ശുദ്ധമുള്ള നോമ്പേ സമാധാനത്താലെ വരിക!

ശുദ്ധമുള്ള നോമ്പേ സമാധാനത്താലെ വരിക!
March 10 04:50 2019 Print This Article

ഫാ. ഹാപ്പി ജേക്കബ്

അദ്ധ്യാത്മികമായും സാമൂഹിക പരിവര്‍ത്തനവും ഇന്ന് ആനുകാലികമായി വളരെ പ്രസ്‌ക്തമായ വാക്കുകളാണ്. സഭാ ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഇതിന് വളരെ വലിയ മൂല്യമുണ്ട്. എന്നാല്‍ ഇവ രണ്ടും എത്രമാത്രം നമ്മുടെ സമൂഹത്തെ ഉള്‍കൊണ്ടിട്ടുണ്ട് എന്ന് ചോദിച്ചാല്‍ ഉത്തരം ലഭിക്കുകയില്ല. കാരണം നമ്മുടെ ചിന്തയില്‍ നമുക്ക് വേണ്ട പക്ഷേ മറ്റുള്ളവര്‍ പാലിക്കണമെന്ന് മാത്രമാണ് നാം ഇതിനെക്കുറിച്ച് കരുതിയിട്ടുള്ളത്. വി. ലൂക്കോസ് 5-ാം അധ്യായം 12 മുതല്‍ 16വരെ വാക്യങ്ങളില്‍ ഇവ രണ്ടും നമ്മുടെ കര്‍ത്താവ് പഠിപ്പിച്ചിരിക്കുന്നു. ഭക്ഷണത്തിന് വേണ്ടി യാചിക്കുന്നവരെ കൊല്ലുകയും ദൈവത്തിന് വേണ്ടി സമരം ചെയ്യേണ്ടിവരികയും കാലം മാറ്റിവെച്ച തൊട്ടുകൂടായ്മയും അന്ധവിശ്വാസങ്ങളും തിരികെ വരികയും ചെയ്തിട്ടുണ്ടെങ്കില്‍ നാം മനസിലാക്കുക നാം ഇനിയും മാറേണ്ടിയിരിക്കുന്നു.

കുഷ്ടം നിറഞ്ഞ വ്യക്തിയെ കര്‍ത്താവ് സഖ്യമാക്കുമ്പോള്‍ ഇത് വായിച്ചറിഞ്ഞ ഒരു വേദഭാഗം എന്നതിനേക്കാള്‍ പരിവര്‍ത്തനം വരേണ്ട നമ്മുടെ മനസിനെ ഒന്ന് ഉണര്‍ത്തേണ്ടുന്ന ചിന്ത കൂടിയാണ്. അപലരെയും സാധുവിനെയും വിധവയെയും പരദേശിയെയും ചേര്‍ത്ത് നിര്‍ത്തിയ കര്‍ത്താവ് ഈ നോമ്പ് കാലത്തില്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് നീയും നിന്റെ സമൂഹവും മാറേണ്ടിയിരിക്കുന്നു എന്നാണ്. നാം കാണുന്ന അനുഭവങ്ങള്‍ ദൈവാനുഭവങ്ങളല്ല എന്ന തിരിച്ചറിവ് ഇനിയെങ്കിലും നമുക്ക് ഉണ്ടാകണം. ആര്‍ജിച്ച വിശ്വാസം എന്തേ ആ തിരിച്ചറിവ് നമ്മളില്‍ വരുത്തുന്നില്ല? ഈ നോമ്പ് കാലയളവില്‍ അതിന് ഒരു ഉത്തരം നാം കണ്ടെത്തിയേ മതിയാവുകയുള്ളു.

