ഫാ. ബിജു കുന്നയ്ക്കാട്ട് PRO

എയ്ല്‍സ്ഫോര്‍ഡ്: ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ തീര്‍ത്ഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്ല്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കെന്റിലെ എയ്ല്‍സ്ഫോഡില്‍ ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഒന്നടങ്കമാണ് എത്തിച്ചേരുന്നത്. വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രഥമ തീര്‍ത്ഥാടനം വലിയ ആത്മീയ ഉണര്‍വാണ് രൂപതയിലെ വിശ്വാസസമൂഹത്തിന് സമ്മാനിച്ചത്. ഈ വര്‍ഷവും തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി എട്ടു റീജിയനുകള്‍ കേന്ദ്രീകരിച്ചു വളരെ വിപുലമായ ഒരുക്കങ്ങളാണ് രൂപതാ തലത്തില്‍ നടന്നുവരുന്നത്.

എയ്ല്‍സ്ഫോര്‍ഡിലെ വിശ്വപ്രസിദ്ധമായ ജപമലാരാമത്തിലൂടെ ഉച്ചക്ക് 12 മണിക്കാരംഭിക്കുന്ന ജപമാല പ്രദിക്ഷണത്തോടെ തീര്‍ത്ഥാടനത്തിന്റെ തിരുക്കര്‍മങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വിശ്വാസികള്‍ക്ക് നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്നതിനും, കഴുന്ന്, മുടി എന്നിവ എഴുന്നള്ളിക്കുന്നതിനും, അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനുമുള്ള അവസരം ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 1 . 30 ന് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ രൂപതയിലെ വൈദികര്‍ ചേര്‍ന്ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബാന അര്‍പ്പിക്കും. സ്വര്ഗാരോപിതമാതാവിന്റെ ഗ്രോട്ടോയില്‍ പ്രത്യേകം തയാറാക്കിയ ബലിപീഠത്തിലായിരിക്കും തിരുക്കര്‍മ്മങ്ങള്‍ നടക്കുക. ഉച്ചകഴിഞ്ഞ് 3.30 ന് വിശുദ്ധരുടെയും കര്‍മ്മലമാതാവിന്റെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം നടക്കും. ബ്രിട്ടനിലെ വിവിധ കുര്‍ബാന സെന്ററുകളില്‍ നിന്നും മിഷനുകളിലും നിന്നുള്ള വിശ്വാസികളും ഭക്ത സംഘടനകളും അണിചേരുന്ന വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള പ്രദക്ഷിണം സഭയുടെ തനതായ പാരമ്പര്യം വിളിച്ചോതുന്ന വിശ്വാസപ്രഘോഷണമായി മാറും.

ഇക്കഴിഞ്ഞ ഞായറാഴ്ച ചീഫ് കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. ടോമി എടാട്ടിന്റെ അധ്യക്ഷതയില്‍ എയ്ല്‍സ്ഫോഡില്‍ കൂടിയ മീറ്റിങ്ങില്‍ വിവിധ മിഷന്‍ സെന്ററുകളില്‍ നിന്നുള്ള കമ്മറ്റിയംഗങ്ങള്‍ പങ്കെടുത്തു. തീര്‍ത്ഥാടനത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍മാരായ ഡീക്കന്‍ ജോയ്സ് പള്ളിക്കമ്യാലില്‍, ലിജോ സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികളുടെ മീറ്റിംഗ് നടന്നു. തീര്‍ത്ഥാടനം വലിയൊരു ആത്മീയ അനുഭവമാക്കാന്‍ എല്ലാ കമ്മറ്റികളും അക്ഷീണ പരിശ്രമത്തിലാണ്. തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോച്ചുകളും കാറുകളും പാര്‍ക്ക് ചെയ്യുവാന്‍ പ്രത്യേക പാര്‍ക്കിംഗ് ഗ്രൗണ്ടും പാര്‍ക്കിംഗ് നിയന്ത്രിക്കുവാന്‍ പരിശീലനം ലഭിച്ച വോളണ്ടിയേഴ്സും ഉണ്ടാകും. തീര്‍ത്ഥാടകരെ സ്വീകരിക്കുവാനും ഈ പുണ്യഭൂമിയുടെ വിശുദ്ധി പരിചയപ്പെടുത്താനും പ്രത്യേകമായി നിശ്ചയിച്ചിരിക്കുന്ന വോളണ്ടിയേഴ്‌സിന്റെ സേവനം ഉണ്ടായിരിക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ആരോഗ്യസുരക്ഷ കണക്കിലെടുത്തു അതിനായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുന്നതായിരിക്കും. തീര്‍ത്ഥാടകര്‍ക്കായി മിതമായ നിരക്കില്‍ വിവിധതരം ഭക്ഷണശാലകള്‍ ക്രമീകരിക്കുന്നതായിരിക്കും.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കര്‍മ്മപരിപാടികളില്‍ സുപ്രധാനമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഈ തീര്‍ത്ഥാടനം കാരണമാകും. ശ്രീലങ്കയില്‍ ഭീകരാക്രമണത്തില്‍ അശരണരായവര്‍ക്ക് സഹായമെത്തിക്കാന്‍ ഈ തീര്‍ത്ഥാടനത്തില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും ഉപയോഗിക്കുമെന്ന് രൂപതാധ്യക്ഷന്‍ നേരത്തെ അറിയിച്ചിരുന്നു. ഉത്തരീയ മാതാവിന്റെ പ്രത്യേക സംരക്ഷണത്തില്‍ പ്രശോഭിതവും കര്‍മ്മലസഭയുടെ പിള്ളത്തൊട്ടിലുമായ എയ്ല്‍സ്ഫോര്‍ഡിലേക്ക് വിശ്വാസികളെവരെയും സ്വാഗതം ചെയ്യുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് റവ. ഫാ. ടോമി എടാട്ട് (07438434372), ഡീക്കന്‍ ജോയ്സ് പള്ളിക്കമ്യാലില്‍ (07832374201), ലിജോ സെബാസ്റ്റ്യന്‍ (07828874708) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. തിരുനാള്‍ പ്രസുദേന്തിയാകാന്‍ താല്പര്യമുള്ളവര്‍ അതാതു ഇടവക ട്രസ്ടിമാരുമായി ബന്ധപ്പെടേണ്ടതാണ്.

അഡ്രസ്:
The Friars,
Carmelite Priory,
Aylesford,
Kent, ME20 7BX