ഭീകരര്‍ കടല്‍ മാര്‍ഗ്ഗം തമിഴ്‌നാട്ടില്‍ എത്തിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ബസ്സ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ നിർദേശമുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471 2722500) അറിയിക്കണമെന്ന് ഡിജിപി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു .എന്നാൽ തീവ്രവാദികൾ ഉന്നം വെക്കുന്നത് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ ആണോ എന്ന് സംശയമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി ഡോ. മോഹന്‍ ഭാഗവത് കേരളത്തില്‍ എത്തിയതിനെ തുടർന്നാണ് രഹസ്യാന്വേഷ വിഭാഗം ഇത്തരം ഒരു ആശങ്ക പങ്കുവെച്ചിട്ടുള്ളത് .അതുകൊണ്ടുതന്നെ അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളില്‍ അതിശക്തമായ സുരക്ഷ ഒരുക്കാനാണ് പോലീസിന്റേയും സുരക്ഷസേനയുടേയും നീക്കം.

തൃശൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ അടക്കം ആറു ഭീകരരാണ് ശ്രീലങ്കയില്‍ നിന്നു തമിഴ്‌നാട് തീരത്ത് എത്തിയതായി റിപ്പോര്‍ട്ടുള്ളത്. സംഘത്തിലെ മലയാളിയുടെ സാന്നിധ്യം കേരളത്തെ ഈ സംഘം ലക്ഷ്യമിടുന്നതിനുള്ള സാധ്യതയിലേക്കാണ് സുരക്ഷാ ഏജന്‍സികള്‍ എത്തുന്നത്. നാലു ശ്രിലങ്കന്‍ തമിഴ് വംശജരും ഒരു പാക്കിസ്ഥാന്‍ സ്വദേശിയുമുള്‍പ്പെടുന്ന സംഘം തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ എത്തിയെന്നാണ് ഇന്റലിജന്‍സ് നല്‍കുന്ന നിര്‍ണായക വിവരം. ഇല്യാസ് അന്‍വര്‍ എന്ന പാക് ഭീകരനാണ് സംഘത്തിലുള്ളത്. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് അതീവ ജാഗ്രത പാലിക്കാന്‍ സുരക്ഷാ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത് .

ആര്‍എസ്എസ് സര്‍സംഘചാലക് അഞ്ചു ദിവസങ്ങളിലായി നിരവധി പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. വാര്‍ഷിക സന്ദര്‍ശന പരിപാടിയുടെ ഭാഗമായാണു ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഇന്ന് മുതല്‍ 27 വരെ കേരളത്തിലുള്ളത്. 23നും 24നും 25നും അദ്ദേഹം കോഴിക്കോട്ട് വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് നാലിന് ശ്രീകൃഷ്ണജയന്തി മഹാശോഭായാത്രയുടെ ഔദ്യോഗിക ഉദ്ഘാടനം ശ്രീകണ്ഠേശ്വരം ശ്രീനാരായണ സെന്റിനറി ഹാളില്‍ മോഹൻ ഭഗവത് നിര്‍വഹിക്കുന്നുണ്ട് . ഈ പരിപാടിക്ക് കര്‍ശന സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് മേധാവി നിര്‍ദേശിച്ചു .

24ന് കോഴിക്കോട്ടെ സാംസ്‌കാരിക-കലാ-സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരുമായി കൂടിക്കാഴ്ചയുണ്ട് . 25ന് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ കേരളത്തിലേയും തമിഴ്നാട്ടിലേയും സംസ്ഥാന കാര്യകര്‍ത്താക്കളുടെ യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് 5.30ന് സരോവരത്ത് കോഴിക്കോട് മഹാനഗരത്തിലെ പൂര്‍ണഗണവേഷ ധാരികളായ സ്വയംസേവകരുടെ സാംഘിക്കില്‍ പങ്കെടുക്കും. 26ന് കോട്ടയത്ത് ജസ്റ്റിസ് കെ.ടി. തോമസ്, പ്രൊഫ ഒ.എം. മാത്യു എന്നിവരെ കാണും. 27ന് വള്ളിക്കാവ് അമൃതാനന്ദമയീമഠത്തില്‍ മാതാ അമൃതാനന്ദമയിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് നിന്നാണ് അദ്ദേഹം വിമാനമാര്‍ഗം മടങ്ങുക. ഈ സമയങ്ങളിലെല്ലാം കർശനമായ സുരക്ഷാ ഒരുക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, ശബരിമല, ഗുരുവായൂര്‍ അടക്കം പ്രമുഖ ക്ഷേത്രങ്ങളേയും ഭീകകര്‍ ലക്ഷ്യമിട്ടേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇവിടങ്ങളിലെ സുരക്ഷയും കര്‍ശനമാക്കി. ഇന്നു ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കും കൂടുതല്‍ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഭീകരര്‍ കടല്‍ മാര്‍ഗ്ഗം തമിഴ്‌നാട്ടില്‍ എത്തിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ബസ്സ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരാധനാലയങ്ങള്‍ക്ക് ചുറ്റും നിരീക്ഷണവും സുരക്ഷയും ശക്തമാക്കും. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന കര്‍ശനമാക്കും. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471 2722500) അറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

വന്‍ ഭീകരാക്രമണം ലക്ഷ്യമിട്ട് ആറ് ലക്ഷ്‌കര്‍ ഭീകരര്‍ ശ്രീലങ്ക വഴി തമിഴ്നാട്ടിലേക്ക് കടക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. അഫ്ഗാന്‍ ഭീകരരെ കശ്മീരില്‍ വിന്യസിക്കാന്‍ പാക്കിസ്ഥാന്‍ പദ്ധതിയിടുന്നതായി നേരത്തെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മുകശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ പാക് അധിനിവേശ കാശ്മീരില്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍ തയ്യാറെടുക്കുന്നതായിരുന്നു റിപ്പോര്‍ട്ട്.

മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈയിലും സംസ്ഥാനത്തിന്റെ തന്ത്രപ്രധാന മേഖലകളിലും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പരിസരത്തും തീരദേശ പ്രദേശത്തും വിന്യസിച്ചിട്ടുണ്ടെന്ന് ചെന്നെ പോലീസ് കമ്മിഷണര്‍ അറിയിച്ചു.