ഭാവിയിലേക്കുള്ള മറ്റൊരു ബൃഹദ് പദ്ധതി കൂടി യുഎഇ ചര്‍ച്ച ചെയ്യുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കടലിനടിയിലൂടെയുള്ള അതിവേഗ റെയില്‍ പാതയെക്കുറിച്ചുള്ള സാധ്യതകള്‍ തേടുകയാണ് യുഎഇയിലെ വിദഗ്ദര്‍.

വരും കാലത്ത് മുംബൈയില്‍ നിന്ന് യുഎഇയിലെ ഫുജൈറയിലേക്ക് നിങ്ങള്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞേക്കും. അബുദാബിയില്‍ നടന്ന യുഎഇ-ഇന്ത്യ കോണ്‍ക്ലേവിലാണ് നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റുമായ അബ്ദുള്ള അല്‍ശെഹി ഇത്തരമൊരു സാധ്യത മുന്നോട്ടുവെച്ചത്. യാത്രക്കാരുടെ സഞ്ചാരത്തിന് ഉപരിയായി ചരക്ക് ഗതാഗതത്തിനും ഇത് സഹായകമാവും. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനും തിരികെ ഇന്ത്യയില്‍ നിന്ന് ശുദ്ധജലം യുഎഇയിലേക്ക് കൊണ്ടുപോകാനുമുള്ള പൈപ്പ് ലൈനുകള്‍ ഇതിനൊപ്പം സ്ഥാപിക്കാന്‍ കഴിയുമെന്ന് അബ്ദുള്ള അല്‍ശെഹി പറഞ്ഞു.