ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രസ്റ്റണ്‍: സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഔദ്യോഗിക അജപാലന സന്ദര്‍ശനത്തിനായി നവംബര്‍ അവസാനത്തോടെ യൂകെയില്‍ എത്തുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സ്ഥാപനത്തിനും മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനും ശേഷം ആദ്യമായാണ് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ഔദ്യോഗിക സന്ദര്‍ശനത്തിനായി കര്‍ദ്ദിനാള്‍ ആലഞ്ചേരി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെത്തുന്നത്. രൂപതാധ്യക്ഷന്റെ പ്രത്യേക ക്ഷണപ്രകാരം എത്തുന്ന കര്‍ദ്ദിനാളിന്റെ ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ നവംബര് 23 മുതല്‍ ഡിസംബര്‍ 9 വരെയാണ്. സന്ദര്‍ശനങ്ങളില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അദ്ദേഹത്തെ അനുഗമിക്കും.

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ രൂപതയുടെ ഔദ്യോഗിക പരിപാടികളില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായി പങ്കെടുക്കും. ഡിസംബര്‍ ഒന്നാം തിയതി ബര്മിങ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന, കുട്ടികളുടെ വര്‍ഷത്തിന്റെ സമാപന ചടങ്ങുകളുടെയും യുവജനവര്‍ഷത്തിന്റെ ആരംഭത്തിന്റെയും ഉദ്ഘാടനം സഭാതലവന്‍ നിര്‍വഹിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത വളര്‍ച്ചയുടെ പുതിയ പടിയായ മിഷന്‍ സെന്ററുകളുടെ ഔദ്യോഗിക പ്രഖ്യാപനവും മാര്‍ ആലഞ്ചേരി നിര്‍വഹിക്കും. ഇപ്പോള്‍ വി. കുര്‍ബാന സെന്ററുകളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചെറിയ കൂട്ടായ്മകളെ ഒന്നിച്ചുചേര്‍ത്തു ഭാവിയില്‍ ഇടവകകളായി മാറാനുള്ള ആദ്യപടിയാണ് മിഷന്‍ സെന്ററുകള്‍. ഇപ്പോള്‍ 173 വി. കുര്‍ബാന കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവ, പുതിയ പുനഃ ക്രമീകരണത്തില്‍ 75 മിഷന്‍ സെന്ററുകളായി മാറും.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായി പങ്കെടുക്കുന്ന 20 ഓളം ചടങ്ങുകളുടെ സമയക്രമം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത പ്രഖ്യാപിച്ചു. ഓരോ സന്ദര്‍ശനത്തിലും ആ സ്ഥലത്തോട് ചേര്‍ന്നുള്ള മിഷന്‍ സെന്ററുകളുടെ പ്രഖ്യാപനവും അദ്ദേഹം നടത്തും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാള്‍മാര്‍, വൈദികര്‍, കമ്മറ്റി അംഗങ്ങള്‍, തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സാധിക്കുന്ന എല്ലാ വിശ്വാസികളും മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്‍കുന്ന ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.