കോഴിക്കോട്: പത്താന്‍കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ നിരഞ്ജന്‍ കുമാറിനെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ കമന്റിട്ടയാള്‍ പിടിയില്‍. മലപ്പുറം ചെമ്മന്‍കടവ് വരിക്കോടന്‍ ഹൗസില്‍ അന്‍വര്‍ (24)ആണ് പിടിയിലായത്. മാധ്യമം ദിനപ്പത്രത്തില്‍ ജീവനക്കാരനാണെന്നായിരുന്നു ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നല്‍കിയിരുന്ന വിവരം. കോഡൂര്‍ റേഷന്‍ കടയിലെ ജീവനക്കാരനാണ് ഇയാള്‍. മാധ്യമം മാനേജ്‌മെന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പുലര്‍ച്ചെ 2.30 ഓടെ ചേവായൂര്‍ പൊലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. രാജ്യദ്രോഹക്കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ബോധപൂര്‍വമല്ല ഫെയ്‌സ്ബുക്ക് കമന്റെന്നും ഏതെങ്കിലും സംഘടനകളുമായി ബന്ധമില്ലെന്നും ഇയാള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിലെ വാര്‍ത്തയിലാണ് ഇയാള്‍ നിരഞ്ജന്റെ ജീവത്യാഗത്തെ അവമതിച്ച് കമന്റിട്ടത്. അന്‍വര്‍ സാദിഖ് എന്ന പേരിലാണ് ഫെയ്‌സ്ബുക് അക്കൗണ്ട്.

‘മാധ്യമം’ പത്രത്തിലാണ് ഇയാള്‍ ജോലി ചെയ്യുന്നത് എന്നും ഫെയ്‌സ്ബുക് പ്രൊഫൈലില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പേരിലൊരാള്‍ മാധ്യമത്തില്‍ ജോലി ചെയ്യുന്നില്ലെന്ന് ‘മാധ്യമം’ കഴിഞ്ഞ ദിവസം തന്നെ സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ് പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും മാധ്യമത്തിനെതിരേയുള്ള പ്രതികരണത്തിനും അത് കാരണമായി. ഇതേത്തുടര്‍ന്നാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിനേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാധ്യമം പോലീസില്‍ പരാതി നല്‍കിയത്.