വാല്‍ത്താംസ്റ്റോയില്‍ ഒരുമിച്ചു പിറന്നത് മൂന്നു മിഷനുകള്‍; ഫാ. ജോസ് അന്തിയാംകുളവും ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയും ഡയറക്ടര്‍മാര്‍; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇന്ന് ഡബ്ലിനില്‍ പാസ്റ്ററല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യും

വാല്‍ത്താംസ്റ്റോയില്‍ ഒരുമിച്ചു പിറന്നത് മൂന്നു മിഷനുകള്‍; ഫാ. ജോസ് അന്തിയാംകുളവും ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയും ഡയറക്ടര്‍മാര്‍; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇന്ന് ഡബ്ലിനില്‍ പാസ്റ്ററല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യും
December 06 04:40 2018 Print This Article

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ

ലണ്ടന്‍: വാല്‍ത്താംസ്റ്റോ ഔര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ്ജ് ദൈവാലയത്തില്‍ തിങ്ങിനിറഞ്ഞ വിശ്വാസസമൂഹത്തെ സാക്ഷിയാക്കി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്ക് പുതിയ മൂന്നു മിഷനുകള്‍ കൂടി പ്രഖ്യാപിച്ചു. ‘ഈസ്‌റ്ഹാമില്‍ സെന്റ് മോനിക്ക’ മിഷനും ഡെന്‍ഹാമില്‍ ‘പരി. ജപമാലരാഞ്ജി’ മിഷനും വാല്‍ത്താംസ്റ്റോയില്‍ ‘സെന്റ് മേരീസ് & ബ്ലെസ്സഡ് കുഞ്ഞച്ചന്‍’ മിഷനുമാണ് ഇന്നലെ രൂപം കൊണ്ടത്. റവ. ഫാ. ജോസ് അന്ത്യാംകുളം, റവ. ഫാ. സെബാസ്‌റ്യന്‍ ചാമകാലാ എന്നിവര്‍ പുതിയ മിഷന്‍ ഡയറക്ടര്‍മാരായും നിയമിക്കപ്പെട്ടു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, റവ. ഫാ. നൈല്‍ ഹാരിങ്ടണ്‍, റവ. ഫാ. നിക്‌സണ്‍ ഗോമസ്, റവ. ഫാ. ഷിജോ ആലപ്പാട്ട്, റവ. ഫാ. ബിനോയി നിലയാറ്റിങ്കല്‍, റവ. ഫാ. തോമസ് മടുക്കമൂട്ടില്‍, റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, റവ. ഫാ. ജോസ് അന്തിയാംകുളം തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.

വൈകിട്ട് ആറു മണിക്ക് ആരംഭിച്ച തിരുക്കര്‍മ്മങ്ങളുടെ തുടക്കത്തില്‍ റവ. ഫാ. ജോസ് അന്തിയാംകുളം സ്വാഗതമാശംസിച്ചു. തുടര്‍ന്ന് നടന്ന മിഷന്‍ മിഷന്‍ നിയമന വിജ്ഞാപന വായനക്ക് റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലാ, റവ. ഫാ. ഷിജോ ആലപ്പാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് തിരിതെളിച്ചു മിഷന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെട്ടു. വി. കുര്‍ബാനയ്ക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. കുര്‍ബാനയുടെ സമാപനത്തില്‍ നിത്യസഹായമാതാവിനോടുള്ള നൊവേനയും എണ്ണ നേര്‍ച്ചയും ആരാധനയും നടത്തപ്പെട്ടു. പരിപാടികളില്‍ പങ്കെടുത്തവര്‍ക്കായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു. മിഷന്‍ ഉദ്ഘാടനത്തിന്റെ തത്സമയസംപ്രേക്ഷണം ലഭ്യമാക്കിയിരുന്നു. ദേവാലയം തിങ്ങിനിറഞ്ഞു വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരാനെത്തി.

അയര്‍ലന്‍ഡിലെ സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തങ്ങള്‍ക്കുള്ള ഡബ്ലിന്‍ അതിരൂപതയുടെ അഗീകാരമായി ലഭിച്ച സെന്റ് തോമസ് പാസ്റ്ററല്‍ സെന്ററിന്റെ ഉദ്ഘാടനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇന്ന് നിര്‍വ്വഹിക്കും. റിയാള്‍ട്ടോ സൗത്ത് സര്‍ക്കുലര്‍ റോഡിലുള്ള Church of our Lady of the Holy Rosary of Fatima പള്ളിയോട് ചേര്‍ന്നാണ് സെന്റ് തോമസ് പാസ്റ്ററല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈകുന്നേരം 4ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നു അഭിവന്ദ്യ പിതാക്കന്മാര്‍ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് സെന്റ് തോമസ് പാസ്റ്ററല്‍ സെന്ററിന്റെ ഉദ്ഘടനവും വെഞ്ചെരിപ്പ് കര്‍മ്മവും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ്പ് ഡെര്‍മട്ട് മാര്‍ട്ടിന്‍, മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. ഉദ്ഘടനത്തിനും കൂദാശ കര്‍മങ്ങളിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ അയര്‍ലന്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായന്‍ അറിയിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles