സ്റ്റീവനേജ്: ഒഡീഷയില്‍ ബാലസോര്‍ രൂപതയുടെ അദ്ധ്യക്ഷനായിരുന്ന ആദരണീയനായ മാര്‍ സൈമണ്‍ കൈപ്പുറം പിതാവിന്റെ ആകസ്മിക നിര്യാണത്തില്‍ സ്റ്റീവനേജ് ക്രൈസ്തവ സമൂഹം അഗാധമായ ദുംഖവും അനുശോചനവും രേഖപ്പെടുത്തി. മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് സ്റ്റീവനേജിലെ വിശ്വാസി സമൂഹത്തിനു വിശുദ്ധവാരത്തിന്റെ അനുഗ്രഹങ്ങളും ആശംസകളും നേര്‍ന്നിരുന്നു എന്നത് പിതാവും സ്റ്റീവനേജ് കേരള കത്തോലിക്കാ കമ്മ്യുണിറ്റിയുമായുള്ള അതീവ സ്‌നേഹബന്ധമാണ് ഉയര്‍ത്തിക്കാണിക്കുന്നത്.

2016 ല്‍ യു കെ യില്‍ ഹൃസ്യ സന്ദര്‍ശനത്തിനായി എത്തിയപ്പോള്‍ സ്റ്റീവനേജിലെ ക്രൈസ്തവ സമൂഹത്തെ സന്ദര്‍ശിക്കുവാന്‍ സമയം കണ്ടെത്തിയ പിതാവ്, വിശുദ്ധ ബലി അര്‍പ്പിക്കുകയും ഏറെ ചിന്തോദ്ദീപകമായ സന്ദേശവും നല്‍കിയിരുന്നു. കൂടാതെ സ്റ്റീവനേജ് ക്‌നാനായ സമൂഹത്തിന്റെ കുടുംബ സംഗമത്തില്‍ പങ്കു ചേരുവാനും, തന്റെ തിരക്കിട്ട പര്യടനത്തിനിടയിലും സമയം കണ്ടെത്തിയിരുന്നു.

വിശ്വാസവും പൈതൃകവും സ്‌നേഹവും മുറുകെ പിടിച്ചു മുന്നേറുവാനും, പാശ്ചാത്യമണ്ണില്‍ മക്കളുടെയും കുടുംബത്തിന്റെയും ഭദ്രതക്കും, സംരക്ഷണത്തിനും പ്രാര്‍ത്ഥനയുടെയും, പരമാവധി വിശുദ്ധ കുര്‍ബ്ബാനകളില്‍ ഉള്ള പങ്കാളിത്തവും അനിവാര്യമാണെന്ന് മാര്‍ സൈമണ്‍ കൈപ്പുറം ഉദ്‌ബോധിപ്പിക്കുകയും ചെയ്തത് ഷാജി മഠത്തിപ്പറമ്പില്‍ അനുസ്മരിച്ചു.

ശക്തനായ അജപാലകനും , അക്രൈസ്തവര്‍ക്കിടയില്‍ സമാധാനത്തിന്റെയും, സഹായത്തിന്റെയും സ്‌നേഹദൂതനും, ക്രൈസ്തവ മൂല്യങ്ങള്‍ക്കും, കത്തോലിക്കാ സഭയുടെ വിവിധ മേഖലകളിലും, സെമിനാരികളിലും, പേപ്പല്‍ മിഷനിലും സജീവമായി സേവനങ്ങള്‍ ചെയ്തു പോന്നിരുന്ന സൈമണ്‍ കൈപ്പുറം പിതാവിന്റെ അകാല വിയോഗം സഭയുടെ ആത്മീയ-കര്‍മ്മ മേഖലകളില്‍ വലിയ ശൂന്യതയാണ് വരുത്തിവെച്ചിരിക്കുന്നത് എന്ന് അനുസ്മരണ ചടങ്ങില്‍ ഓര്‍മ്മിച്ചു.

സ്റ്റീവനേജ് സീറോ മലബാര്‍ കമ്മ്യുണിറ്റി പിതാവിനോടുള്ള ആദരസൂചമായി പ്രത്യേക പ്രാര്‍ത്ഥനകളും അര്‍പ്പിച്ചു. അപ്പച്ചന്‍ കണ്ണഞ്ചിറ, ജിമ്മി തോമസ്, ബെന്നി ഗോപുരത്തിങ്കല്‍, ജോണി കല്ലടാന്തി, പ്രിന്‍സണ്‍ പാലാട്ടി, ജോയി ഇരുമ്പന്‍, ജേക്കബ് കീഴങ്ങാട്ട് തുടങ്ങിയവര്‍ സൈമണ്‍ പിതാവിനെ അനുസ്മരിച്ചു അനുശോചനം രേഖപ്പെടുത്തി.