ഇംഗ്ലീഷ് സംസാരിച്ചില്ലെന്ന് ആരോപിച്ച് യുകെയില്‍ സ്പാനിഷ് സ്ത്രീയെ രണ്ട് യുവതികള്‍ ചേര്‍ന്ന് ആക്രമിച്ചു. ഇന്നലെ പുലര്‍ച്ചെ 3.45ഓടെ ട്യൂബില്‍ വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ മുഖത്തിന് പരിക്കേറ്റിട്ടുണ്ട്. ലിവര്‍പൂളില്‍ നിന്ന് സ്ട്രാഫോര്‍ഡിലേക്ക് സഞ്ചരിക്കുകയായിരുന്ന യുവതി സ്പാനിഷില്‍ തന്റെ സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കവെയാണ് അക്രമിക്കപ്പെട്ടത്. യുവതിയുടെ മുടിയില്‍ കയറിപ്പിടിച്ച അക്രമികള്‍ അവരെ നിലത്തു കൂടി വലിച്ചിഴച്ചു. ഇംഗ്ലണ്ടില്‍ നില്‍ക്കുമ്പോള്‍ ഇംഗ്ലീഷില്‍ മാത്രമെ സംസാരിക്കാന്‍ പാടുള്ളുവെന്ന് അലറിക്കൊണ്ടാണ് രണ്ട് യുവതികള്‍ അക്രമം അഴിച്ചുവിട്ടത്.

ബ്രിട്ടനില്‍ സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു 23 കാരിയായ സ്പാനിഷ് വനിത. സംഭവത്തില്‍ ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ അക്രമികളെ തിരിച്ചറിയാന്‍ പോലീസിനെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സ്‌റ്റേഷനിലും ട്യൂബിലുമുണ്ടായിരുന്ന സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ഉടന്‍ തന്നെ അക്രമണം നടത്തിയ സ്ത്രീകള്‍ അറസ്റ്റിലാകുമെന്നാണ് കരുതുന്നത്. സ്പാനിഷ് വനിത ഇംഗ്ലീഷ് സംസാരിക്കാത്തതാണ് അക്രമികളെ പ്രകോപിതരാക്കിയത് എന്നാണ് പോലീസ് നിഗമനം.

മുഖത്ത് മുറിവേറ്റ സ്പാനിഷ് വനിത ചികിത്സ തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. അക്രമികളായ യുവതികള്‍ക്ക് ഏതാണ്ട് 20നോടടുത്ത പ്രായമുണ്ടാകുമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇരുവരും കറുത്ത വംശജരാണ്. ഒരാള്‍ ബ്രൗണ്‍ ജാക്കറ്റും മറ്റൊരാള്‍ കറുത്ത ജാക്കറ്റുമാണ് ധരിച്ചിരുന്നത്. നൈറ്റ് ട്യൂബിലുണ്ടായിരുന്ന ആര്‍ക്കെങ്കിലും ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ എത്രയും വേഗം പോലീസിനെ വിവരമറിയിക്കണമെന്ന് ബിടിപി വക്താവ് പറഞ്ഞു. വിവരങ്ങള്‍ 0800 40 50 40 എന്ന നമ്പറിലേക്ക് വിളിച്ചറിയിക്കുകയോ 61016 എന്ന നമ്പറിലേക്ക് റഫറന്‍സ് നമ്പര്‍ (91 of 7 ഏപ്രില്‍) സഹിതം മെസേജായി അയക്കാവുന്നതോ ആണ്.