ബെര്‍മിംഗ്ഹാം: ഈശോമിശിഹയാകുന്ന വചനത്തെ അവഗണിക്കുന്നവര്‍ തങ്ങളുടെ നിത്യജീവനെത്തന്നെയാണ് അവഗണിക്കുന്നതെന്നു മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഒരുക്കുന്ന ‘രണ്ടാമത് അഭിഷേകാഗ്‌നി ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്റെ’ ആദ്യ ദിനം കവന്‍ട്രി റീജിയണില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെഹിയോന്‍ മിനിസ്ട്രിസ് ഡയറക്ടര്‍ റെവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ വചന ശുശ്രുഷയ്ക്കു നേതൃത്വം നല്‍കി. ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ആത്മാഭിഷേക ശുശ്രുഷകളില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു അനുഗ്രഹം പ്രാപിച്ചു.

സഹനത്തിലൂടെയാണ് ക്രിസ്ത്യാനികള്‍ മഹത്വം നേടേണ്ടതെന്നു ഫാ. സേവ്യേര്‍ ഖാന്‍ വട്ടായില്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു. ‘ഭൂമിയില്‍ ക്രൂശിതനായ ഈശോയോടു താദാത്മ്യം പ്രാപിക്കുന്നവര്‍ സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തോടാണ് തങ്ങളെ താദാത്മ്യപ്പെടുത്തുന്നത്. തിരുസ്സഭ പരിശുദ്ധാത്മാവിന്റെ വീടാണ്. എല്ലാ നൂറ്റാണ്ടിലും സഭയില്‍ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം പുതിയ പെന്തക്കുസ്താ അനുഭവം നല്‍കി സഭയെ നയിച്ചത് പരിശുദ്ധാത്മാവാണ്. ഓരോ കാലത്തും സഭയെ നയിക്കാനാവശ്യമായ അഭിഷിക്തരെയും പ്രസ്ഥാനങ്ങളെയും പരിശുദ്ധാത്മാവു തരും. തിരുസഭയെ നിരന്തരം നയിക്കുന്നത് പരിശുദ്ധാത്മമാവിന്റെ പ്രവര്‍ത്തനമാണ്. ഒരു മനുഷ്യ വ്യക്തിക്കും സഭയെ നവീകരിക്കാനാവില്ല, അത് ദൈവാത്മാവിനേ സാധിക്കു.’. ഫാ. വട്ടായില്‍ കൂട്ടിച്ചേര്‍ത്തു.

കവന്‍ട്രി റീജിയണില്‍ ശുശ്രുഷ ചെയ്യുന്ന വൈദികര്‍ വി. കുര്‍ബായില്‍ സഹകാര്‍മികരായി. റീജിയണല്‍ ഡയറക്ടര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ സ്വാഗതം ആശംസിച്ചു. കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഫാ. ടെറിന്‍ മുല്ലക്കര, ഡോ. മനോ തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷ ഒരുക്കിയിരുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ എട്ടു റീജിയണുകളിലായി, എട്ടു നഗരങ്ങളില്‍ ഒരുക്കിയിരിക്കുന്ന ഈ ഏകദിന കണ്‍വെന്‍ഷന്റെ രണ്ടാം ദിനം ഇന്ന് സ്‌കോട്‌ലന്‍ഡിലെ മദര്‍ വെല്‍ സിവിക് സെന്ററില്‍ വെച്ച് നടക്കും. രാവിലെ ഒന്‍പതു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് കണ്‍വെന്‍ഷന്‍. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്‍കുകയും ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ വചന ശുശ്രുഷ നയിക്കുകയും ചെയ്യും