ഐസിസ് യുകെയില്‍ ശക്തമായ ആക്രമണത്തിന് ഒരുങ്ങുന്നതായി സൂചന. ഉഗ്രശേഷിയുള്ള ഹാന്‍ഡ് ഗ്രനേഡുകള്‍ യുകെയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതായി എംഐ5 ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാസിഡോണിയയില്‍ നിര്‍മ്മിച്ച നൂറ് കണക്കിന് എം75 ഹാന്റ് ഗ്രനേഡുകള്‍ യുകെയിലേക്ക് കടത്താന്‍ ശ്രമം നടത്തുന്നുവെന്നാണ് മുന്നറിയിപ്പ്. 2010ല്‍ ബാള്‍ക്കണ്‍ രാജ്യങ്ങളിലെ ആയുധപ്പുരകളില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ഈ ആയുധങ്ങള്‍ ക്രിമിനലുകളെ ഉപയോഗിച്ച് സ്വീഡനിലെത്തിച്ചിരുന്നു. സാലിസ്‌ബെറി നെര്‍വ് ഏജന്റ് ആക്രമണത്തിന്റെ അന്വേഷണത്തിലാണ് ഇപ്പോള്‍ ബ്രിട്ടനിലെ മുഴുവന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളും. ഈ പശ്ചാത്തലം മുതലെടുത്ത് ആയുധങ്ങള്‍ കടത്താനുള്ള ശ്രമത്തിലാണ് തീവ്രവാദികളെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബ്രിട്ടന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സുമായി ചേര്‍ന്ന് എസ്.ബി.എസ് നിരീക്ഷണം നടത്തി വരികയാണ്. വ്യോമഗതാഗത മേഖലയിലെ സുരക്ഷ ശക്തമാക്കുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മിലിറ്ററി ലെയ്‌സണ്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. യുകെയുടെ വ്യോമമേഖലയിലൂടെ കടന്നു പോകുന്ന എല്ലാ വിമാനങ്ങളെയും നിരീക്ഷിക്കാനുള്ള സംവിധാനം നാഷണല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററായ സ്വാനിക്കില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് ഗ്രനേഡുകള്‍ കടത്താനുള്ള സാധ്യതയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്. ചെറുവിമാനങ്ങളെ നിരീക്ഷിക്കാന്‍ റോയല്‍ എയര്‍ ഫോഴ്‌സിലെ വിദഗ്ദ്ധ സംഘത്തിന് കഴിയും. ഡാര്‍ക്ക് സ്‌പേസ് എന്നറിയപ്പെടുന്ന ഈ നിരീക്ഷണ സംവിധാനത്തിന് കമാന്റോകള്‍ക്ക് അപായ സന്ദേശം കൈമാറാനുള്ള കഴിവുണ്ട്.

ഗ്രനേഡ് ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് എംഐ5 ആദ്യമായി മുന്നറിയിപ്പ് നല്‍കുന്നത് 5 വര്‍ഷം മുന്‍പാണ്. ഡെയില്‍ ക്രീഗന്‍ എന്നയാള്‍ ഗ്രനേഡ് ഉപയോഗിച്ച് യുകെയില്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അന്ന് നല്‍കിയ മുന്നറിയിപ്പ്. ഡെയില്‍ ക്രീഗന്‍ ഉപയോഗിച്ച ഗ്രനേഡുകള്‍ ബാല്‍ക്കണില്‍ നിന്നും നഷ്ടപ്പെട്ടവയില്‍പ്പെട്ടവയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2 പോലീസുകാര്‍ ഉള്‍പ്പെടെ നാല് പേരെ വധിച്ച് കുറ്റത്തിന് ഇയാള്‍ക്ക് 2013ല്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഡെയില്‍ ക്രീഗന്‍ ആക്രമണത്തിന് ഉപയോഗിച്ച് ഗ്രനേഡുകള്‍ എം75 ഗണത്തില്‍പ്പെട്ടവയാണ്.

ഏകദേശം പത്തോളം ഗ്രനേഡുകള്‍ ഇയാളുടെ താമസസ്ഥലത്ത് നിന്ന് പിന്നീട് പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. 150ഓളം ഗ്രനേഡ് ആക്രമണങ്ങള്‍ക്ക് സ്വീഡന്‍ ഇതിനോടകം സാക്ഷിയായിട്ടുണ്ട്. 2015നു ശേഷം 20ഓളം പേര്‍ വ്യത്യസ്ത ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. സിറിയയില്‍ നിന്ന് രക്ഷപ്പെട്ട ഏതാണ്ട് 400 ഓളം ഐസിസ് തീവ്രവാദികള്‍ സ്വീഡനില്‍ അഭയം പ്രാപിച്ചതായാണ് കരുതുന്നത്. യൂറോപ്പിലെയും ബ്രിട്ടനിലെയും നഗരങ്ങളെ ആക്രമിക്കാന്‍ സാഹചര്യം കാത്തിരിക്കുകയാണ് ഇവരെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.