മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം അമീര്‍ ഹാനിഫിന്റെ മകന്‍ മുഹമ്മദ് സരിയാബ് ആത്മഹത്യ ചെയ്തു. കറാച്ചി അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ സിലക്ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് വിവരം. ഒന്നാം വര്‍ഷ ബിരുദ വിദ്യാർഥിയായിരുന്നു. തൊണ്ണൂറുകളില്‍ ഏകദിന മൽസരങ്ങളില്‍ പാക്കിസ്ഥാനു വേണ്ടി കളിച്ച അമീര്‍ ഹനീഫിന്റെ മൂത്ത മകനായിരുന്നു മുഹമ്മദ് സരിയാബ്.

അണ്ടര്‍ 19 ടീമില്‍ കളിക്കാനുള്ള പ്രായപരിധി കഴിഞ്ഞുവെന്ന് ആരോപിച്ചാണ് സരിയബിന് അവസരം നിഷേധിച്ചത്. ഇതില്‍ സരിയബ് ഏറെ അസ്വസ്ഥനായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അതേസമയം, തന്റെ മകനെ ടീം കോച്ചും മറ്റുള്ളവരും ചേര്‍ന്ന് ആത്മഹത്യയിലേയ്ക്ക് തള്ളി വിട്ടതാണെന്ന് അമീര്‍ ഹനീഫ് ആരോപിച്ചു.

ജനുവരിയില്‍ ലഹോറില്‍ നടന്ന അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ കറാച്ചി ടീമിനായി കളിക്കാന്‍ സരിയാബ് എത്തിയിരുന്നു. എന്നാല്‍ ഇതിനിടെ പരുക്കേറ്റ താരത്തോട് തിരികെ വീട്ടിലേക്ക് മടങ്ങാൻ പറഞ്ഞു. എന്നാല്‍ പരുക്ക് അത്രകാര്യമല്ലാത്തതിനാല്‍ സരിയാബ് വീട്ടിലേക്ക് പോകാൻ തയാറായില്ല. കളിക്കാന്‍ സാധിക്കുമെന്നു ആത്മവിശ്വാസവും പ്രകടിപ്പിച്ചു. എന്നാല്‍ പ്രായം 19 വയസിന് മുകളിലുണ്ടെന്ന് പറഞ്ഞ് കോച്ചും മറ്റുള്ളവരും സരിയാബിനെ കളിക്കാൻ അനുവദിച്ചില്ല.