ്പോള്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സിന്റെ പരിഗണനയിലാണ്. ഇതും കൂടുതല്‍ വീടുകള്‍ നിര്‍മിക്കുന്നതില്‍നിന്ന് കൗണ്‍സിലുകളെ തടയുന്നു. റൈറ്റ് ടു ബൈ വര്‍ഷം തോറും 7000 വീടുകള്‍ നഷ്ടപ്പെടാനേ ഉപകരിക്കൂ.

റൈറ്റ് ടു ബൈ പദ്ധതിയിലൂടെ വലിയ വിലക്കിഴിവില്‍ കൗണ്‍സിലുകള്‍ക്കും ഹൗസിംഗ് അസോസിയേഷനുകള്‍ക്കും വീടുകള്‍ വാങ്ങാനാകും. ഭവന പദ്ധതികള്‍ക്കുളള പണത്തില്‍ വന്‍ ഇടിവുണ്ടാക്കിയിട്ടുണ്ട്. സോഷ്യല്‍ ഹൗസിംഗ് വാടകയിനത്തില്‍ 2.2 ബില്യന്‍ പൗണ്ടിന്റെ നഷ്ടം ഇതിലൂടെ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഭവന വിപണിയിലേക്ക് കടക്കുന്നവര്‍ക്ക് വേണ്ടി 2,00,000 സ്റ്റാര്‍ട്ടര്‍ ഹോമുകള്‍ പണിയുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ എല്ലാവര്‍ക്കും വീട് വാങ്ങാന്‍ കഴിയില്ലെന്ന കാര്യം സര്‍ക്കാര്‍ മനസിലാക്കണമെന്നാണ് എല്‍ജിഎയുടെ വക്താവ് പറയുന്നത്.

രാജ്യത്ത് 68,000 ജനങ്ങള്‍ താത്ക്കാലിക ഇടങ്ങളിലാണ് കഴിയുന്നത്. വീടില്ലാത്തവര്‍ക്ക് വര്‍ഷം തോറും 330 മില്യന്‍ പൗണ്ട് ചെലവാകുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു. കൗണ്‍സിലുകളുടെ വെയിറ്റിംഗ് ലിസ്റ്റിലുളളവരും വര്‍ഷത്തില്‍ പത്ത് ലക്ഷം പൗണ്ടിലധികം ചെലവാക്കേണ്ടി വരുന്നുണ്ട്. രാജ്യത്തെ ഭവനപ്രശ്‌നം പരിഹരിക്കാന്‍ താങ്ങാനാകുന്ന കൂടുതല്‍ വീടുകള്‍ നിര്‍മിക്കുകയോ സാമൂഹ്യ വാടക പദ്ധതി നടപ്പാക്കുകയോ ആണ് ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യ ഭവനപദ്ധതിയിലെ പ്രതിസന്ധികള്‍ കാരണം ആളുകള്‍ കൂടുതല്‍ സ്വകാര്യ വാടക ഭവനങ്ങളെ ്ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍ റൈറ്റ് ടു ബൈയെക്കുറിച്ച് ഉയരുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്.