മകൻ വിവാഹവാഗ്ദാനം നൽകി പിന്മാറിയ പെൺകുട്ടിയുടെ വിവാഹം നടത്തിക്കൊടുത്ത് പിതാവ്.കോട്ടയം തിരുനക്കര സ്വദേശിയായ ഷാജിയും ഭാര്യയും ആണ് പെൺകുട്ടിയുടെ വിവാഹം കരുനാഗപ്പള്ളി സ്വദേശി അജിത്തുമായി നടത്തികൊടുത്തത്.തിരുനക്കര ക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്.മാത്രമല്ല മകനുവേണ്ടി കാത്തുവെച്ചിരുന്ന സ്വത്തുക്കൾ പെൺകുട്ടിക്ക് എഴുതി നൽകി.

ആറു വര്‍ഷം മുമ്പാണ് ഷാജി എന്നയാളുടെ മകന്‍ കൂടെ പഠിക്കുന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയും പെണ്‍കുട്ടിയുമായി ഇയാള്‍ നാടുവിടുകയും ചെയ്തത്. ഇരുവരും വിവാഹത്തിനൊരുങ്ങിയെങ്കിലുംപ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ അത് നടന്നില്ല. രണ്ടു പേരും കോടതിയില്‍ എത്തി. എന്നാല്‍ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല.

അതോടെ അവളെ സ്വന്തം മകളെ പോലെ ഷാജി വീട്ടില്‍ നിര്‍ത്താന്‍ തയ്യാറായി. മകനെ ഹോസ്റ്റലിലാക്കി പഠിക്കാനയച്ചു. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഇരുവര്‍ക്കും വിവാഹം ചെയ്യാമെന്ന തീരുമാനത്തിന്മേലായിരുന്നു ഇത്. എന്നാല്‍ ഹോസ്റ്റലില്‍ നിന്ന് പഠിക്കവെ മകന്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രേമത്തിലായി. ഇതോടെ അച്ഛന്‍ അയാളെ തന്റെ കൂടെ ഗള്‍ഫില്‍ കൊണ്ടുപോയി. അവിടെ നിന്ന് തിരിച്ചെത്തിയ മകന്‍ വേറൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുകയാണുണ്ടായത്.

ഇതോടെ ഈ മാതാപിതാക്കൾ മകനെ തള്ളിപ്പറയുകയും പെണ്‍കുട്ടിയുടെ വിവാഹം നടത്തുമെന്ന് തീരുമാനിക്കുകയുമായിരുന്നു. സന്ധ്യ പല്ലവി എന്ന ആളാണ് ഈ വിചിത്ര പ്രണയത്തിന്റേയും വിവാഹത്തിന്റേയും കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.