കൊച്ചി: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം. സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിലുള്ള പരാമര്‍ശങ്ങള്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് നീക്കംചെയ്തു. ഹൈക്കോടതിയുടേതാണ് നടപടി. സരിത കത്തിലൂടെ ഉന്നയിച്ച ലൈംഗികാരോപണങ്ങളാണ് നീക്കിയത്. ഇവ കമ്മീഷന്റെ പരിധിയില്‍ വരുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ഈ പരാമര്‍ശങ്ങള്‍ നീക്കം ചെയ്ത കോടതി എന്നാല്‍ അന്വേഷണത്തില്‍ തടസമില്ലെന്നും വ്യക്തമാക്കി. സരിതയുടെ കത്തും അതുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളും ഒഴിവാക്കി വേണം റിപ്പോര്‍ട്ട് പരിഗണിക്കാനെന്നും തുടര്‍ നടപടികളെടുക്കുകയോ വാര്‍ത്താക്കുറിപ്പുകള്‍ നല്‍കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവ പുതുക്കണമെന്നും കോടതി അറിയിച്ചു.

സരിതയുടെ കത്ത് സോളാര്‍ കേസില്‍ കമ്മീഷന്‍ പരിഗണനാ വിഷയമാക്കിയതോടെ സര്‍ക്കാര്‍ ഏല്‍പ്പിച്ച പരിഗണനാ വിഷയങ്ങള്‍ മറികടന്നുവെന്ന് ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജി തള്ളിയ കോടതി ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജി ഭാഗികമായി അംഗീകരിക്കുകയായിരുന്നു.