ഡല്‍ഹി-കാബൂള്‍ സ്‌പൈസ് ജെറ്റ് വിമാനത്തെ പാക് യുദ്ധവിമാനങ്ങള്‍ ആകാശത്ത് തടഞ്ഞതായി കേന്ദ്ര വ്യോമയാന മന്ത്രാലയം. സെപ്റ്റംബര്‍ 23ന് നടന്ന സംഭവമാണ് മന്ത്രാലയം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 120 യാത്രക്കാരുമായി പോയ വിമാനത്തെ പാക് വ്യോമപാതയില്‍ പ്രവേശിച്ചയുടനെ തടയുകയായിരുന്നുവെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

പാകിസ്താന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചയുടന്‍ പാക് യുദ്ധവിമാനങ്ങള്‍ സ്‌പൈസ് ജെറ്റ് വിമാനം തടയുകയും താഴ്ന്ന് പറക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ചരക്കുകളുമായി പോയ വിമാനമാണെന്ന ധാരണയിലായിരുന്നു പാക് വ്യോമസേന സ്‌പൈസ് ജെറ്റ് വിമാനം തടഞ്ഞത്. തുടര്‍ന്ന് സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ പൈലറ്റുമാര്‍ പാക് പൈലറ്റുമാരുമായി ആശയവിനിമയം നടത്തിയാണ് ആശയക്കുഴപ്പം നീക്കിയത്. അഫ്ഗാനിസ്താന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് വരെ സ്‌പൈസ് ജെറ്റ് വിമാനത്തിനൊപ്പം പാക് യുദ്ധവിമാനങ്ങളുമുണ്ടായിരുന്നുവെന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നത്.