സാം ജോർജ്ജ് തോമസ് യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ പി ആർ ഓ

ഹോർഷം : യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ 2019 -21 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോമോൻ ചെറിയാന്റെ അദ്ധ്യക്ഷതയിലുള്ള റീജിയണൽ കമ്മറ്റി ഏകീകൃതമായ പ്രവർത്തനങ്ങളിലൂടെ മെയ് 27 ന് റീജിയന്റെ പ്രവർത്തനോൽഘാടനവും 20-20 ക്രിക്കറ്റ് ടൂർണമെന്റും  നടത്തുന്നു. ക്രോളിയിലെ ലാങ്‌ലി ഗ്രീൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചാണ് ഉദഘാടനം നടക്കുന്നത്. അതിനോടനുബന്ധിച്ചു നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റ് നോർത്ത് ഗേറ്റ് ക്രിക്കറ്റ് ഗ്രൗണ്ടിലും ലാങ്‌ലിഗ്രീൻ ക്രിക്കറ്റ് ഗ്രൗണ്ടിലുമായാണ് നടക്കുന്നത്.

ക്രിക്കറ്റ് ടൂർണമെന്റിൽ ടീം രജിസ്റ്റർ ചെയ്യുവാനായി യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ടീമുകൾ ആണ് ഉത്സുകരായി എത്തിയത്. മത്സര ക്രമീകരണങ്ങൾക്കും നടത്തിപ്പിനുമുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് ആദ്യം രജിസ്റ്റർ ചെയ്ത 12 ടീമുകളെ മാത്രം ടൂര്ണമെന്റിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളികൾ മാത്രം ഉൾപ്പെടുന്ന ടീമുകൾ മത്സരിക്കുന്ന യുകെയിലെ ആദ്യ ക്രിക്കറ്റ് മാമാങ്കത്തിനാണ് യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ ആതിഥേയത്വം വഹിക്കുന്നത്. 12 ടീമുകളെ നാലു ഗ്രൂപ്പുകളായി തിരിച്ച്പ്രാധമിക പാദ മത്സരങ്ങൾ രണ്ട് സ്റ്റേഡിയങ്ങളിലായി നാല് പിച്ചുകളിലായി ആണ് നടത്തപ്പെടുന്നത്.

ആദ്യപാദ മത്സരങ്ങളിലെ ഗ്രൂപ്പ് വിജയികളായിരിക്കും സെമി ഫൈനലിൽ മത്സരിക്കുന്നത്. സസ്സെക്സ് ക്രിക്കറ്റ് ലീഗിലെ രജിസ്റെർഡ് അമ്പയർമാരായിരിക്കും മത്സരങ്ങൾ നിയന്ത്രിക്കുക. മത്സരവിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളും. ഒന്നാം സമ്മാനമായി 1000 പൗണ്ടും പ്രൈം കെയർ സ്പോൺസർ ചെയ്യുന്ന എവറോളിങ് ട്രോഫിയും ലഭിക്കുന്നതാണ്. രണ്ടാമത്തെ സമ്മാനമായി 500 പൗണ്ടും ഗർഷോം ടി വി സ്പോൺസർ ചെയ്യുന്ന എവറോളിംഗ്‌ ട്രോഫിയും മൂന്നും നാലും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് ക്യാഷ് അവാർഡുകളും നൽകുന്നതാണ്. വ്യക്തിഗത മികവുകളെ ആദരിക്കുന്നതിനായി ബെസ്ററ് ബാറ്റ്സ്മാൻ ബെസ്ററ് ബൗളർ എന്നിവർക്ക് പ്രത്യേക അവാർഡുകളും നൽകുന്നതാണ്.

മത്സരങ്ങളുടെ അവസാനം ചേരുന്ന പൊതു സമ്മേളനത്തിൽ റീജിയന്റെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റ് ശ്രീ ബാബു മങ്കുഴി ഉത്‌ഘാടനം ചെയ്യുന്നതും യുക്മ മുൻ ദേശീയ പ്രേസിടെന്റും യുക്മ ചാരിറ്റി ഫൌണ്ടേഷൻ ചെയർമാനും ആയ ശ്രീ ഫ്രാൻസിസ് മാത്യു കവളക്കാട്ടിൽ മുഖ്യാഥിതിയും ആയിരിക്കും. യുക്മ ദേശീയ നിർവാഹക സമിതിയെ പ്രതിനിധീകരിച്ചു നാഷണൽ ട്രെഷറർ അനീഷ് ജോണും മിഡ്ലാൻഡ്സ് റീജിയണൽ മുൻ നാഷണൽ എക്സിക്യൂറ്റീവ് ശ്രീ സുരേഷ് കുമാറും റീജിയന്റെ പ്രവർത്തനങ്ങൾക്ക് ആശംസ നേരുന്നതുമാണ്. കൂടാതെ റീജിയണിലെ സാംസ്‌കാരിക നേതാക്കന്മാരായ സി എ ജോസഫ് , ജേക്കബ് കോയിപ്പള്ളി , മാത്യു ഡൊമിനിക് എന്നിവരും പൊതു സമ്മേളനത്തിൽ ആശംസകൾ അർപ്പിക്കും.

ഈ ക്രിക്കറ്റ് മാമാങ്കത്തിലേക്ക് യുകെയിലെ എല്ലാ ക്രിക്കറ്റ് പ്രേമികളെയും യുക്മ സ്നേഹികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സൗത്ത് ഈസ്റ്റ് റീജിയനു വേണ്ടി പ്രസിഡന്റ് ജോമോൻ ചെറിയാൻ , സെക്രട്ടറി ജിജോ അരിയത്ത് , ട്രെഷറർ ജോഷി ആനിത്തോട്ടത്തിൽ ദേശീയ നിർവാഹക സമിതി അംഗം ലാലു ആന്റണി എന്നിവർ അറിയിച്ചു.

മത്സരങ്ങൾ നടക്കുന്ന വേദിയുടെ വിലാസങ്ങൾ :

Langley Green Cricket Ground

Cherry Lane

Crawley

RH11 7 NX

South Gate Cricket Ground

Crawley

RH10 6HG