സ്റ്റീവനേജ്: വെസ്റ്റ് മിനിസ്റ്റര്‍ ചാപ്ലൈന്‍സിയുടെ കീഴിലുള്ള സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ ജപമാല രാജ്ഞിയുടെ തിരുന്നാളും, ദശ ദിന കൊന്ത സമര്‍പ്പണ സമാപനവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. സ്റ്റിവനേജിലും പ്രാന്തപ്രദേശങ്ങളിലും നിന്നുമായും വന്നെത്തിയ മരിയന്‍ ഭക്തര്‍ക്ക് അനുഗ്രഹ സാഫല്യത്തിന്റെ അനുഭവമായി മാറിയ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലയിന്‍ സെബാസ്റ്റ്യന്‍ ചാമക്കാല അച്ചന്‍ നേതൃത്വം നല്‍കി.

കുര്‍ബ്ബാന മദ്ധ്യേ ചാമക്കാല അച്ചന്‍ നല്‍കിയ തിരുന്നാള്‍ സന്ദേശത്തില്‍ ‘മാനവരാശി, അഹങ്കാരത്തിന്റെയും അധാര്‍മ്മികതയുടെയും ബാബേലുകള്‍ അല്ല, മറിച്ച്
എളിമയുടെയും ദൈവാനുഭവത്തിന്റെയും ബഥേലുകള്‍ ആണ് പണിതുയര്‍ത്തേണ്ടത്. ബാബേല്‍ തകര്‍ന്നടിയും. സമാധാനവും സന്തോഷവും നിത്യരക്ഷയും പ്രദാനം ചെയ്യുന്ന ശാശ്വത വിജയം ആണ് ബഥേല്‍ നല്‍കുക. വിശ്വാസികളുടെ ജീവിത മാതൃകയും മാദ്ധ്യസ്ഥയുമായ പരിശുദ്ധ അമ്മ, ദൈവത്തെ പ്രകീര്‍ത്തിക്കുവാന്‍ മാത്രമാണ് തന്റെ ജീവിതം മാറ്റിവെച്ചത്. സഭാ മക്കളും തങ്ങള്‍ ദൈവ മഹത്വത്തിനുതകുന്ന ജീവിത സാക്ഷികളായി വര്‍ത്തിക്കണമെന്നും’ സെബാസ്റ്റ്യന്‍ അച്ചന്‍ ഓര്‍മ്മിപ്പിച്ചു.

സ്റ്റിവനേജിലെ പാരീഷ് വിശ്വാസി സമൂഹം ഒന്നായി ഏറ്റെടുത്തു നടത്തിയ തിരുനാളില്‍ ജപമാല സമര്‍പ്പണത്തിനും, നൊവേനക്കും ശേഷം കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. സമൂഹ പ്രസുദേന്തി വാഴ്ചക്കു ശേഷം, മാതാവിന്റെ രൂപം വെഞ്ചരിക്കല്‍ കര്‍മ്മം, ആഘോഷമായ തിരുന്നാള്‍ വിശുദ്ധ കുര്‍ബ്ബാന, തിരുന്നാള്‍ സന്ദേശം നല്‍കലും തുടര്‍ന്ന് ലദീഞ്ഞും നടന്നു.

മാതാവിന്റെയും, സഭാ പിതാവായ തോമാശ്ലീഹാ, രൂപതയുടെ മാദ്ധ്യസ്ഥയായ വി. അല്‍ഫോന്‍സാമ്മ, കുടുംബങ്ങളുടെ മദ്ധ്യസ്ഥനായ ചാവറ പിതാവ്, പ്രാര്‍ത്ഥനകളുടെ തോഴിയായ വി. ഏവുപ്രയാസ്യാമ്മ, ദേവാലയ മാദ്ധ്യസ്ഥയായ സെന്റ് ഹില്‍ഡ എന്നീ വിശുദ്ധരുടെയും രൂപങ്ങള്‍ വഹിച്ചു കൊണ്ട്, മുത്തുകുടകളുടെ വര്‍ണ്ണാഭമായ അകമ്പടിയോടെ ലുത്തീനിയ ആലപിച്ചു നടത്തിയ പ്രദക്ഷിണം തദ്ദേശീയരുടെ മുമ്പാകെ സഭാ മക്കളുടെ വിശ്വാസ പ്രഘോഷണ റാലിയായി.

തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം സമാപന ആശീര്‍വാദവും മാതാവിന്റെ രൂപം മുത്തലും, നേര്‍ച്ച വിതരണവും, കഴുന്നെടുക്കലും നടന്നു. ലൂട്ടന്‍ അരുണ്‍,ജോര്‍ജ്ജ് മണിയാങ്കേരി, സൂസന്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളും ചേര്‍ന്ന് നടത്തിയ ഗാന ശുശ്രുഷ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് അവാച്യമായ സ്വര്‍ഗ്ഗീയ അനുഭൂതി പകരുന്നതായിരുന്നു.

കൈക്കാരന്മാരായ സാംസണ്‍, മെല്‍വിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബെന്നി, സജന്‍, അജിമോന്‍, ബോബന്‍, ടെറീന, സിജോ, ജോയി, തോമസ്, ആനി, പ്രിന്‍സണ്‍, ബിജു, കിരണ്‍, റോയീസ്, അപ്പച്ചന്‍ തുടങ്ങിയവര്‍ തിരുന്നാള്‍ ആഘോഷത്തിന് നേതൃത്വം നല്‍കി.

തിരുന്നാള്‍ ആഘോഷത്തെ ഗംഭീരവും, അനുഭവവുമാക്കി മാറ്റിയ ഏവര്‍ക്കും ട്രസ്റ്റി സാംസണ്‍ ജോസഫ് നന്ദി പ്രകാശിപ്പിച്ചു. ആഘോഷം ലളിതമാക്കിക്കൊണ്ട്, പാരീഷ് അംഗങ്ങളുടെ ബാക്കിവന്ന തിരുന്നാള്‍ സമര്‍പ്പണ വിഹിതം കേരളത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള സഹായത്തിനായി സന്നദ്ധ സംഘടനകള്‍ മുഖേന നല്‍കുമെന്ന തിരുന്നാള്‍ കമ്മിറ്റി അറിയിപ്പ് മാതൃകാപരമായി.

വിഭവ സമൃദ്ധമായ സ്‌നേഹ വിരുന്നോടെ ഭക്തിസാന്ദ്രവും ഗംഭീരവുമായ തിരുന്നാള്‍ ആഘോശത്തിനു കൊടിയിറങ്ങി. മാതൃ സാന്നിദ്ധ്യ സാഫല്യ അനുഭവം നേടിയാണ് മാതൃ ഭക്തര്‍ സെന്റ് ഹില്‍ഡാ ദേവാലയം വിട്ടത്.