തന്റെ മുമ്പാകെ കടന്നുവന്ന് യാചിക്കുന്ന കുഷ്ടരോഗിയെ അവന്‍ തൊട്ട് സൗഖ്യമാക്കുന്നു. ഒരു സ്പര്‍ശത്താല്‍ അവന്‍ സൗ്ഖ്യപ്പെടുന്നു. അവന്റെ ജീവിതം തന്നെ മാറ്റിമറിക്കപ്പെടുന്നു. ക്രിസ്തുവിന്റെ അനുയായികളായ നമുക്ക് ഘോരം പ്രസംഗിക്കുവാനും ഉപദേശിക്കുവാനും മടിയില്ല. എന്നാല്‍ ഒരു ചെറുവിരല്‍ കൊണ്ട് പോലും അന്യന്റെ ഭാരം ഒഴിവാക്കാന്‍ കഴിയുന്നില്ല. സ്വാര്‍ത്ഥത മറ്റേതു കാലങ്ങളേക്കാളും ഇന്ന് കൂടുതലായി നമ്മേ ബാധിച്ചിരിക്കുന്നു. ദൈവത്തെപ്പോലും പറ്റിച്ച് ജീവിക്കാമെന്ന ധാരണ എല്ലാ പ്രായക്കാരിലും എല്ലാ ജാതിയിലും പടര്‍ന്നിരിക്കുന്നു. ദൈവത്തെക്കാള്‍ ഉപരിയായി മറ്റെന്തിനെ സ്‌നേഹിച്ചാലും അവന്‍ ദൈവരാജ്യത്തിന് കൊള്ളുന്നവനല്ല എന്ന് നമ്മുടെ കര്‍ത്താവ് നമ്മെ പഠിപ്പിച്ചത് നാം മറന്നുപോയി. ലഭിച്ചിട്ടുള്ള ദൈവകൃപ അത് പോലും സ്വാര്‍ത്ഥതയുടെ വലയില്‍ നാം ആക്കിവെച്ചു. ഇത് മാറ്റുന്നതല്ലേ ആത്മീയ പരിവര്‍ത്തനത്തിന്റെ അടിസ്ഥാനം.

മറ്റൊരു പ്രധാന മാറ്റം വരേണ്ടത് നമ്മുടെ കാപട്യമായ ആത്മീയതയിലാണ്. ഗ്രഹിച്ചറിഞ്ഞല്ലേലും കൈ നീട്ടുന്നവനെ കാണാതെ പോകുന്ന കാപട്യം. ഭക്തി പ്രകടനത്തില്‍ മാത്രം. ദൈവാലയങ്ങള്‍ വിപുലപ്പെടുത്താം, അതില്‍ നിന്ന് ആരാധിക്കുവാന്‍ സത്യ വിശ്വാസികള്‍ എവിടെ? ഭവനങ്ങളില്‍, നമ്മുടെ കുടുബത്തില്‍ പോലും ഈ കാപട്യ മുഖം നാം തിരിച്ചറിഞ്ഞില്ലെങ്കില്‍ നമ്മുടെ ഭാവി എന്താകും?

എല്ലാവരാലും വെറുക്കപ്പെട്ട ഈ രോഗി ദൈവപുത്രനെ കണ്ടെത്തിയതോടെ അവന്റെ രോഗം മാറ്റപ്പെട്ടു. സൗഖ്യം വേണമെന്ന് അവന്‍ ആത്മാര്‍ത്ഥനായി ആഗ്രഹിച്ചു. അവന്റെ ബലഹീനത മാറുവാന്‍ അവന്‍ ദൈവപുത്രനെ അന്വേഷിച്ചു. അവന്റെ സന്നിധി സകലര്‍ക്കും ആശ്വാസമാകുമെന്ന് അവന്‍ വിശ്വസിച്ചു. അവന്‍ സൗഖ്യപ്പെടുകയും ചെയ്തു. ഒരു വാക്കില്‍ സൗഖ്യം നല്‍കാന്‍ നമ്മുടെ കര്‍ത്താവിന് കഴിമെന്നിരിക്കെ അവന്റെ അവസ്ഥയില്‍ അവനെ ചേര്‍ത്തുപിടിക്കുന്ന കര്‍ത്താവ് നമുക്ക് ഒരു പ്രചോദനമാകട്ടെ. രണ്ട് കാര്യങ്ങള്‍ നാം മനസിലാക്കുക. വിശ്വാസത്തോടെ ആത്മാര്‍ത്ഥതയോടെ അവന്റെ മുന്‍പാകെ കടന്നു വന്നാല്‍ നമമ്ുടെ യാചനകളെ അവന്‍ കൈക്കൊണ്ട് നമ്മേയും അവന്‍ ചേര്‍ത്തണയ്ക്കും. രണ്ടാമത് ഒരു ദൗത്യം നാം ഏല്‍ക്കുകയാണ്. ലഭിച്ച അനുഗ്രഹങ്ങളെ പകര്‍ന്ന് കൊടുക്കുവാനും ശിഷ്ടകാലം ദൈവ സാക്ഷികളായി ജീവിക്കുവാനും.

പരിവര്‍ത്തനത്തിന്റെ നാളുകളായ ഈ നോമ്പ് നമ്മെയും നമ്മുടെ ചിന്തകളെയും പരിവര്‍ത്തനപ്പെടുത്തുവാന്‍ നമുക്ക് തുണയാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.സമൂഹം സഭയും ഈ സാക്ഷ്യം നല്‍കുവാന്‍ പര്യാപ്തമാകട്ടെ.

ശുദ്ധമുള്ള നോമ്പേ സമാധാനത്തിലെ വരിക.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles