നടന്‍ ജയന്റെ മരണം ഇന്നും മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത ഒന്നാണ്. ഇന്നും ആ അതുല്യപ്രതിഭയുടെ വിയോഗം ഉള്‍കൊള്ളാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ടാകാം ജയന്റെ മരണശേഷം അദ്ദേഹത്തെ ചുറ്റിപറ്റി നിരവധി കഥകള്‍ പ്രചരിച്ചത്. ജയന്‍ ജീവിച്ചിരിക്കുന്നു എന്നും, അമേരിക്കയില്‍ ഉണ്ടെന്നും അല്ല സന്യാസം സ്വീകരിച്ചെന്നും ഒക്കെ കഥകള്‍ ഉണ്ടായി. ഇപ്പോഴും ജയന്‍ അമ്മയ്ക്ക് കത്തുകള്‍ എഴുതുമെന്നും ചിലര്‍ കഥകള്‍ ഉണ്ടാക്കി.

അന്ന് ആ ഹെലികോപ്റ്റർ അപകടസമയത്ത് ലൊക്കേഷനിലുണ്ടായിരുന്നതും  ജയനെ ആശുപത്രിയിലെത്തിച്ചവരിൽ പ്രധാനിയും കോളിളക്കത്തിന്റെ സഹസംവിധായകനുമായിരുന്ന സോമൻ അമ്പാട്ട് അടുത്തിടെ ഒരു മാധ്യമത്തിനു ഈ സംഭവത്തെ കുറിച്ചു അഭിമുഖം നല്‍കിയിരുന്നു . ഇപ്പോള്‍ പ്രവാസിയായ സോമന്‍  അന്നത്തെ സംഭവങ്ങളെ കുറിച്ചു പറയുന്നത് ഇങ്ങനെ:

മദ്രാസിൽ നിന്നും അല്‍പമകലെ ഉപേക്ഷിക്കപ്പെട്ട ഒരു എയർപോർട്ടിൽ വച്ചാണ് ഡയറക്ടർ പിഎൻ സുന്ദരത്തിന്റെ ചിത്രം കോളിളക്കത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം നടന്നത്. അതിൽ സഹസംവിധായകനായിരുന്നു ഞാൻ, ഹെലികോപ്റ്ററിൽ ഒന്നരയാൾ പൊക്കത്തിൽ പിടിച്ച് കയറുന്നതായി അഭിനയിക്കേണ്ട സീൻ, കോപ്റ്ററിൽ ചാടിപ്പാടിക്കുക,വിടുക അതായിരുന്നു പ്ലാൻ ചെയ്ത ഷോട്ട്. പക്ഷേ സാഹസീകനായ ജയൻ സ്വാഭാവിതയ്ക്കു വേണ്ടി ഹെലികോപ്റ്ററിൽ പിടിച്ചു കയറി കാല് മുകളിലേക്കിട്ട് ലോക്ക് ചെയ്തു, പക്ഷെ ലോക്ക് റിലീസ് ചെയ്യാൻ എന്തു കൊണ്ടോ സാധിച്ചില്ല.

ഒരു വശത്തെഭാരം കൊണ്ടോ മറ്റോ ബാലൻസ് നഷ്ടപ്പെട്ട കോപ്റ്ററിന്റെ ചിറക് താഴെയിടിച്ചു ഒപ്പം ജയന്റെ തലയുടെ പുറകുവശവും.
പിന്നീട് വേഗം ആശുപത്രിയിലെത്തിക്കാനുള്ള ശ്രമമായി പക്ഷെ അന്ന് മദ്രാസിൽ പെയ്ത കനത്ത മഴയും ട്രാഫിക്കും ആ യാത്ര താമസിപ്പിച്ചു. ആശുപത്രിയിലെത്താൻ വളരെ വൈകി.. ആശുപത്രിയിൽ വേഗമെത്തിയിരുന്നെങ്കിൽ പ്രതീക്ഷയുണ്ടായിരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ കയറുന്നതു വരെ അദ്ദേഹത്തിന് ജീവനുമുണ്ടായിരുന്നു എന്നത് സത്യമാണ് പക്ഷേ ഒന്നും സംസാരിച്ചിട്ടില്ല. പിന്നെ കേള്‍ക്കുന്നത് ജയന്‍ മരിച്ചു എന്ന വാര്‍ത്തയായിരുന്നു എന്നും സോമന്‍ പറയുന്നു.