ഫാ. ബിജു കുന്നയ്ക്കാട്ട് PRO

ഇംഗ്ലണ്ടിന്റെ വസന്താരമമായ കെന്റിന്റെ ഹൃദയഭാഗത്ത് വിശ്വാസ സൗരഭം പകര്‍ന്നു നിലകൊള്ളുന്ന പുണ്യപുരാതനമായ എയ്ല്‍സ്ഫോര്‍ഡ് പ്രയറിയിലേക്ക് മെയ് 25 ശനിയാഴ്ച യുകെയിലെ സീറോമലബാര്‍ വിശ്വാസസമൂഹം ഒഴുകിയെത്തും. ദിവ്യരഹസ്യം നിറഞ്ഞുനില്‍ക്കുന്ന പനിനീര്‍കുസുമമായ എയ്ല്‍സ്ഫോര്‍ഡ് മാതാവിന്റെ സന്നിധിയില്‍ എല്ലാവര്‍ഷവും മധ്യസ്ഥം തേടിയെത്തുന്നത് ആയിരക്കണക്കിന് വിശ്വാസികളാണ്. ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമാണ് ആത്മീയതയുടെ വിളനിലമായ ഈ പുണ്യഭൂമി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിലാണ് രൂപതയിലെ വിശ്വാസികള്‍ ഒന്നടങ്കം തീര്‍ത്ഥാടനമായി ഇവിടെ എത്തുന്നത്.

എയ്ല്‍സ്ഫോര്‍ഡ് പ്രയറി
——————————————–
ഇംഗ്ലണ്ടിന്റെ ആരാമമായ കെന്റിലെ പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രവും കര്‍മലീത്താ സഭയുടെ അതിപുരാതനമായ ആശ്രമവുമാണ് മെഡ്വേ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന എയ്ല്‍സ്ഫോര്‍ഡ് പ്രയറി. മൂന്നാം കുരിശുയുദ്ധത്തിന്റെ അവസാനം മൌണ്ട് കാര്‍മലില്‍ രൂപം കൊണ്ട കര്‍മലീത്താ സന്യാസസമൂഹത്തിലെ താപസ്വിമാരുടെ ഒരു സംഘമാണ് 1242 ല്‍ യൂറോപ്പിലെ ആദ്യത്തേതും എയ്ല്‍സ്ഫോഡില്‍ ഇന്നുകാണുന്നതുമായ ആശ്രമം സ്ഥാപിച്ചത്. 1247 ല്‍ ഇവിടെ കൂടിയ യൂറോപ്പില്‍ നിന്നുള്ള കര്‍മലൈറ്റുകളുടെ ജനറല്‍ ചാപ്റ്ററിലാണ് ദാരിദ്ര്യവ്രതം സ്വീകരിച്ച് ഭിക്ഷുക്കളുടെ ജീവിതരീതി സ്വീകരിച്ച് സഭയെയും സമൂഹത്തെയും സേവിക്കുവാന്‍ ഈ സന്യാസസമൂഹം തീരുമാനമെടുത്തത്. കര്‍മലീത്താ സഭയുടെ ഭാവി നിശ്ചയിച്ച അടിസ്ഥാനപരമായ ഈ തീരുമാനം എടുത്ത സ്ഥലം എന്ന രീതിയില്‍ ആത്മീയ പ്രഭവകേന്ദ്രമായും രണ്ടാം കാര്‍മല്‍ എന്ന വിളിപ്പേരിലും എയ്ല്‍സ്ഫോര്‍ഡ് അറിയപ്പെടുന്നു.

തീര്‍ത്ഥാടകര്‍ക്ക് ഭക്തിസാന്ദ്രമായ അന്തരീക്ഷം സമ്മാനിക്കുന്ന നിരവധി ചാപ്പലുകളും വഴിത്താരകളും നിറഞ്ഞ സുകൃതഭൂമിയാണ് ഈ പ്രയറി. സമാധാനപൂന്തോട്ടം, ജപമാലാരാമം, ഉത്തരീയനാഥയുടെ ഗ്രോട്ടോ, വിശുദ്ധ സൈമണ്‍ സ്റ്റോക്കിന്റെ തലയോട്ടി സ്ഥാപിച്ചിരിക്കുന്ന റെലിക് ചാപ്പല്‍, ക്വയര്‍ ചാപ്പല്‍, സെന്റ് ജോസഫ് ചാപ്പല്‍, വിശുദ്ധ അന്നാമ്മയുടെ ചാപ്പല്‍, സ്വര്‍ഗ്ഗാരോപിത മാതാവിന്റെ ഗ്രോട്ടോ ഇവ കൂടാതെ അതിപുരാതനമായ കെട്ടിടങ്ങളും പൂമുഖങ്ങളും ഈ ആശ്രമത്തിന്റെ പ്രത്യകതയാണ്. വിവിധ ദേശങ്ങളില്‍ നിന്നും വിശ്വാസസമൂഹം തീര്‍ത്ഥാടനമായി ഇവിടെയെത്തി പരിശുദ്ധ അമ്മയുടെ സംരക്ഷണം യാചിച്ചു അനുഗ്രഹം തേടി മടങ്ങുന്ന പതിവ് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.
ഉച്ചക്ക് പന്ത്രണ്ടുമണിക്കു എയ്ല്‍സ്ഫോര്‍ഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ നടത്തപെടുന്ന കൊന്തപ്രദിക്ഷണത്തില്‍ ജപമാലഭക്തര്‍ ഒന്നടങ്കം പങ്കുചേരും. ജപമാലക്കു ശേഷം ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ് പനക്കല്‍ മരിയന്‍ പ്രഭാഷണം നടത്തും. അതിനുശേഷം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാന നടക്കും. സ്വര്ഗാരോപിതമാതാവിന്റെ ഗ്രോട്ടോയ്ക്ക് മുന്‍പില്‍ പ്രത്യേകം തയ്യാറാക്കിയ ബലിപീഠത്തിലായിരിക്കും കുര്‍ബാന അര്‍പ്പിക്കുക. രൂപതയിലെ വികാരി ജനറാള്‍മാരും എല്ലാ റീജിയനുകളില്‍നിന്നും വിശ്വാസികള്‍ക്കൊപ്പം എത്തുന്ന വൈദികരും തിരുക്കര്‍മ്മങ്ങള്‍ക്ക് സഹകാര്‍മ്മികരാകും. വിശുദ്ധകുര്‍ബാനക്കു ശേഷം വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കര്‍മ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാള്‍ പ്രദിക്ഷണം നടക്കും.

തീര്‍ത്ഥാടകര്‍ക്കായി വിശാലമായ പാര്‍ക്കിങ് സൗകര്യം (കാറുകള്‍, കോച്ചുകള്‍) ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിതമായ നിരക്കില്‍ ഭക്ഷണശാലകളും ഭക്തസാധങ്ങളുടെ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടനത്തോടനുബന്ധിച്ചു നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കാനും, കഴുന്ന്, മുടി, എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തിരുന്നാള്‍ പ്രസുദേന്തിയാകാന്‍ താല്പര്യമുള്ളവര്‍ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടേണ്ടതാണ്.

ഡീക്കന്‍ ജോയ്സ് പള്ളിക്കമ്യാലില്‍ (07832374201), ലിജോ സെബാസ്റ്റ്യന്‍ (07828874708)

അഡ്രസ്: The Friars, Aylesford Carmalite Priory, Kent ME20 7BX