ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ആവിഷ്‌കരിച്ച ‘പഞ്ചവത്സര അജപാലന പദ്ധതി’യിലെ ആദ്യവര്‍ഷമായി ആചരിച്ചുവരികയായിരുന്ന ‘കുട്ടികളുടെ വര്‍ഷ’ത്തിന്റെ ഔദ്യോഗിക സമാപനം ഡിസംബര്‍ 1-ാം തിയതി ബര്‍മ്മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചു നടക്കുമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥിയായി ചടങ്ങുകളില്‍ പങ്കെടുക്കും.

എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുമുള്ള 7 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളും മതാധ്യാപകരും ചടങ്ങുകളില്‍ മുഖ്യാപങ്കാളികളായിരിക്കും. വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കുന്ന ഗായകസംഘം വി. കുര്‍ബാനയില്‍ ഗാനങ്ങളാലപിക്കും. ഡേവിഡ് വെല്‍സ്, ഒലാ സെറ്റെയിന്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും രൂപതാ ബൈബിള്‍ കലോത്സവ വിജയികളുടെ കലാപ്രകടനങ്ങളും ചടങ്ങുകള്‍ക്ക് കൊഴുപ്പേകും. അന്നേദിവസം വേദപാഠവും വി. കുര്‍ബാന നടക്കുന്ന സ്ഥലങ്ങളിലെ തിരുകര്‍മ്മങ്ങള്‍ മാറ്റിവെക്കാനും രൂപതാ ഒരുക്കുന്ന ഈ ദിവസത്തില്‍ പങ്കുചേരാനും രൂപതാധ്യക്ഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കുട്ടികളുടെ വര്‍ഷത്തിന്റെ ഔദ്യോഗിക സമാനത്തോടപ്പം യുവജന വര്‍ഷത്തിന്റെ ഔപചാരിക ഉദ്ഘാടനവും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വ്വഹിക്കും. ബര്‍മ്മിംഗ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും സാധിക്കുന്നത്ര കുട്ടികള്‍ വിശ്വാസപരിശീലകരും മാതാപിതാക്കളും ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് രൂപതാധ്യാക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പില്‍ അഭ്യര്‍ത്ഥിച്ചു.