ലിവര്‍പൂള്‍: യൂറോപ്പിന്റെ നവസുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് മറ്റൊരു മലയാളികൂടി ഡീക്കന്‍ പദവിയിലേക്ക്. പ്രവാചകശബ്ദം ഓണ്‍ലൈന്‍ കാത്തലിക് ന്യൂസ് പേപ്പറിന്റെ ചീഫ് എഡിറ്ററും മാഞ്ചസ്റ്റര്‍ വിഗന്‍ സ്വദേശിയുമായ അനില്‍ ലൂക്കോസാണ് ലിവര്‍പൂള്‍ അതിരൂപതയ്ക്കുവേണ്ടി ഡീക്കനായിത്തീര്‍ന്നുകൊണ്ട് തന്റെ വിശ്രമമില്ലാത്ത സുവിശേഷപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.

ലിവര്‍പൂള്‍ ക്രൈസ്റ്റ് ദ കിങ് മെട്രോപൊളിറ്റന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ ജൂണ്‍ 10 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് ആരംഭിച്ച ദിവ്യബലിയില്‍ തിങ്ങിനിറഞ്ഞ മലയാളികളടക്കമുള്ള വിശ്വാസികളെ സാക്ഷിനിര്‍ത്തി ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്‌മോനാണ് അനിലിന് ഡീക്കന്‍ പട്ടം നല്‍കിയത്. അതിരൂപതയിലെ മറ്റ് വൈദികര്‍ക്കൊപ്പം ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറല്‍ റവ. ഫാ. സജി മലയില്‍ പുത്തന്‍പുര, സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കല്‍, എന്നിവരും യുകെയിലെ നിരവധി ആത്മീയ ശുശ്രൂഷകരും ദിവ്യബലിയിലും മറ്റ് ശുശ്രൂഷകളിലും പങ്കെടുത്തു. തന്റെ ആത്മീയ സ്വപ്ന സാക്ഷാല്‍ക്കാരത്തിനു സാക്ഷികളായി അനിലിന്റേയും ഭാര്യ സോണിയുടെയും മാതാപിതാക്കളും സഹോദരങ്ങളും നാട്ടില്‍ നിന്നും എത്തിയിരുന്നു.

കോട്ടയം പുന്നത്തറ ഒഴുകയില്‍ പി.കെ ലൂക്കോസിന്റെയും പെണ്ണമ്മ ലൂക്കോസിന്റെയും മകനായ അനില്‍ ലൂക്കോസ് കത്തോലിക്കാസഭയുടെ മൂല്യങ്ങളില്‍ അടിയുറച്ചു നിന്നുകൊണ്ടു അനേകരെ ദൈവ വിശ്വസത്തിലേക്ക് നയിക്കാന്‍ ദൈവം ഉപകാരണമാക്കിക്കൊണ്ടിരിക്കുന്ന പ്രവാചകശബ്ദം ഓണ്‍ലൈന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററാണ്. ഭാര്യ സോണി അനില്‍, മക്കള്‍
ആല്‍ഫി, റിയോണ, റിയോണ്‍, ഹെലേന. സഹോദരങ്ങള്‍, അനിത ജോമോന്‍, അനീഷ് ലൂക്കോസ് (ഇരുവരും വിഗന്‍) രാജു ലൂക്കോസ്.