ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പുതിയ മുഖമായ മിഷന്‍ സെന്ററുകളില്‍, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ കാര്‍ഡിനല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നടത്തിയ സെന്റ്. മോനിക്ക മിഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. റെയിനമ്മിലെ ലാ സലറ്റ് മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിലാണ് ഇന്നലെ (13/01/2019) സെന്റ് മോണിക്ക മിഷന്‍ ഇന്നലെ വി. കുര്‍ബാനയോടുകൂടി പ്രവര്‍ത്തനം തുടങ്ങിയത്.

റവ. ഫാ. ഷിജോ ആലപ്പാട്ടിന്റെ നേതൃത്വത്തിലുള്ള ദിവ്യബലിക്ക് ശേഷം, മിഷന്‍ ചാപ്ലിന്‍ ഫാ. ജോസ് അന്ത്യാംകുളവും ട്രസ്റ്റിമാരും വിവിധ സംഘടന പ്രതിനിധികളും ദീപം കൊളുത്തി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. നിത്യസഹായമാതാവിന്റെ നൊവേനയെ തുടര്‍ന്നുള്ള മെഴുകുതിരി പ്രദക്ഷണവും ആശീര്‍വാദവും ദിവസത്തിനു കൂടുതല്‍ ധന്യത പകര്‍ന്നു.

തുടര്‍ന്ന് ഒരു വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ഇടവക സമൂഹത്തോടൊപ്പം ഫാ.ജോസ് അന്ത്യാംകുളം മുന്നോട്ടുവച്ചു. മതബോധനത്തോടൊപ്പം നിര്‍ധനരായവര്‍ക്കു കൈ താങ്ങാവുവാന്‍ കുട്ടികള്‍ തന്നെ സ്വരുക്കൂട്ടുന്ന One Pound മിഷനും ഹോളി കമ്മ്യൂണിയന്‍ ക്ലാസും, ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിലുള്ള വാര്‍ഷിക ധ്യാനവുമുള്‍പ്പെടെയുള്ള വിശാലമായ കര്‍മ്മ പദ്ധതികള്‍ക്കാണ് രൂപം നല്‍കിയത്.

എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 5 മണിക്ക് ലാ സലറ്റെ ദേവാലയത്തില്‍ വി.കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്. A13 നു സമീപമായി സ്ഥിതിചെയുന്ന ദേവാലയത്തിന് വിശാലമായ പാര്‍ക്കിങ്ങാണുള്ളത്. ലണ്ടന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എളുപ്പം എത്തിച്ചേരാവുന്ന ഒരു ദേവാലയമാണിത്. ലണ്ടന്‍ റെയില്‍ നെറ്റ്വര്‍ക്കിന്റെ ഭാഗമായുള്ള റെയിനം സ്റ്റേഷന്‍ ദേവാലയത്തിന്റെ സമീപത്താണ്. ഡിസ്ട്രിക്ട് ലൈനും ലണ്ടണ്‍ ബസ് സര്‍വീസുകളും ദേവാലയത്തില്‍ എത്തുവാനായി ഉപയോഗിക്കാവുന്നതാണ്. 103/372/165/287 ലണ്ടണ്‍ ബസ് റൂട്ടുകള്‍ക്കു ദേവാലയത്തിനു സമീപം തന്നെ ബസ്‌സ്റ്റോപ്പുണ്ട്.